കാട്ടുപന്നിശല്യം രൂക്ഷം; സ്വാസ്ഥ്യം നഷ്ടപ്പെട്ട് കര്‍ഷകര്‍

Posted on: December 10, 2015 9:46 am | Last updated: December 10, 2015 at 9:46 am

കല്‍പ്പറ്റ: വയനാട്ടില്‍ കൊയ്ത്തിനു പാകമായ വയലുകളില്‍ കാട്ടുപന്നിശല്യം രൂക്ഷം. വനത്തിനു അകലെ പാടങ്ങളില്‍പോലും കൂട്ടമായി എത്തുന്ന പന്നികള്‍ വരുത്തുന്നത് കനത്ത നാശം. വിളവെടുക്കാറായ നെല്ല് പന്നിക്കൂട്ടം ചവച്ചും ചവിട്ടിയും നശിപ്പിക്കുന്നതു കര്‍ഷകരുടെ സ്വാസ്ഥ്യം കെടുത്തുകയാണ്. വയലുകളില്‍ നിര്‍മിച്ച താത്കാലിക മാടങ്ങളില്‍ രാത്രി കാവലിരിക്കാന്‍ നിര്‍ബന്ധിതരായ കര്‍ഷകര്‍ക്ക് ഉറക്കും നഷ്ടപ്പെടുന്നു.
ജില്ലയിലെ വനങ്ങളില്‍ പെറ്റുപെരുകുകയാണ് കാട്ടുപന്നികള്‍. രാവില്‍ കൂട്ടമായി കാടിറങ്ങുന്ന ഇവയില്‍ ചിലത് അങ്ങാടികളില്‍ പോലും എത്തുന്നു. പന്നികളെ പേടിച്ച് കപ്പയും കാച്ചിലും ചേനയും ചേമ്പുമടക്കം ഭക്ഷ്യവിളകള്‍ കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് വനാതിര്‍ത്തിയിലുള്ള കര്‍ഷകര്‍. കൃഷിയിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ കപ്പക്കൂടങ്ങള്‍ കുത്തിനിരത്തുന്ന പന്നികള്‍ കാച്ചില്‍, ചേമ്പ്, ചേന എന്നിവയുടെ വിത്തും കുഴിമാന്തി ആഹരിക്കുന്നു. ഈ സ്ഥിതിയില്‍ ഭക്ഷ്യവിള കൃഷി മതിയാക്കിയിരിക്കയാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകരില്‍ പലരും. എന്നിരിക്കെയാണ് പാടങ്ങളിലും പന്നികളുടെ വിളയാട്ടം. ഇരുളിനു കട്ടികൂടൂന്നതോടെ വയലുകളില്‍ എത്തുന്ന പന്നികള്‍ പുലരിയോടെയാണ് മടങ്ങുന്നത്.
നെല്‍കൃഷിയെ പന്നികളില്‍നിന്നു രക്ഷിക്കാന്‍ കര്‍ഷകര്‍ പയറ്റുന്ന പരമ്പരാഗത തന്ത്രങ്ങള്‍ ഏശുന്നില്ല.
വയലുകളില്‍ ഇടവിട്ട് നാട്ടുന്ന കോലങ്ങളും നോക്കുകുത്തികളും ഉപദ്രവകാരികളെല്ലെന്ന് തിരിച്ചറിഞ്ഞതുപോലാണ് പന്നികളുടെ വിഹാരം. കാവല്‍മാടങ്ങളിലിരുന്ന കൂക്കിവിളിച്ചും പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും മനുഷ്യസാന്നിധ്യം അറിയിച്ചാലും പന്നികള്‍ക്ക് കൂസലില്ലെന്ന് കൃഷിക്കാര്‍ പറയുന്നു.
കാട്ടുപന്നിശല്യത്തെക്കുറിച്ച് വനം ഓഫീസുകളിലെത്തി പരിഭവം പറഞ്ഞ് മടുത്തിരിക്കയാണ് കര്‍ഷകര്‍. പരാതികള്‍ കേട്ടും സ്വീകരിച്ചും വനപാലകരും തളര്‍ന്നു. കര്‍ഷകര്‍ക്കുമുന്നില്‍ കൈമലര്‍ത്തുകയല്ലാതെ പ്രത്യേകിച്ചൊന്നും അവര്‍ക്കും ചെയ്യാനില്ല. കാട്ടുപന്നികള്‍ വരുത്തുന്ന നാശത്തിനു കര്‍ഷകര്‍ക്ക് പരിഹാരധനവും കിട്ടാറില്ല.
ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലുന്നതിനു മലയോരമേഖലകളിലെ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്ന് 2011ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അപ്രായോഗിക വ്യവസ്ഥകളടങ്ങുന്ന ഉത്തരവ് കാടിറങ്ങുന്ന കാട്ടുപന്നികളില്‍ ഒന്നിനെപോലും കാലപുരിക്ക് അയക്കുന്നതിനു ഉതകുന്നതായിരുന്നില്ല. കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി ഇറങ്ങിയപ്പോള്‍ 2014ല്‍ മറ്റൊരു ഉത്തരവ് ഇറങ്ങി. കൃഷിയിടങ്ങളില്‍ പതിവായി എത്തുന്ന പന്നികളെ ലൈസന്‍സുള്ള തോക്കിനു വെടിവെച്ചുകൊല്ലാന്‍ അനുമതി നല്‍കുന്നതായിരുന്നു ഉത്തരവ്. ഫലത്തില്‍ കല്ലുകടിക്കുന്നതായിരുന്നു പ്രത്യക്ഷത്തില്‍ കൊള്ളാമെന്ന് തോന്നുന്ന ഈ ഉത്തരവും. മുലയൂട്ടുന്ന പന്നികളെ കൊല്ലരുതെന്ന വ്യവസ്ഥയോടെയാണ് ഉത്തരവ് ഇറങ്ങിയത്. വനാതിര്‍ത്തികളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്കെല്ലാം ലൈസന്‍സുള്ള തോക്കുണ്ടോ, രാത്രി കൃഷിയിടത്തില്‍ എത്തുന്ന പന്നികളില്‍ മുലയൂട്ടുന്നവയെ എങ്ങനെ തിരച്ചറിയും തുടങ്ങിയ കാര്യങ്ങളൊന്നും ഇത്തരവിറക്കിയവര്‍ കണക്കിലെടുത്തില്ല. പന്നികളുടെ എണ്ണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന അവയെ കൊല്ലുന്നതിനും പ്രായോഗിക വ്യവസ്ഥകളടങ്ങിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.