ശെല്‍വപുരത്തെ വീട്ടുകാര്‍ കൈമാറിയ രേഖകളില്‍ സിഡി ഇല്ല: മോഷ്ടിക്കപ്പെട്ടുവെന്ന് ബിജു

Posted on: December 10, 2015 1:05 pm | Last updated: December 11, 2015 at 10:48 am

biju radhakrishnan

കൊച്ചി:സാളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ തെളിവ് തേടി ബിജു രാധാകൃഷ്ണനെയും കൊണ്ട് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരുമടങ്ങിയ പ്രത്യേക സംഘം കോയമ്പത്തൂരില്‍. തിരച്ചില്‍ നടത്തിയെങ്കിലും, ഉണ്ടെന്ന് പറയപ്പെടുന്ന സിഡി കണ്ടെത്താനായില്ല. ബിജുവിന്റെ ബന്ധുവെന്ന് പറയപ്പെടുന്ന ശെല്‍വപുരത്തെ ചന്ദ്രന്റെയും ശെല്‍വിയുടെയും വീട്ടിലാണ് സംഘം എത്തിയത്. രണ്ട് വര്‍ഷം മുമ്പ് ബിജു രാധാകൃഷ്ണന്‍ എല്‍പ്പിച്ചതെന്ന് അവകാശപ്പെടുന്ന തുണിസഞ്ചിയില്‍ പൊതിഞ്ഞ രേഖകള്‍ ഇവിടെ നിന്ന് തമിഴ്‌നാട് പോലീസ് സംഘം ഏറ്റുവാങ്ങി. ഇവ പരിശോധിച്ചെങ്കിലും ബിജു അവകാശപ്പെടുന്ന സിഡി കണ്ടെത്താനായില്ല.
അതേസമയം, കമ്മീഷന്‍ അഭിഭാഷകര്‍ വീട്ടിനുള്ളില്‍ പ്രവേശിച്ച് വീട്ടുകാരില്‍ നിന്ന് തെളിവെടുത്തു. ആദ്യം ബിജുവിനെ വീടിന് വെളിയില്‍ നിര്‍ത്തിയാണ് കമ്മീഷന്‍ സംഘം അകത്ത് പ്രവേശിച്ചത്. ശേഷം ബിജുവിനെയും അകത്തേക്ക് വിളിച്ചു. വീട്ടുകാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
തെളിവെടുപ്പിനിടെ ഉണ്ടായ അത്യന്തം നാടകീയവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് ജസ്റ്റിസ് ജി ശിവരാജന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ നാലോടെ സംഘം കൊച്ചിയില്‍ നിന്ന് യാത്രതിരിച്ചത്. കമ്മീഷന്‍ നിര്‍ദേശിച്ച തെളിവ്, ജയിലില്‍ ആയതിനാല്‍ ഹാജരാക്കാനായില്ലെന്നും എറണാകുളത്ത് നിന്ന് ആറ് മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തു ന്ന ദൂരത്ത് അവയുണ്ടെന്നും ബിജു അറിയിക്കുകയായിരുന്നു. സ്ഥലം എവിടെയാണെന്ന ചോദ്യത്തിന് കേരളത്തിന് പുറത്താണെന്ന് മാത്രമായിരുന്നു മറുപടി. സിഡി എവിടെയാണെന്ന് ബിജുവിന് മാത്രമേ അറിയൂ എന്നതിനാല്‍ ഇയാള്‍ പറയുന്നിടത്തേക്കാണ് സംഘം യാത്ര തിരിച്ചത്.
സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്റെ അഭിഭാഷകന്‍ അഡ്വ. പി കെ ഹരികുമാര്‍, ബിജുവിന്റെ സുരക്ഷക്കായി തിരുവന്തപുരം ആംഡ് പോലീസ് ക്യാമ്പില്‍ നിന്ന് നിയോഗിച്ച രണ്ട് പോലീസുകാര്‍, കമ്മീഷന്‍ ഓഫീസിലെ രണ്ട് പോലീസുകാര്‍ എന്നിവരുള്‍പ്പെടെ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘത്തിലെ എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ കമ്മീഷന്‍ ഓഫീസില്‍ സൂക്ഷിച്ച ശേഷമായിരുന്നു യാത്ര. ബിജു രാധാകൃഷ്ണന്റെ അഭ്യര്‍ഥനയനുസരിച്ചാണിത്. അതേസമയം, തന്റെ അഭിഭാഷകനെയും ഒപ്പം കൂട്ടണമെന്ന ബിജുവിന്റെ അഭ്യര്‍ഥന കമ്മീഷന്‍ നിരാകരിച്ചു. ദേശീയപാത വഴി വടക്കോട്ട് തിരിച്ച വാഹനം രാത്രി 7.45 ഓടെ കോയമ്പത്തൂരില്‍ എത്തി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള ഭരണപക്ഷത്തെ ആറ് പ്രമുഖര്‍ സോളാര്‍ കേസ് പ്രതി സരിതയുമായി നടത്തിയ വഴിവിട്ട ബന്ധങ്ങളുടെ തെളിവ് ഇന്നലെ ഹാജരാക്കാമെന്നായിരുന്നു ബിജു രാധാകൃഷ്ണന്‍ നേരത്തെ മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇന്നലെ കമ്മീഷനിലെത്തിയപ്പോള്‍, സിഡി തനിക്ക് ഹാജരാക്കാന്‍ കഴിയാഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കിയിരുന്നു.
തെളിവ് കേരളത്തിന് പുറത്താണുള്ളതെങ്കില്‍ അത് ഹാജരാക്കുന്നതിന് നിയമ തടസ്സങ്ങളെന്തെങ്കിലുമുണ്ടോയെന്ന് കമ്മീഷന്‍ ആരാഞ്ഞു. നിയമവശങ്ങള്‍ പരിശോധിച്ചശേഷം തെളിവ് കണ്ടെടുക്കാനും ഹാജരാക്കാനുമുള്ള നിര്‍ദേശം കമ്മീഷന്‍ നല്‍കി. കമ്മീഷന്‍ എന്‍ക്വയറി ആക്ടിലെ സെക്ഷന്‍ നാല് പ്രകാരമാണ് ഈ നിര്‍ദേശം. തെളിവുകള്‍ കണ്ടെടുക്കലും തുടര്‍നടപടികളും രഹസ്യമാക്കിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ, എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്ന് ബിജു ഇന്നലെയും മാധ്യമങ്ങള്‍ക്കു മുന്നില്‍ ആവര്‍ത്തിച്ചു. തന്നെ കള്ളനും ഭ്രാന്തനും മോശക്കാരനുമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ചില മാധ്യമങ്ങള്‍ അതിനു കൂട്ടുനില്‍ക്കുകയാണെന്നും ബിജു രാധാകൃഷ്ണന്‍ ആരോ പിച്ചു.