പോക്‌സോ: ഇരകളുടെ മാനസാന്തരം പ്രതികള്‍ക്ക് രക്ഷയാകുന്നു

Posted on: December 17, 2015 10:26 am | Last updated: December 17, 2015 at 10:26 am

മഞ്ചേരി: മാനഭംഗത്തിനിരയാകുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ മാനസാന്തരം കുറ്റവാളികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ കളമൊരുക്കുന്നു.
വിദ്യാലയങ്ങളില്‍ നിന്നും മറ്റും മുതിര്‍ന്നവരുടെ പീഡനത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണത്തിനായി 2012ല്‍ പ്രത്യേകം നടപ്പിലാക്കിയ നിയമമാണ് ദി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ് ആക്ട് (പോക്‌സോ). മുതിര്‍ന്നവരുടെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള പ്രത്യേക നിയമമാണിത്.
ഇതു പ്രകാരം ജീവപര്യന്തം കഠിന തടവുശിക്ഷ വരെ ലഭിക്കാം. നൂറ്റമ്പതു വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23, 354 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നേരത്തെ കേസെടുത്തിരുന്നത്. പീഡന വിവരം അറിഞ്ഞയുടന്‍ പോലീസ് ഈ പുതിയ വകുപ്പ് ചാര്‍ത്തി കേസെടുക്കണമെന്നാണ് ചട്ടം. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കുകയും വേണം. കേസ് രജിസ്റ്റര്‍ ചെയ്യാത്ത എസ് ഐയെ കോടതിക്ക് ആറുമാസത്തെ തടവു വരെ ശിക്ഷിക്കാം. കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം പരാതിക്കാരന് കൈമാറണമെന്നും വ്യവസ്ഥയുണ്ട്.
എസ് ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം കേസെടുക്കേണ്ടത്. വീടിനകത്തുള്ള സംഭവങ്ങള്‍ മറച്ചുവെക്കുന്ന ഉത്തരവാദപ്പെട്ടവര്‍ക്കും ഈ വകുപ്പനുസരിച്ച് ആറുമാസം ശിക്ഷ ലഭിക്കാം. ഏറെ സങ്കീര്‍ണമായ ഈ നിയമത്തിലും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഏറെ പഴുതുകളും സാഹചര്യങ്ങളുമുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, അങ്കണ്‍വാടി പ്രവര്‍ത്തകര്‍ എന്നിവരിലൂടെയാണ് പലപ്പോഴും പീഡന വിവരം പോലീസിലെത്തുന്നത്. പോലീസെത്തി മൊഴിയെടുക്കുന്നതോടെ രജിസ്റ്ററാകുന്ന കേസ് കോടതിയില്‍ മാസങ്ങളോളം നീളുന്നു. കോടതിയുടെ അപര്യാപ്ത നടപടി ക്രമങ്ങള്‍ വര്‍ഷങ്ങളോളം വൈകിക്കുമ്പോള്‍ പീഡനത്തിനിരയായ കുട്ടികള്‍ വലുതാകുന്നു. പെണ്‍കുട്ടികള്‍ വിവാഹ പ്രായമെത്തുന്നതോടെ കേസ് മുന്നോട്ടു കൊണ്ടുപോകുന്നത് ഭാവി ജീവിതത്തെ ബാധിക്കുമെന്ന് കണ്ട് രക്ഷിതാക്കള്‍ പിന്നോട്ട് വലിയുന്നു.
ഇരു വിഭാഗം അഭിഭാകരും കോടതിക്കു പുറത്തു വെച്ച് കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് മുന്‍കൈ എടുക്കുന്നു. ഇതിനായി പല അഭിഭാഷകരും വന്‍ തുകയാണ് പ്രതിയില്‍ നിന്ന് ഈടാക്കുന്നത്.
ജില്ലയില്‍ കുട്ടികള്‍ പീഡനത്തിനിരയായ എഴുനൂറോളം കേസുകളാണ് മഞ്ചേരി പോക്‌സോ പ്രത്യേക കോടതിയില്‍ നിലവിലുള്ളത്. കേസുകളില്‍ 95 ശതമാനവും പരാതിക്കാരുടെ മനംമാറ്റം മൂലം തള്ളി പോകുകയാണ്. ഇത് പ്രതികള്‍ രക്ഷപ്പെടാനും പൊതുജനത്തിന് നിയമ വ്യവസ്ഥയില്‍ നിന്നുള്ള സംരക്ഷണ ബോധം നഷ്ടപ്പെടാനും ഇടയാക്കുന്നു.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങള്‍, കൊലപാതകം, ബലാത്സംഗം, പീഡനം എന്നീ കേസുകളില്‍ തുടക്കത്തില്‍ കാണുന്ന അന്വേഷണ ത്വര പോലീസ് പിന്നീട് കാണിക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ്. രാഷ്ട്രീയ ഇടപെടലുകളും സമ്മര്‍ദ്ദങ്ങളുമാണ് കാരണം.
കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ എടയൂര്‍ ചേനാടംകുളമ്പ് ക്വാറിയില്‍ കൊല്ലപ്പെട്ട ചോലശ്ശേരി സാജിത(32)യുടെ ഘാതകരെ ഒരു മാസമായിട്ടും പോലീസിന് പിടികൂടാനായിട്ടില്ല. കൊണ്ടോട്ടി കുഴിമണ്ണയില്‍ ഭര്‍ത്താവിനെ കത്തി മുനയില്‍ നിര്‍ത്തി ഭാര്യയെ ബലാത്സംഗം ചെയ്ത കേസിലും സ്ഥിതി മറ്റൊന്നല്ല. സമാനമായ നിരവധി സംഭവങ്ങളാണ് ജില്ലയില്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.