Connect with us

National

ട്രെയിന്‍ സമയം അനുസരിച്ച് ഓഫീസ് സമയം മാറ്റിക്കൂടേ?

Published

|

Last Updated

മുംബൈ: നിങ്ങള്‍ മുംബൈയിലാണോ ജോലിചെയ്യുന്നത്? സബര്‍ബന്‍ ലോക്കല്‍ ട്രെയിനിലാണോ ഓഫീസില്‍ എത്തുന്നത്? ഓഫീസില്‍ സ്ഥിരമായി വൈകിയെത്തുന്നവര്‍ക്ക് ആശ്വസിക്കാന്‍ ഇതാ ഒരു കോടതി നിര്‍ദേശം. ട്രെയിനിലെ തിരക്ക് ഒഴിവാക്കാന്‍ വേണ്ടി ഓഫീസ് സമയം പുനഃക്രമീകരിക്കുന്നത് പരിഹരിച്ചുകൂടേ എന്ന് മുംബൈ ഹൈക്കോടതി മഹാരാഷ്ട്രാ സര്‍ക്കാറിനോട് ചോദിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിനുകളില്‍ പ്രത്യേക കംപാര്‍ട്ട്‌മെന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എ ബി ടക്കര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണക്കവെയാണ് കോടതി സര്‍ക്കാറിനോടും റെയില്‍വേ വകുപ്പിനോടും അഭിപ്രായം തേടിയത്. ട്രെയിനില്‍ കയറുന്ന ഭാഗത്തുള്ള ഇരുമ്പ് കൈപ്പിടിയില്‍ വഴുതി യാത്രക്കാര്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍, അതില്‍ റബ്ബര്‍ ഉറ പിടിപ്പിക്കണമെന്നും ജസ്റ്റിസ് നരേഷ് പാടീല്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന പൗരന്മാരുടെ സൗകര്യം കണക്കിലെടുത്ത് അവര്‍ക്ക് എളുപ്പം കയറാന്‍ പറ്റുന്ന കോച്ചുകള്‍ ഒരുക്കണമെന്നും എല്ലാ സബര്‍ബന്‍ ട്രെയിനുകളിലും അവര്‍ക്ക് 14 സീറ്റുകള്‍ വീതം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുവെച്ച് പരീക്ഷണ ഓട്ടം നടത്തണമെന്നും നിര്‍ദേശമുണ്ട്.
സബര്‍ബന്‍ റൂട്ടുകളില്‍ ഡബിള്‍ ഡക്കര്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് റെയില്‍വേ വകുപ്പ് നേരത്തേ തന്നെ കോടതിയെ അറിയിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാരുടെ സീറ്റുകള്‍ വ്യക്തമാക്കുന്ന രീതിയില്‍ ട്രെയിനുകളുടെ പ്രവേശന ഭാഗത്തുതന്നെ സൂചകങ്ങള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Latest