സി ഡി തേടി യാത്ര: നടപടി കമ്മീഷന്‍ ചരിത്രത്തില്‍ ആദ്യം

Posted on: December 11, 2015 5:33 am | Last updated: December 11, 2015 at 10:49 am

കൊച്ചി: ബിജു രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് നേരിട്ട് തെളിവു ശേഖരിക്കാന്‍ മുതിര്‍ന്ന ജസ്റ്റിസ് ശിവരാജന്റെ നടപടി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകളുടെ ചരിത്രത്തില്‍ ആദ്യം. ജുഡീഷ്യല്‍ കമ്മീഷനുകള്‍ക്ക് സിവില്‍കോടതിയുടെ എല്ലാ അധികാരങ്ങളും ക്രിമിനല്‍ കോടതിയുടെ ഭാഗിക അധികാരങ്ങളുമുണ്ടെങ്കിലും ഈ അധികാരം പൂര്‍ണമായും വിനിയോഗിക്കാന്‍ ഇതാദ്യമായി ധൈര്യപ്പെടുന്നത് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനാണ്. കേരളത്തിന്റെയല്ല, രാജ്യത്തിന്റെ തന്നെ നീതിന്യായ ചരിത്രത്തില്‍ ആദ്യത്തേതാണ് അന്വേഷണ കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഈ ജുഡീഷ്യല്‍ ആക്ടിവിസം.
ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍ക്കുള്ള അധികാരങ്ങളെക്കുറിച്ച് 1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ടില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ആരെയും വിളിച്ചുവരുത്താനും എവിടെ നിന്നും തെളിവു ശേഖരിക്കാനും രാജ്യത്തെ ഒരു നിയമവും കമ്മീഷന് തടസ്സമല്ലെന്ന് ആക്ടില്‍ വ്യക്തമാക്കുന്നു. തടവുശിക്ഷ അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിന് കൊണ്ടു പോയ കമ്മീഷന്‍ നടപടി പലരെയും ഞെട്ടിച്ചുവെങ്കിലും കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ഈ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെടില്ല. ജയിലില്‍ കിടക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭാംഗമോ ലോകസഭാംഗമോ ആകാന്‍ കഴിയുമെന്നിരിക്കെ ബിജുരാധാകൃഷ്ണന്റെ കാര്യത്തില്‍ സദുദ്ദേശ്യപരമായി കോടതി നടത്തിയ ഇടപെടലില്‍ നിയമവ്യവസ്ഥക്ക് വിരുദ്ധമായ ഒന്നും തന്നെയില്ലെന്നാണ് പ്രമുഖ അഭിഭാഷകനായ കെ രാംകുമാര്‍ ചൂണ്ടിക്കാട്ടുന്നത്. 10 എ പ്രകാരം ക്രിമിനല്‍ കോടതിയുടെ ഭാഗിക അധികാരവും കമ്മീഷനുണ്ട്. കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നവര്‍ക്ക് ആറു മാസം വരെ തടവും പിഴയും വിധിക്കാന്‍ കമ്മീഷന് ഈ വകുപ്പ് അധികാരം നല്‍കുന്നു.
അതത് കാലത്ത് തങ്ങളുടെ ഇഷ്ടക്കാരെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായി നിയമിക്കുന്ന രീതിയാണ് കാലങ്ങളായി സര്‍ക്കാറുകള്‍ അനുവര്‍ത്തിച്ചിരുന്നത്. അന്വേഷണ കമ്മീഷനായി നിയോഗിക്കപ്പെടുന്ന വിരമിച്ച ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നേരം പോക്കിനുള്ള വകയായി ചില അന്വേഷണങ്ങളെങ്കിലും മാറിയിട്ടുണ്ട്. അന്വേഷണ കമ്മീഷനുകള്‍ വളരെ നിശബ്ദമായി അന്വേഷണം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറുന്ന ചടങ്ങാണ് ഇക്കാലമത്രയും നടന്നുവന്നത്. ഈ റിപ്പോര്‍ട്ടുകള്‍ക്കാകട്ടെ സര്‍ക്കാറുകള്‍ പലപ്പോഴും പുല്ലുവിലയാണ് കല്‍പ്പിച്ചിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്ത ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച ശേഷം കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 88 ജുഡീഷ്യല്‍ കമ്മീഷനുകളാണ് രൂപവത്കരിച്ചിട്ടുള്ളത്. അതില്‍ ബഹുഭൂരിപക്ഷം റിപ്പോര്‍ട്ടുകളിലും സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ചില കമ്മീഷനുകളെ സര്‍ക്കാര്‍ തന്നെ അന്വേഷണം പൂര്‍ത്തിയാകും മുമ്പേ പിരിച്ചു വിട്ടു. ചില കമ്മീഷനുകള്‍ വസ്തുനിഷ്ഠമായ അന്വേഷണങ്ങള്‍ നടത്തി ക്രിയാത്മകമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അവയൊന്നിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയുണ്ടായിട്ടില്ല.
കേവലം പ്രഹസനമായ ഒരു അന്വേഷണത്തിനായി ഖജനാവില്‍ നിന്നും ലക്ഷക്കണക്കിനു രൂപ വെറുതെ ചെലവാക്കി സമയം മെനക്കെടുത്തുന്നുവെന്ന ആക്ഷേപമാണ് ഇതുവരെയും കമ്മീഷനുകള്‍ക്കെതിരെ ഉയര്‍ന്നിരുന്നത്. എന്നാല്‍ സോളാര്‍ അന്വേഷണ കമ്മീഷന്‍ എന്താണ് ജുഡീഷ്യല്‍ കമ്മീഷന്റെ യഥാര്‍ഥ അധികാരം എന്ന് രാജ്യത്തിന് കാട്ടിക്കൊടുക്കുകയാണ്. ഭാവിയില്‍ അന്വേഷണ കമ്മീഷനുകളായി വരുന്ന ജഡ്ജിമാര്‍ക്ക് മാതൃകയാകുന്നതാണ് ശിവരാജന്‍ കമ്മീഷന്റെ നടപടികളെന്ന് വിലയിരുത്തപ്പെടുന്നു.