Connect with us

Palakkad

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വേറിട്ട സമരവുമായി ഒ കെ സൈതലവി വി ടി മുഹമ്മദാലി

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശേരിയിലെയും പരിസര പ്രദേശങ്ങളിലെയും റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ഒ കെ സൈതലവി നടത്തിയ പ്രതീകാത്മക സമരം ശ്രദ്ധേയമായി. ഇന്നലെ ഉച്ചക്കാണ് തൂതയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ചെര്‍പ്പുളശേരി- പാലക്കാട് റൂട്ടില്‍ ഓടുന്ന ബസ് ജീവനക്കാരന്‍ കോങ്ങാട് സ്വദേശി രതീഷ്(24) യുവാവ് കുളക്കാട് മാവിന്‍ ചുവട് വെച്ച് ബസില്‍ നിന്ന് തെറിച്ച് വീണ് നല്ലെട്ടല്ല് തകര്‍ന്നു. മങ്ങോട് സ്വകാര്യാശുപത്രിയില്‍ കൊണ്ട് വന്നിരുന്നു. അപകടം ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണയിലേക്ക് മാറ്റി.
വീരമംഗലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകസമിതിയുടെ ആംബുലന്‍സില്‍ ഇവിടെ നിന്ന് ഒ കെ സൈതലവി ഇയാളെയും വഹിച്ച് പെരിന്തല്‍മണ്ണയിലേക്ക് കുതിച്ചു. എന്നാല്‍ ഹെല്‍ത്ത് സെന്റര്‍ മുതല്‍ തൂതവരെയുള്ള സ്ഥലത്തെ റോഡിലെ കുഴിയില്‍ ആംബുലന്‍സ് ചാടുന്നത് മൂലം രോഗി കിടന്ന് വേദന കൊണ്ട്പുളയുന്നത് കണ്ട സൈതലവി ഇടപെടാന്‍ തീരുമാനിക്കുകയായിരുന്നു. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തിരിച്ചുവന്ന് തൂതയില്‍ എത്തി നാട്ടുകാരും സംഘടിപ്പിച്ചു. ആംബുലന്‍സ് റോഡില്‍ കുറുകെ ഇട്ട് റോഡില്‍ കിടന്ന് ഗതാഗതം തടഞ്ഞ് പ്രതീകാത്മക ശയനം നടത്തി അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പും ശ്രീകൃഷ്ണപുരം വമ്പിരിമംഗലം സ്വദേശിനിയായ ജാനകി ബൈക്കില്‍ നിന്ന് വീണ് തല പൊട്ടി പരുക്ക് പറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുമ്പോഴും ഈ ദുര്‍ഘടം പിടിച്ച റോഡിലൂടെ പോകുമ്പോള്‍ രോഗികള്‍ വേദന കൊണ്ട് പുളയുകയായിരുന്നു. കുഴികള്‍ നിറഞ്ഞ റോഡിലൂടെ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ പത്ത് മിനുട്ടെങ്കിലും വേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് ഒഴിവാക്കാനും ഇത്രയും ഭാഗം എത്രയും പെട്ടെന്ന് പണിയെടുത്ത് യാത്ര എളുപ്പമാക്കാനും അധികൃതര്‍ ശ്രമിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് സൈതലവി സമരം നടത്തിയത്.
പതിനഞ്ച് മിനുട്ട് റോഡില്‍ കിടന്ന് ജനങ്ങളെ സംഘടിപ്പിച്ച് സമരം സന്ദേശം കൈമാറിയാണ് സൈതലവി മടങ്ങിയത്. നേരത്തെയും ഇത്തരം സമരങ്ങള്‍ നടത്തി സൈതലവി അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. നാട്ടുകാരുടെ കറന്റ് ബില്‍ ഓഫീസിലെത്തിച്ചും അശരണരായ രോഗികളെ ഏറ്റെടുത്ത് ആശുപത്രികളിലെത്തിച്ചും ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമാണ് വീരമംഗലം പൊതുപ്രവര്‍ത്തക സമിതി ചെയര്‍മാന്‍കൂടിയായ ഒ കെ സൈതലവി.
ഇദ്ദേഹം തൃക്കടീരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമാണ്.

Latest