നവദമ്പതികളോട് സഹോദരീ സഹോദരന്‍മാരായി ജീവിക്കണമെന്ന് ഖാപ് പഞ്ചായത്ത്

Posted on: December 18, 2015 7:56 pm | Last updated: December 19, 2015 at 1:04 pm

marriageഹരിയാന: മധുവിധുകാലം കഴിയും മുമ്പേ സഹോദരീ സഹോദരന്‍മാരായി ജീവിക്കണമെന്ന് നവദമ്പതികളോട് ഖാപ് പഞ്ചായത്തിന്റെ കല്‍പന. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ സംഗ ഗോത്രത്തില്‍പ്പെട്ട നവീന്‍ കുമാറും ബുറാ ഗോത്രത്തില്‍ പെട്ട ബബിതയും തമ്മിലുള്ള വിവാഹം ഡിസംബര്‍ ആറിനാണ് നടന്നത്. ഗ്രാമപ്രമുഖരടക്കം എല്ലാവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ഇരു ഗോത്രങ്ങളും തമ്മില്‍ വിവാഹബന്ധം പാടില്ലെന്നും സഹോദരങ്ങളായി ജീവിക്കണമെന്നുമുള്ള കല്‍പനയുമായി ഖാപ് പഞ്ചായത്ത് രംഗത്തെത്തിയിരിക്കുന്നത്.

ഉത്തരവ് ലംഘിച്ചാല്‍ ഗോത്രത്തില്‍ നിന്ന് വരന്റെ കുടുംബത്തെ വിലക്കുമെന്ന് ഭീഷണിയുമുണ്ട്. എന്നാല്‍ ഈ ഗ്രാമങ്ങള്‍ തമ്മില്‍ സാഹോദര്യബന്ധം ഇല്ലെന്നും ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് വിവാഹദിനത്തില്‍ ഇവരാരും പ്രതിഷേധിച്ചില്ലയെന്നുമാണ് വരന്റെ അച്ഛന്‍ ബല്‍വന്ത് സിംഗ് ചോദിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുവാഹത്തില്‍ ഓഡിറ്ററായി ജോലിചെയ്യുകയാണ് നവീന്‍. ഗ്രാമത്തിലെ കോ-ഓപ്പറേറ്റീവ് ബാങ്കിലെ മാനേജരാണ് ബബിത. തന്നെയും കുടുംബത്തെയും അപകീര്‍്ത്തിപ്പെടുത്തിയതിന് പഞ്ചായത്തിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് നവീന്‍. അതേസമയം പെണ്‍കുട്ടി ഗോറ ഗോത്രക്കാരിയാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് ബല്‍വന്ത് മകനെക്കൊണ്ട് അവളെ വിവാഹം ചെയ്യിപ്പിച്ചതെന്നാണ് ഗോത്രത്തലവന്റെ വാദം.