ലൈംഗിക പീഡനങ്ങളില്‍ ജെ എന്‍ യു മുന്നില്‍: യു ജി സി

Posted on: December 16, 2015 4:49 am | Last updated: December 15, 2015 at 11:51 pm

ന്യൂഡല്‍ഹി :രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കലലയമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ലൈംഗിക പീഡനങ്ങളിലും ഒന്നാമത്. മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ജെ എന്‍ യുവിലെ ഉയര്‍ന്ന ലൈംഗിക പീഡന കേസുകളെക്കുറിച്ച് പരാമര്‍ശിച്ചത്.
യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്മൃതി ഇറാനി ഇക്കാര്യം അവതരിപ്പിച്ചത്. 2013-14 കാലയളവില്‍ മാത്രമായി 25 കേസുകളാണ് ജെ എന്‍ യു വില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജെ എന്‍ യുവിനെകൂടാതെ രാജ്യത്തെ 104 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടന്നതായും സ്മൃതി ഇറാനി പറഞ്ഞു. ഈ വര്‍ഷം 295 കേസുകളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുല്‍ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ജെ എന്‍ യുവിനെക്കുറിച്ചുള്ള ഇത്തരം കണക്കുകള്‍ തള്ളിക്കളയുന്നതായി വൈസ് ചാന്‍സലര്‍ സുധീര്‍ കുമാര്‍ സോപോരി പറഞ്ഞു. സ്ത്രീകള്‍ സുരക്ഷിതമായ കേന്ദ്രമാണ് ജെ എന്‍ യുവിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ജെ എന്‍ യുവിനെ വിമര്‍ശിച്ച് തയ്യാറാക്കിയ ലേ ഖനത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. സ്മൃതി ഇറാനിയുടെ കണക്കുകളെ വിമര്‍ശിച്ച് ജെ എന്‍ യു വിദ്യാര്‍ഥികളും രംഗത്തെത്തി.