അറബിക് സര്‍വകലാശാല; സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ് എസ് എഫ് ഭാഷാ സെമിനാര്‍

Posted on: December 18, 2015 5:25 am | Last updated: December 18, 2015 at 12:26 am

തിരുവനന്തപുരം: ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് താത്പര്യമുള്ള സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെങ്കില്‍ അറബിക് സര്‍വകലാശാല വിഷയത്തിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആറ്റിങ്ങല്‍ ലൈബ്രൈറി ഹാളില്‍ സംഘടിപ്പിച്ച ”ഭാഷ: മതമല്ല, മാധ്യമമാണ്” പ്രമേയത്തിലുള്ള സെമിനാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിന് ഇനിയും സന്നദ്ധമല്ലെങ്കില്‍ നിരുത്തരവാദ സമീപനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരും. അറബിക് സര്‍വകലാശാലയെന്ന ആവശ്യം വര്‍ഗീയമാണെന്ന് മുദ്രയടിക്കുന്നതിനുള്ള നീക്കങ്ങളെ ജനാധിപത്യമായി തന്നെ നേരിടാന്‍ കഴിയുമെന്നിരിക്കെ സര്‍ക്കാര്‍ കൈക്കൊണ്ട മെല്ലപ്പോക്ക് നയം നീതീകരിക്കാനാവില്ല. ഭാഷക്കകത്തും വെറുപ്പിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്നവരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോല്‍പ്പിക്കണം
അറബി ഭാഷ സംസാരിക്കുന്നത് മുസ്‌ലികള്‍ മാത്രമല്ല. അശയ വിനിമയോപാധി എന്നതിനപ്പുറം നമ്മുടെ വൈജ്ഞാനിക ശാഖയെ സമ്പന്നമാക്കിയതില്‍ അറബി ഭാഷ വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. ഒരു പ്രദേശത്തോ ഒരു സമുദായത്തിനകത്തോ പരിമിതപ്പെടുന്നതല്ല അറബി ഭാഷയുടെ വ്യവഹാര മണ്ഡലം. അറബ് കൃതികളില്‍ നിന്നുള്ള വിജ്ഞാന വെളിച്ചമാണ് യൂറോപ്പിനെപ്പോലും ധൈഷണിക മുന്നേറ്റത്തിന്റെ സ്രോതസായി വര്‍ത്തിച്ചത്. ആ നിലക്ക് അറബി ഭാഷയെ കേവലം സാമുദായിക ഭാഷയായി കരുതുന്നവരും അതിന് കൈയൊപ്പ് ചാര്‍ത്തുന്നവരും ചരിത്രപരമായ അജ്ഞത വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. വൈജ്ഞാനിക മുന്നേറ്റത്തിന് തടയിടുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊതു സമൂഹം കരുതിയിരിക്കണമെന്നും സെമിനാര്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി വിഷയാവതരണം നടത്തി. ഡോ. നൂറുദ്ദീന്‍ റാസി സ്വാഗതവും മുഹമ്മദ് ശാഫി നന്ദിയും പറഞ്ഞു.