ബസുമതി അരിയുടെ നാല് ബ്രാന്‍ഡുകളുമായി ഹസ്സാദ് ഫുഡ്

Posted on: December 9, 2015 7:21 pm | Last updated: December 9, 2015 at 7:21 pm

original_Hassad-Foodsദോഹ: പ്രാദേശിക വിപണിയില്‍ ഹസ്സാദ് ഫുഡ് അതീവ ഗുണമുള്ള ബസുമതി അരിയുടെ നാല് ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചു. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ലൈവ്‌സ്റ്റോക്ക്, പയറുവര്‍ഗങ്ങള്‍, അരി, പൗള്‍ട്രി, പൂവിപണി, ഈന്തപ്പഴം, ഒലീവെണ്ണ, കാര്‍ഷിക സാങ്കേതികവിദ്യ എന്നിവയില്‍ വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഖത്വറിന് സുരക്ഷിതമായ ഭക്ഷ്യ സ്രോതസ്സ് ലഭ്യമാക്കാന്‍ ആഗോള മാര്‍ക്കറ്റുകളില്‍ നിക്ഷേപമിറക്കുകയാണെന്ന് ഹസ്സാദ് ഫുഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ നാസര്‍ മുഹമ്മദ് അല്‍ ഹജ്‌രി അറിയിച്ചു. പ്രാദേശിക മാര്‍ക്കറ്റുകളില്‍ ഏറെ പ്രിയമുള്ള ബസുമതി അരിയുടെ വ്യത്യസ്ത ബ്രാന്‍ഡുകളാണ് അവതരിപ്പിക്കുന്നത്. പ്രീമിയം ക്വാളിറ്റി, എക്‌സ്ട്രാ ലോംഗ് സവിശേഷതയുള്ള ദാനത് എന്ന ഇന്ത്യന്‍ ബസുമതിയും പാക്കിസ്ഥാനിലെ പഞ്ചാബ് മേഖലയില്‍ നിന്ന് വിളവെടുത്ത ഹൈ ക്വാളിറ്റി ബ്രാന്‍ഡില്‍ നീളമുള്ള ബസുതിയായ നാത്രി, നീളമുള്ള നാത്രി മെസ്സ, തമീന്‍ എന്നിവയാണ് നാല് ബ്രാന്‍ഡുകള്‍. ഡിസംബര്‍ അവസാനത്തോടെ വിതരണം ചെയ്യുന്ന ആസ്‌ത്രേലിയന്‍ ആടുകളുടെ എണ്ണം 3.3 ലക്ഷം ആകും. ആസ്‌ത്രേലിയന്‍ ആടുകള്‍ക്കുള്ള ലോക്കല്‍ മാര്‍ക്കറ്റിലെ ആവശ്യത്തിന്റെ 50 ശതമാനം ഇത് നിറവേറ്റും. രാജ്യത്തെ വിപണി ആവശ്യം പരിഗണിച്ച് ഹസ്സാദിന്റെ ആസ്‌ത്രേലിയന്‍ ഫാമില്‍ സിറിയന്‍ അവാസി ആടിനെ വളര്‍ത്താനുള്ള പദ്ധതിയുണ്ട്. ഗോതമ്പ്, ബാര്‍ലി, കടുക് തുടങ്ങിയവയുടെ കൃഷിക്ക് 73000 ഹെക്ടര്‍ സ്ഥലമാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വലിയ വിതരണക്കാരായ ഹസ്സാദ് ഖത്വറിന്റെ പൂര്‍ണ ഉടമസ്ഥതയിലാണ് ഹസ്സാദ് ഫുഡ്. അല്‍ രിഫ, അല്‍ സൈലിയ, ഇര്‍കിയ്യ, ഉം സിലാല്‍ എന്നീ ഫാമുകള്‍ വഴിയാണ് ഹസ്സാദ് ഖത്വറിന്റെ വാണിജ്യ ഇടപാടുകള്‍. ഈ നാല് ഫാമുകളും 8000 ടണ്‍ ഉത്പാദനക്ഷമതയുള്ളതാണ്. 2018ഓടെ 950 ഹെക്ടര്‍ സ്ഥലത്ത് ഉം ബറാക ഫാം പ്രവര്‍ത്തനസജ്ജമാക്കാന്‍ പദ്ധതിയുണ്ട്.