പിണറായിയുടെ ജാഥയില്‍ സ്ഥിരാംഗങ്ങളായി യുവനിര

Posted on: December 9, 2015 3:22 pm | Last updated: December 9, 2015 at 3:23 pm

Pinarayi-Vijayanതിരുവനന്തപുരം: സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന സംസ്ഥാന പ്രചാരണ ജാഥയില്‍ സ്ഥിരാംഗങ്ങളായി അണിനിരക്കുന്നത് പാര്‍ട്ടിയുടെ യുവനിര. സി പി എമ്മിന്റെ യുവ എം പിമാരടങ്ങുന്ന നിരയാണ് ജനുവരി 15 മുതല്‍ ഫെബ്രുവരി 14 വരെ നീണ്ടു നില്‍ക്കുന്ന ജാഥയില്‍ പങ്കെടുക്കുക. എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത് എന്നീ യുവ എം പിമാരും എം വി ഗോവിന്ദന്‍, കെ ജെ തോമസ്, പി കെ സൈനബ എന്നീ ആറു പേരാണ് ജാഥയില്‍ സ്ഥിരാംഗങ്ങളായി പിണറായിയെ അനുഗമിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും ആക്രമോത്സുകമായ വര്‍ഗീയതക്കുമെതിരെ ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ സംഘടിപ്പിക്കുന്നത്. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള കാഴ്ചപ്പാടുകളും ഈ ജാഥയിലൂടെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. പ്രചാരണ ജാഥയുടെ പേര് ഈ മാസം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനിക്കും.