49കാരന്റെ എക്‌സ്‌റേ ഫലമനുസരിച്ച് ഒന്നര വയസ്സുകാരിക്ക് ചികിത്സ; ആശുപത്രിയില്‍ സംഘര്‍ഷം

Posted on: December 19, 2015 5:49 am | Last updated: December 19, 2015 at 9:50 am

xrayഅമ്പലപ്പുഴ: ഒന്നരവയസ്സുകാരിയുടെ എക്‌സ്‌റേ പരിശോധനാഫലം മാറി നല്‍കി ചികിത്സിച്ചതായി പരാതി. ആശുപത്രിയില്‍ സംഘര്‍ഷം. ആര്യാട് തെക്കേവെളി ഷഫീഖ്-ഷഹന ദമ്പതികളുടെ മകള്‍ ഹാദിയയുടെ എക്‌സ്‌റേ പരിശോധനാഫലമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാറി നല്‍കിയത്.
കടുത്ത പനിയുമായി വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയെ എക്‌സ്‌റെ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഐ സി യുവില്‍ പ്രവേശിപ്പിച്ചു. അരമണിക്കൂറിനുള്ളില്‍ എക്‌സ്‌റെ പരിശോധനാഫലം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള ചികിത്സ നടത്തുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് എക്‌സ്‌റേ മാറിയ വിവരം കുട്ടിയുടെ മാതാവിനോട് പറയുന്നത്.
തുടര്‍ന്ന് എക്‌സ്‌റേയും ഇതിന്റെ ബില്ലും പരിശോധിച്ചപ്പോള്‍ ഒരേ നമ്പര്‍ തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് 49 കാരനായ മറ്റൊരു രോഗിയുടെ എക്‌സ്‌റെയാണെന്നാണ് പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായത്. എന്നാല്‍ കുട്ടിക്ക് ന്യൂമോണിയ ആണെന്നും അതിനാലാണ് ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആര്‍ എം ഒ ചെയര്‍മാനായി അന്വേഷണ കമ്മീഷനെ നിയമിച്ചതായി സൂപ്രണ്ട് അറിയിച്ചു.