മതനിരപേക്ഷതയുടെ തകര്‍ച്ചയെ അസഹിഷ്ണുത എന്ന വാക്കിലൊതുക്കരുത്: കെ ഇ എന്‍

Posted on: December 17, 2015 10:24 am | Last updated: December 17, 2015 at 10:24 am

കോഴിക്കോട്: ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും തകര്‍ച്ചയെ അസഹിഷ്ണുത എന്ന വാക്കിലൊതുക്കരുതെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. കെ പി കേശവമേനോന്‍ ഹാളില്‍ സി എം പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘അസഹിഷ്ണുതക്കെതിരെ മാനവ സൗഹാര്‍ദം’ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റ് സംഘടനകളുടെ സമാന്തര സൈനികവത്കരണം രാജ്യത്ത് ശക്തിപ്പെടുകയാണ്. അസഹിഷ്ണുതയുടെ പ്രധാന ഉറവിടം ഇത്തരം സമാന്തര സംഘങ്ങളാണ്. ഫാസിസ്റ്റ് ഭീകരതക്കെതിരെ എഴുത്തുകാരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയില്‍ നിന്നാണ് ശക്തമായ പ്രതികരണങ്ങളുണ്ടായത്. രാജ്യത്തെ മതേതര പുരോഗമന പ്രസ്ഥാനങ്ങള്‍ പലപ്പോഴും ഗൗരവതരമായ ഇടപെടലുകള്‍ നടത്തിയില്ലെന്നും കെ ഇ എന്‍ പറഞ്ഞു.
സി എം പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ വിജയകൃഷ്ണന്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ഡോ. എം ആസാദ്, ബി ജെ പി നേതാവ് ടി പി ജയചന്ദ്രന്‍, ജി നാരായണന്‍കുട്ടി, ചന്ദ്രമോഹന്‍, അഷ്‌റഫ് മണക്കടവ് പങ്കെടുത്തു.