ഹിന്ദി അറിയാം; പ്രസംഗം കേള്‍ക്കാത്തതിനാല്‍ പിന്‍മാറുകയായിരുന്നു: കെ സുരേന്ദ്രന്‍

Posted on: December 16, 2015 10:29 am | Last updated: December 16, 2015 at 10:31 am

modi-speechകോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തര്‍ജമ നടത്തിയതുമായി ബന്ധപ്പട്ട വിവാദത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ തന്നെ തെറ്റ് മനസ്സിലാകുകയും ചെയ്തു. തുടര്‍ന്ന് സ്റ്റാന്‍ഡ് അടുത്തേക്ക് നീക്കാന്‍ മോദി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ സ്വമേധയാ മൈക്ക് വി മുരളീധരന് നല്‍കുകയായിരുന്നു. മുന്‍പ് തിരുവനന്തപുരത്തും കാസര്‍കോടും മോദി വന്നപ്പോള്‍ അദ്ദേഹത്തിന്‌റെ പ്രസംഗം തര്‍ജമ ചെയ്തത് താന്‍ ആയിരുന്നു. പിന്നീട് അമിത് ഷാ പാലക്കാട് വന്നപ്പോഴും താന്‍ തന്നെയായിരുന്നു തര്‍ജമ നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മോദി തന്നെ ശാസിച്ചു ഇറക്കിവിട്ടു എന്ന രീതിയിലുള്ള പ്രചാരണം ശരിയല്ല. ആര്‍ക്കും പറ്റാവുന്ന തെറ്റാണ് അവിടെ സംഭവിച്ചത്. സോഷ്യല്‍ മീഡിയയില്‍ തന്നെ അടിക്കാന്‍ വടി കിട്ടുമ്പോള്‍ അത് ഉപയോഗിക്കുകയാണ്. ആരും വിമര്‍ശനത്തിനതീതരല്ല. രാഷ്ട്രീയ പ്രവര്‍ത്തനമാകുമ്പോള്‍ ഇതെല്ലാം സ്വാഭാവികമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.