പുതിയ വിവാദം മുഖ്യമന്ത്രിക്ക്‌ ഗുണം ചെയ്തു: വെള്ളാപ്പള്ളി

Posted on: December 13, 2015 12:29 pm | Last updated: December 13, 2015 at 2:21 pm

VELLAPPALLI NADESANതിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചത് എസ് എന്‍ ട്രസ്റ്റാണെന്ന് വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി കത്ത് നല്‍കി ഒരു വര്‍ഷമായിട്ടും കൊണ്ടുവരാനായില്ല. പ്രധാനമന്ത്രിയെ ഇപ്പോള്‍ കൊണ്ടുവരാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് സ്വകാര്യ ചടങ്ങാണ്, അതുകൊണ്ട് പ്രോട്ടോകോള്‍ ബാധകമല്ല. വിവാദം ഗുണം ചെയ്തത് മുഖ്യമന്ത്രിക്കാണ്. ഇത് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച വലിയൊരു അനുഗ്രമായി കാണുന്നു. നിയമസഭയില്‍ മുഖ്യമന്ത്രിയെ കണ്ണീരു കുടിപ്പിച്ചവര്‍ ഇപ്പോള്‍ ആ കണ്ണീര്‍ കുടക്കുന്നു. വിവാദമുണ്ടായപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ആരാധകരായി മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസുകാരനായ ആര്‍ ശങ്കറിന്റെ പ്രതിമയല്ല അനാച്ഛാദനം ചെയ്യുന്നത്. ജീവിച്ചിരിക്കുമ്പോള്‍ ശങ്കറിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് കോണ്‍ഗ്രസുകാരാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ഒഴിവാക്കിയ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയായിരിക്കും ചടങ്ങില്‍ അധ്യക്ഷത വഹിക്കുക. മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കി പുതിയ ശിലാഫലകവും സ്ഥാപിച്ചു. പ്രധാനമന്ത്രിയുടേയും എസ്എന്‍ഡിപി യോഗം ഭാരവാഹികളുടേയും പേരു മാത്രമാണ് ഇതിലുള്ളത്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ചടങ്ങില്‍ ക്ഷണമുണ്ടായിരുന്ന പി കെ ഗുരുദാസന്‍ എംഎല്‍എ പരിപാടിയില്‍ പങ്കെടുക്കില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.