ധോണി പൂനെയില്‍, റെയ്‌ന രാജ്‌കോട്ടില്‍

Posted on: December 16, 2015 5:55 am | Last updated: December 15, 2015 at 11:57 pm

M_Id_216651_Dhoni-Rainaന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) ക്രിക്കറ്റില്‍ പുറത്താക്കപ്പെട്ട ടീമുകള്‍ക്ക് പകരമെത്തിയ പൂനെ ഫ്രാഞ്ചൈസിയും രാജ്‌കോട്ട് ഫ്രാഞ്ചൈസിയും ആദ്യ താരലേലത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍ നായകനുമായ മഹേന്ദ്ര സിംഗ് ധോണിയെ പൂനെ ആദ്യ അവസരത്തില്‍ തന്നെ സ്വന്തമാക്കിയപ്പോള്‍ രാജ്‌കോട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സൂപ്പര്‍ ആള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ ആദ്യ താരമായി ടീമിലെത്തിച്ചു. ആദ്യം തിരഞ്ഞെടുക്കുന്ന താരങ്ങള്‍ക്ക് പന്ത്രണ്ടര കോടിയാണ് അടിസ്ഥാനവില. രണ്ടാമത്തെ താരത്തിന് ഒമ്പതരക്കോടിയും മൂന്നാമത്തെ താരത്തിന് ഏഴരക്കോടിയും നാലാമത്തെ താരത്തിന് അഞ്ചരക്കോടിയും അഞ്ചാമത്തെ താരത്തിന് നാല്‌കോടിയുമാണ് അടിസ്ഥാന വില.
കൊല്‍ക്കത്ത കേന്ദ്രീകരിച്ചുള്ള വ്യാപാരപ്രമുഖന്‍ സഞ്ജീവ് ഗോയങ്കയുടെ ന്യൂ റൈസിംഗ് സ്ഥാപനത്തിനാണ് പൂനെ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം. മൊബൈല്‍ നിര്‍മാതാക്കളായ ഇന്റെക്‌സ് ടെക്‌നോളജീസിന്റെ ഉടമ കേശവ് ബന്‍സാലാണ് രാജ്‌കോട്ട് ഫ്രാഞ്ചൈസിയില്‍ നിക്ഷേപമിറക്കിയത്. ഫ്രാഞ്ചൈസി ലേലത്തില്‍ ഇന്റെക്‌സിനേക്കാള്‍ കുറഞ്ഞ തുകക്ക് ഫ്രാഞ്ചൈസി സ്വന്തമാക്കിയ ന്യൂ റൈസിംഗിനാണ് ലേലത്തില്‍ ആദ്യം താരത്തെ വിളിച്ചെടുക്കാനുള്ള അവകാശം ലഭിച്ചത്. പൂനെ ധോണിയെ വിളിച്ചപ്പോള്‍ രാജ്‌കോട്ട് സുരേഷ് റെയ്‌നയെ വിളിച്ചെടുത്തു. അജിങ്ക്യ രഹാനെ പൂനെയിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജയെ രാജ്‌കോട്ട് ഫ്രാഞ്ചൈസിയും വിളിച്ചു. പൂനെയുടെ മൂന്നാം താരം രവിചന്ദ്രന്‍ അശ്വിനാണ്. രാജ്‌കോട്ട് മൂന്നാം താരമായി ടീമിലെത്തിച്ചത് വിദേശിയായ ബ്രെണ്ടന്‍ മെക്കല്ലത്ത. പൂനെ നാലാം അവസരത്തില്‍ സ്റ്റീവന്‍ സ്മിത്തിനെ ടീമിലെത്തിച്ചപ്പോള്‍ രാജ്‌കോട്ട് ജെയിംസ് ഫോക്‌നറെ സ്വന്തമാക്കി. അവസാന അവസരത്തില്‍ പൂനെ ഡുപ്ലെസിസിനെയും രാജ്‌കോട്ട് ഡ്വെയിന്‍ബ്രാവോയെയും സ്വന്തമാക്കി.
ക്യാപ്റ്റന്‍ സ്ഥാനം ആര്‍ക്ക് ?
പൂനെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ ആരെന്നതിന് മറ്റൊരു ഉത്തരമില്ല. മഹേന്ദ്ര സിംഗ് ധോണി തന്നെ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എട്ട് ഐ പി എല്ലുകളില്‍ നയിച്ച ധോണി ഇന്ത്യക്ക് രണ്ട് ലോകകിരീടങ്ങള്‍ നേടിത്തന്നു. ഈ നേതൃത്വഗുണം മുതലെടുക്കുകയാണ് പൂനെയുടെ ലക്ഷ്യം.
