ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം മാര്‍ച്ച് 19ന് ധര്‍മശാലയില്‍

Posted on: December 11, 2015 4:26 pm | Last updated: December 11, 2015 at 7:38 pm

india-pakമുംബൈ: ക്രിക്കറ്റ് ആരാധകര്‍ ഏറെ ആകാശയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം മാര്‍ച്ച് 19ന് ധര്‍മശാലയില്‍. ഇന്ത്യ-പാക്കിസ്ഥാന്‍ പരമ്പര പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ-പാക്ക് പോരാട്ടത്തിന് കളമൊരുങ്ങുന്നത്്. അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചിട്ടുമതി ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് ഇന്ത്യ-പാക്ക് പരമ്പരക്ക് വിലങ്ങുതടിയായിനില്‍ക്കുന്നത്.
അടുത്ത വര്‍ഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം മാര്‍ച്ച് 15 ന് ന്യൂസിലാന്റിനെതിരെയാണ്. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരു,ചെന്നൈ,ധര്‍മശാല,കൊല്‍ക്കത്ത,മൊഹാലി,മുംബൈ,നാഗ്പൂര്‍,ന്യൂഡല്‍ഹി എന്നിവിടങ്ങളാണ് വേദികള്‍. സെമി ഫൈനലുകള്‍ മാര്‍ച്ച് 30,31 തീയ്യതികളിലായി ന്യൂഡല്‍ഹിയിലും മുംബൈയിലും നടക്കും. ഫൈനല്‍ ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ്.
ഓസ്‌ട്രേലിയ,ഇംഗ്ലണ്ട്,ന്യൂസിലാന്റ്,പാക്കിസ്ഥാന്‍,ദക്ഷിണാഫ്രിക്ക,ശ്രീലങ്ക,വെസ്റ്റന്‍ഡീസ്,ഇന്ത്യ എന്നീ ടീമുകളാണ് സൂപ്പര്‍ ടെന്‍ ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുള്ള ടീമുകള്‍.