ഡല്‍ഹിയില്‍ ചേരി ഒഴിപ്പിച്ചു: കൊടും ശൈത്യത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു

Posted on: December 13, 2015 10:51 pm | Last updated: December 14, 2015 at 2:09 pm

delhi- drive demolition_ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുറമ്പോക്ക് ഭൂമിയില്‍ കുടിലുകെട്ടി താമസിക്കുന്നവരെ റെയില്‍വേ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് വഴിയോരത്ത് അന്തിയുറങ്ങേണ്ടിവന്ന കുഞ്ഞ് കൊടും ശൈത്യത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഷാക്കൂര്‍ ബസ്തിയിലായിരുന്നു സംഭവം. ഇവിടെയുണ്ടായിരുന്ന അഞ്ഞൂറിലേറെ കുടിലുകളാണ് റെയില്‍വെ അധികൃതര്‍ പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനായി കഴിഞ്ഞ ദിവസം രാത്രിയില്‍ ഇടിച്ചുനിരത്തിയത്. നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും ചേരി ഒഴിയാന്‍ ആളുകള്‍ തയാറാവാതിരുന്നതോടെയാണ് നടപടിയെടുത്തതെന്നും റെയില്‍വേ വിശദീകരിച്ചു.
ചേരി ഒഴിപ്പിച്ച വാര്‍ത്ത പുറത്തുവന്നതോടെ റെയില്‍വേക്കെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മിയും രംഗത്തെത്തി. സംഭവം നടന്ന സ്ഥലം കെജ്‌രിവാള്‍ സന്ദര്‍ശിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. 20 വര്‍ഷത്തിലധികമായി ഇവിടെ താമസിച്ചു വന്ന കുടുംബങ്ങളെയാണ് ഒറ്റരാത്രി കൊണ്ട് ഒഴിപ്പിച്ചത്. ശൈത്യകാലത്ത് ചേരി ഒഴിപ്പിക്കാന്‍ തീരുമാനിച്ച റെയില്‍വേയുടെ നടപടി ശരിയായില്ലന്ന് അദ്ദേഹം പറഞ്ഞു.
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ കെജ്‌രിവാള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റിനേയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സസ്‌പെന്‍ഡ് ചെയ്തു. ഭവനരഹിതരായ ആളുകളെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുത്തില്ലെന്ന കാരണത്താലാണ് ജില്ലാ മജിസ്‌ട്രേറ്റിനേയും സസ്‌പെന്‍ഡ് ചെയ്തത്.
റെയില്‍ വേയുടെ നടപിടിയെ ചോദ്യംചെയ്ത് ഡല്‍ഹി മന്ത്രിസഭാംഗം സത്യേന്ദ ജെയിന്‍ രംഗത്തെത്തി. ചേരി ഇടിച്ചു നിരത്താന്‍ റെയില്‍വേ സ്വീകരിച്ച സമയം ശരിയായില്ല. ഈ തണുപ്പ് കാലത്ത് ഭവന രഹിതരായ ജനങ്ങള്‍ ഏവിടെപോകുമെന്നും സത്യേന്ദ്ര ജെയിന്‍ ചോദിച്ചു. ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ അവര്‍ തിരഞ്ഞെടുത്ത സമയമേതാണ്. ഈ പാവങ്ങളെ കുടിയൊഴിപ്പാക്കാന്‍ കേന്ദ്ര ഏജന്‍സിക്ക് എന്താണിത്ര തിടുക്കും. ഡല്‍ഹിയില്‍ മുമ്പും കുടിയൊഴിപ്പിക്കല്‍ നടന്നിട്ടുണ്ട്. അന്നൊക്കെ മൂന്നും നാലും തവണകളായിട്ടാണ് ഒഴിപ്പിച്ചിരുന്നത്. പക്ഷേ കഴിഞ്ഞ ദിവസം വിലിയ പോലീസ് സന്നാഹത്തോടെ വന്ന് ഒരു രാത്രികൊണ്ട് ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതോടെ വിശദികരണവുമായി റെയില്‍വേയും രംഗത്തെത്തി. നിരവധി തവണ നോട്ടീസ് നല്‍കിട്ടാണ് നടപടി സ്വീകരിച്ചത്. കുട്ടി മരിച്ചത് ശനിയാഴ്ച രാവിലെ 10 നാണ്. ഒഴിപ്പിക്കല്‍ നടപടി നടക്കുമ്പോള്‍ അനിഷ്ട സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും റെയില്‍വേ പറയുന്നു. പുതിയ പാസഞ്ചര്‍ ടെര്‍മിനലിനുവേണ്ടിയാണു ചേരി ഒഴിപ്പിക്കുന്നതെന്നാണ് റെയില്‍ വേ അധികൃതര്‍ പറയുന്നത്. അതേസമയം, ചേരി ഒഴിപ്പിക്കല്‍ നീക്കത്തെ കുറിച്ച് അറിവില്ലെന്നും സംഭവം ഞെട്ടലുണ്ടാക്കിയെന്നും കേന്ദ്ര റെയില്‍ വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
ഡല്‍ഹിയിലെ വിവിധ ചേരികളിലെ കുടിലുകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പും കേന്ദ്ര സര്‍ക്കാറും ഡല്‍ഹി എ എ പി സര്‍ക്കാറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പോലീസ് ഇടപെട്ട് ചേരിയിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കെജ്‌രിവാള്‍ ഇടപെട്ട് തടഞ്ഞിരുന്നു. സമ്പൂര്‍ണ പുനരധിവാസം ഉറപ്പുവരുത്തിയ ശേഷമേ ചേരികള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ  ഇന്ദ്രപ്രസ്ഥം ആര് പിടിക്കും?