മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വാഹനം കത്തിനശിച്ച നിലയില്‍

Posted on: December 17, 2015 10:31 am | Last updated: December 17, 2015 at 10:31 am

മാനന്തവാടി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വാഹനം കത്തി നശിച്ച നിലയില്‍.
പയ്യമ്പള്ളി തോട്ടുങ്കല്‍ വിപിന്‍ വേണുഗോപാലിന്റെ കെ എല്‍ 72 എ 72 ബൊലേറോയാണ് ദുരൂഹ സാഹചര്യത്തില്‍ കത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പയ്യമ്പള്ളി പൂവന്‍കവലയില്‍ വെച്ച ഈ വാഹനം സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനം സമീപത്തെ വീടിന്റെ മുറ്റത്താണ് നിര്‍ത്തിയിട്ടിരുന്നത്. ഈ വാഹനമാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ കത്തിയത്. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചെങ്കിലും എട്ടുമാസം മുമ്പ് വാങ്ങിയ വാഹനം പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. സംഭവ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. മാനന്തവാടി സി ഐ കെ കെ അബ്ദുല്‍ ശരീഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. വിപിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട വിപിന്‍ ഡി സി സി ജനറല്‍ സെക്രട്ടറി പി വി ജോണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വന മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. കെ പി സി സി അന്വേഷണ കമ്മീഷന് മുമ്പാകെ ഡി സി സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതിയും നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം.