പെരുവണ്ണാമൂഴിയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

Posted on: December 15, 2015 10:05 pm | Last updated: December 15, 2015 at 10:05 pm

പേരാമ്പ്ര: പെരുവണ്ണാമൂഴിയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. മഠത്തിനകത്ത് രാജന്‍, അലക്‌സ് എന്നിവരുടെ തെങ്ങ്, കവുങ്ങ്, വാഴ, റബ്ബര്‍ മരങ്ങളാണ് കാട്ടാനകള്‍ പിഴുതെറിഞ്ഞും, കുത്തിമറിച്ചിട്ടും നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി സോളാര്‍ വേലി തകര്‍ത്താണ് ആനകള്‍ ക്യഷിയിടത്തില്‍ കയറിയതെന്ന് കര്‍ഷകര്‍ പറഞ്ഞു. കാട്ടാനകളിറങ്ങി പരാക്രമം തുടങ്ങിയതോടെ ജനം ഭീതിയിലാണ്. വനമേഖലയില്‍ നിന്നും കിലോമീറ്ററുകളകലെയുള്ള സ്ഥലങ്ങളില്‍പ്പോലും കാട്ടാനകള്‍ കൃഷി നശിപ്പിക്കാനെത്തുന്നുണ്ട്. ഈയിടെ പുല്ലാനിക്കാവ് ഭാഗത്ത് കൈതക്കുളത്ത് മാത്തുക്കുട്ടി, കുറ്റിക്കണ്ടി വിശ്വന്‍, പുല്ലാനിക്കാവില്‍ കുര്യച്ചന്‍ എന്നിവരുടെ കൃഷി നശിപ്പിച്ചിരുന്നു. വാഴ, തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷിയാണ് ആന നശിപ്പിച്ചത്. പെരുവണ്ണാമൂഴി വനത്തില്‍ നിന്നാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൂവ്വപ്പൊയില്‍, ചെങ്കോട്ടക്കൊല്ലി, മുതുകാട്, പെരുവണ്ണാമൂഴി മേഖലകളില്‍ കൃഷി നശിപ്പിച്ചിരുന്നു.