കത്ത് വിവാദം പുകയുന്നു; കത്തില്ലെന്ന് ചെന്നിത്തല പറഞ്ഞിട്ടുണ്ട്: ഉമ്മന്‍ചാണ്ടി; അന്വേഷണം വേണമെന്ന് സുധീരന്‍

Posted on: December 18, 2015 11:34 am | Last updated: December 18, 2015 at 5:16 pm

oommenchandy-sudheeran-chennithalaതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്ത് നല്‍കിയ വിവാദം കോണ്‍ഗ്രസില്‍ പുകയുന്നു. കത്ത് തന്റേതല്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയ സാഹചര്യത്തില്‍ ആരുടേതെന്ന് മനസ്സിലാക്കാന്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഇകെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ അധ്യക്ഷന്‍ വി എം സുധീരന്‍ ആവശ്യപ്പെട്ടു. താന്‍ അങ്ങനെയൊരു കത്ത് നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല യോഗത്തിലും വ്യക്തമാക്കിയതോടെയാണ് സുധീരന്റെ ആവശ്യം. കത്ത് പുറത്തുവന്നതോടെ മാധ്യമ ചര്‍ച്ചകളില്‍ കത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ച നേതാക്കള്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശമുണ്ടായി.കത്ത് ആരുടേതെന്ന് മനസ്സിലാക്കാന്‍ താന്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അന്വേഷണം ആരംഭിച്ചതായി ചെന്നിത്തല യോഗത്തെ അറിയിച്ചു.
കത്ത് നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തില്‍ ഉടലെടുത്ത പുതിയ ഭിന്നതകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര നേതൃത്വം ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. ശക്തമായ വിഭാഗീയതയിലേക്ക് പാര്‍ട്ടി നീങ്ങുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ സംഘടന സര്‍ക്കാര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നത്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നേതൃമാറ്റം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയെന്ന വാര്‍ത്തവന്ന സാഹചര്യത്തിലാണ് ഇടപെടല്‍.
ഇതിന്റെ ഭാഗമായി കേരളത്തിലെ നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെയാണ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

ഈ മാസം 22ന് ഡല്‍ഹിയില്‍ എത്താനാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അന്ന് ഡല്‍ഹിയില്‍ ഉണ്ടായിരിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോടും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ എ കെ ആന്റണിയുടെയും മുകുള്‍ വാസ്‌നിക്കിന്റെയും സാന്നിധ്യത്തിലായിരിക്കും കൂടിക്കാഴ്ച.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന് കാരണം സംസ്ഥാനത്തെ ഭരണ നേതൃത്വത്തിന്റെ കഴിവുകേടാണെന്ന രൂക്ഷ വിമര്‍ശമുന്നയിച്ചാണ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ചത്. ചെന്നിത്തല കത്തയച്ചതായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഇക്കണോമിക് ടൈംസില്‍ വന്ന റിപ്പോര്‍ട്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറക്കുമെന്ന് ഉറപ്പായി. താന്‍ കത്തയിച്ചിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയെങ്കിലും വിവാദം അവസാനിക്കില്ലെന്നാണ് സുധീരന്റെ ഇന്നത്തെ നിലപാട് വ്യക്തമാക്കുന്നത്. കത്ത് വിവാദത്തില്‍ യോഗത്തില്‍ ചര്‍ച്ച വേണ്ടെന്ന നിലപാടില്‍ എ, ഐ ഗ്രൂപ്പുകള്‍ നില്‍ക്കുമ്പോഴാണ് സുധീരന്റെ ഇടപെടല്‍.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പാടേ തകര്‍ന്നുവെന്നും സംസ്ഥാന സര്‍ക്കാറിന്റെ മോശം ഭരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിച്ചെന്നും കത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടിലുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ സര്‍ക്കാറിനും പങ്കുണ്ട്. ഹിന്ദുക്കള്‍ മുഴുവനും യു ഡി എഫിനെതിരായാണ് വോട്ട് ചെയ്തത്. ന്യൂനപക്ഷത്തിന് സര്‍ക്കാറിലുള്ള മേല്‍ക്കോയ്മയാണ് കാരണമെന്നും നവംബറില്‍ അയച്ച കത്തില്‍ ചെന്നിത്തല പറയുന്നുണ്ട്. കഴിഞ്ഞ മാസം ചെന്നിത്തല നടത്തിയ ഡല്‍ഹി യാത്രയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ നേരിട്ടുകണ്ടും ഇക്കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പക്ഷപാതിത്വവും ഏകാധിപത്യ പ്രവണതയും ജനങ്ങളെ കോണ്‍ഗ്രസില്‍ നിന്നും യു ഡി എഫില്‍ നിന്നും അകറ്റിയെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ബി ജെ പിയുടെ വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് കത്ത്. ബി ജെ പിയുടെ വളര്‍ച്ചയില്‍ ശക്തമായ പഠനവും വിശകലനവും ആവശ്യമാണ്. തിരുവനന്തപുരത്ത് രണ്ടാമത്തെ വന്‍ശക്തിയായി അവര്‍ വളര്‍ന്നു കഴിഞ്ഞു. മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ബി ജെ പി അക്കൗണ്ട് തുറന്നു. കോണ്‍ഗ്രസിന് ശക്തമായ പിന്തുണ നല്‍കിയിരുന്നത് നായര്‍ വിഭാഗമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവര്‍ ബി ജെ പിയെയും എല്‍ ഡി എഫിനെയുമാണ് പിന്തുണക്കുന്നത്. ഈഴവ വിഭാഗം നിലവില്‍ ബി ജെ പിയുമായി കൈകോര്‍ത്തിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകണമെങ്കില്‍ വിശദമായ വിലയിരുത്തല്‍ ആവശ്യമാണ്. തെറ്റുകള്‍ തിരുത്തണം. തദ്ദേശ തിരഞ്ഞെടുപ്പിനു വേണ്ടി പാര്‍ട്ടി ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. വിമത സ്ഥാനാര്‍ഥികളെ അനുനയിപ്പിക്കുന്നതിനും നടപടികളെടുക്കുന്നതിനും തയാറായിരുന്നില്ലെന്നും കത്തില്‍ പറയുന്നു.

അതേസമയം, നേതാക്കളുടെ ഡല്‍ഹി യാത്ര മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഇന്നലെ പറഞ്ഞിരുന്നു. താനുള്‍പ്പടെയുള്ളവരുടെ ഡല്‍ഹി യാത്ര അസാധാരണ സംഭവങ്ങളുടെ പേരില്‍ തീരുമാനിച്ചതല്ലെന്നും തങ്ങളുടെ ഡല്‍ഹി യാത്ര സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്നവാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സുധീരന്‍ പറഞ്ഞു.