രാജ്‌കോട്ട് ഫ്രാഞ്ചൈസിക്ക് മുന്നില്‍ രണ്ട് നായകന്‍മാരുണ്ട്. സുരേഷ് റെയ്‌നയും ബ്രെണ്ടന്‍ മെക്കല്ലവും. ഐ പി എല്ലില്‍ ഇതുവരെയുള്ള എല്ലാ മത്സരവും കളിച്ചെന്ന റെക്കോര്‍ഡുമായി റെയ്‌ന ഒരു പടി മുന്നില്‍ നില്‍ക്കുന്നു. അതേ സമയം, രാജ്യാന്തര ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെ മുന്‍നിരയിലെത്തിച്ച നായകനാണ് മെക്കല്ലം. ഐ പി എല്‍ രണ്ടാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു മെക്കല്ലം.
പുതിയ ഫ്രാഞ്ചൈസികള്‍ക്ക് നഷ്ടക്കച്ചവടം
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് പകരം ഐ പി എല്ലില്‍ ഇടംപിടിച്ച പൂനെ, രാജ്‌കോട്ട് ഫ്രാഞ്ചൈസികള്‍ക്ക് മുന്നിലുള്ളത് നഷ്ടക്കച്ചവടമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം പൂനെയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ കൊല്‍ക്കത്തന്‍ വ്യാപാരി സഞ്ജീവ് ഗോയങ്ക വ്യക്തമാക്കുകയും ചെയ്തു. പുതിയ ടീമുകള്‍ക്ക് ഐ പി എല്ലിന്റെ മൊത്തം ലാഭത്തില്‍ നിന്നുള്ള വിഹിതം ലഭിക്കില്ല. ഏകദേശം ഒരു വര്‍ഷം അമ്പത് കോടിക്കും അറുപത് കോടിക്കും ഇടയിലാകും പുതിയ ഫ്രാഞ്ചൈസികളുടെ നഷ്ടം. രണ്ട് വര്‍ഷത്തിന് ശേഷമേ, മറ്റ് ഫ്രാഞ്ചൈസികളെ പോലെ ഐ പി എല്ലിന്റെ ലാഭവിഹിതം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകൂ.
സ്‌പോണ്‍സര്‍ഷിപ്പ് ഇടപാട് 22 കോടിയില്‍ ഏറാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഗേറ്റ് വരുമാനം ഏഴ് മത്സരങ്ങളില്‍ നിന്ന് പൂനെക്ക് 21 കോടിയും രാജ്‌കോട്ടിന് 16 കോടിയും ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭക്ഷണം&ശീതളപാനീയങ്ങളുടെ വില്പന തുടങ്ങി ചില്ല വരുമാനങ്ങളിലൂടെയെല്ലാം ചേര്‍ത്ത് പൂനെക്ക് 43.5 കോടിയും രാജ്‌കോട്ടിന് 38.5 കോടിയും വരുമാനമുണ്ടാകുമെന്നാണ് കണക്ക്.
ഇരുനൂറിലേറെ കോടികള്‍ മുടക്കി ഫ്രാഞ്ചൈസി സ്വന്തമാക്കിയവര്‍ ആദ്യ രണ്ട് വര്‍ഷങ്ങളിലെ നഷ്ടം തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ഐ പിഎല്ലിന്റെ ഭാഗമായത്.
സൂപ്പര്‍ വാട്‌സനെ ആരും മൈന്‍ഡ് ചെയ്തില്ല
രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ ആള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സനെ ആദ്യ ഘട്ട ലേലത്തില്‍ പുതിയ ഫ്രാഞ്ചൈസികള്‍ പരിഗണിച്ചില്ല. ഐ പി എല്ലിലെ കണക്കുകള്‍ പ്രകാരം വാട്‌സന്‍ വലിയ സാധ്യതയുള്ള താരമായിരുന്നു. ഏഴ് ഐ പി എല്‍ സീസണ്‍ കളിച്ച ഓസീസ് താരം 36.49 ശരാശരിയില്‍ 2372 റണ്‍സ് നേടി. 78 മത്സരങ്ങളില്‍ 61 വിക്കറ്റുകള്‍ വീഴ്ത്തി. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പുറത്താകാതെ നേടിയ സെഞ്ച്വറി (104) ഉള്‍പ്പടെ രണ്ട് സെഞ്ച്വറികളാണ് ഐ പി എല്ലില്‍ നേടിയത്.
ഫെബ്രുവരിയില്‍ നടക്കുന്ന മുഖ്യ ലേലത്തില്‍ വാട്‌സനെ സ്വന്തമാക്കാന്‍ ടീമുകള്‍ താത്പര്യമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുരേഷ് റെയ്‌ന
ഐ പി എല്ലില്‍ തന്റെ മുന്‍ നായകനായ മഹേന്ദ്ര സിംഗ്‌ധോണിക്കെതിരെ കളിക്കുമ്പോള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഒട്ടും ചോര്‍ന്ന് പോകില്ലെന്ന് സുരേഷ് റെയ്‌ന. എട്ട് സീസണുകളില്‍ ഒരുമിച്ച് കളിച്ചവര്‍ ആദ്യമായിട്ടാണ് ഐ പി എല്ലില്‍ രണ്ട് ടീമുകളിലാകുന്നത്. രാജ്‌കോട്ട് ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് റെയ്‌ന പറഞ്ഞു.