Connect with us

Gulf

ഇന്ത്യയിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സ് വിലപേശുന്നു

Published

|

Last Updated

ദോഹ: കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ തയാറെടുത്ത് ഖത്വര്‍ എയര്‍വേയ്‌സ്. പുതിയ നഗരങ്ങള്‍ക്കു പുറമേ നിലവിലുള്ള സര്‍വീസ് കേന്ദ്രങ്ങളിലേക്ക് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും ഇന്ത്യന്‍ ഗവണ്‍മെന്റുമായി ചര്‍ച്ചകള്‍ നടത്തി വരുന്നതായി ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ വെളിപ്പെടുത്തി.
അധികം വൈകാതെ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഖത്വര്‍ ദേശീയ വിമാനം. ഇപ്പോള്‍ 13 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 100 സര്‍വീസുകളാണ് ഖത്വര്‍ എയര്‍വേയ്‌സിനുള്ളത്. ഭാവിയിലേക്കുള്ള കരാറിനായി കാത്തിരിക്കുന്നു എന്നാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് വികസനത്തെക്കുറിച്ച് അക്ബര്‍ അല്‍ ബാകിര്‍ പ്രതികരിച്ചത്. ന്യൂയോര്‍ക്കില്‍ പി ടി ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഖത്വര്‍ എയര്‍വേയ്‌സ് വിമാനങ്ങളുടെ മെയിന്റനന്‍സ്, റിപ്പയര്‍, ഓപറേഷന്‍ പ്രവൃത്തികള്‍ ചെയ്യാന്‍ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തുന്നതിന് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെത്തുന്ന വിമാനങ്ങള്‍ പരിശോധിക്കുന്നതിനും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമാണ് പ്രാദേശിക കമ്പനിയെ അന്വേഷിക്കുന്നത്. തങ്ങളുടെ ടെക്‌നിക്കല്‍ ടീം ദോഹയിലായതിനാല്‍ എളുപ്പത്തില്‍ സേവനം ലഭ്യമാക്കാന്‍ കഴിയില്ല. ഈ രംഗത്ത് മികച്ച പരിജ്ഞാനമുള്ള കമ്പനികളെയാണ് പരിഗണിക്കുന്നത്. ഇന്ത്യയിലെ പുതിയ നഗരങ്ങള്‍ക്കുകൂടി വേണ്ടിയാണ് ഞങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റുമായി വില പേശിക്കൊണ്ടിരിക്കുന്നത്. വിദൂരമല്ലാത്ത ഭാവിയില്‍ ഇതു യാഥാര്‍ഥ്യമാകും. ദോഹക്കും ന്യൂയോര്‍ക്കിനുമിടയില്‍ ആദ്യത്തെ എ-350 സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ് അക്ബര്‍ അല്‍ ബാകിര്‍ ഇന്ത്യന്‍ സര്‍വീസ് പ്ലാന്‍ അറിയിച്ചത്.
എന്നാല്‍ ഏതെല്ലാം ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് ആവശ്യപ്പെടുന്നതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. കൂടുതല്‍ സീറ്റുകള്‍ക്കു സാധ്യതയുള്ള നഗരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഇന്ത്യന്‍ സ്വാകാര്യ വിമാന കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ബിസിനസ് വികസന ഉദ്ദേശ്യങ്ങള്‍ ആദ്യം വെളിപ്പെടുത്തില്ല. അവ ഹൃദയത്തില്‍ സൂക്ഷിക്കും. തീരുമാനമായാല്‍ അത് എല്ലാവരെയും അറിയിക്കും എന്നായിരുന്നു നിക്ഷേപ സാധ്യതയെക്കുറിച്ച് അദ്ദേഹത്തിന്റെ വിശദീകരണം. നേരത്തേ ലാഭകരമല്ലാതിരുന്നതിനെത്തുടര്‍ന്നാണ് ഇന്ത്യയിലെ ഓറഞ്ച് നഗരമായ നാഗ്പൂരിലേക്ക് സര്‍വീസ് നിര്‍ത്തിയതെന്ന് ബാക്കിര്‍ പറഞ്ഞു. നിര്‍ത്തിയശേഷം വിവിധ രാജ്യങ്ങളിലെ 75 നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചു. എന്നാല്‍, ഇപ്പോള്‍ ലാഭകരമെന്നു കണ്ടപ്പോള്‍ വീണ്ടും നാഗ്പൂരിലേക്കു പറക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനക്കണ്ണുകള്‍ കണ്ണൂരിലേക്ക്

ദോഹ: ഗള്‍ഫ് വിമാനക്കമ്പനികള്‍ പുതിയ സര്‍വീസുകള്‍ക്ക് കണ്ണു വെക്കുന്ന പ്രധാന എയര്‍പോര്‍ട്ട് കണ്ണൂര്‍. അടുത്ത വര്‍ഷത്തോടെ യാത്രാ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുള്ള കണ്ണൂര്‍ രാജ്യന്തര വിമാനത്താവളത്തിന്റെ വാണിജ്യ സാധ്യതകളും സാങ്കേതിക സൗകര്യങ്ങളും ഇതിനകം ഗള്‍ഫ് വിമാനങ്ങള്‍ പഠിച്ചിട്ടുണ്ട്.
നിലവില്‍ കരിപ്പൂര്‍ വിമാനത്താവളം ഉപയോഗിക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍നിന്നുള്ള യാത്രക്കാര്‍ക്കു പുറമെ കര്‍ണാടകയിലെ മംഗലാപുരം ഭാഗത്തു നിന്നും തമിഴ്‌നാട് നീലഗിരി ഭാഗത്തുനിന്നുമുള്ള യാത്രക്കാര്‍ക്കും കണ്ണൂര്‍ ഉപയോഗിക്കാം. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത സ്ഥിതി തുടര്‍ന്നാല്‍ മലപ്പറം ജില്ലയില്‍ നിന്നും കണ്ണൂര്‍ താവളം ആശ്രയിക്കേണ്ടി വരും. പ്രവാസി മലയാളികളില്‍ നല്ലൊരു ശതമാനവും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ളവരാണെന്നതും കണ്ണൂര്‍ സര്‍വീസുകള്‍ക്ക് ഗള്‍ഫ് വിമാനങ്ങള്‍ താത്പര്യമെടുക്കാന്‍ കാരണമാകുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലെ ആധുനിക സൗകര്യങ്ങളും വിമാനങ്ങളെയും യാത്രക്കാരെയും അങ്ങോട്ട് ആകര്‍ഷിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.