മുസ്‌ലിം വിരുദ്ധ പരാമര്‍ശം: ട്രംപിനെതിരെ വ്യാപക പ്രതിഷേധം

Posted on: December 9, 2015 10:36 am | Last updated: December 9, 2015 at 12:57 pm

TRUMPന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. മുസ്‌ലിംകള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. വൈറ്റ് ഹൗസ് ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. അമേരിക്കയുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. അതുപോലെ ദേശീയ സുരക്ഷാ താത്പര്യങ്ങളെയും ഇത് ലംഘിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.  ഐക്യരാഷ്ട്രസഭയും അമേരിക്കയിലെ മുസ്‌ലിം നേതാക്കളും അദ്ദേഹത്തിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജെബ് ബുഷ് ട്രംപിനെതിരെ രൂക്ഷവിമര്‍ശവുമായി കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. ട്രംപിന് മാനസിക നില തെറ്റിയെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഗൗരവത്തിലെടുക്കേണ്ടെന്നുമായിരുന്നു ജെബ് ബുഷിന്റെ പ്രതികരണം. അമേരിക്ക ഇത്രകാലം നിലനിര്‍ത്തിപ്പോന്നിരുന്നതും വിശ്വസിച്ചുപോന്നിരുന്നതുമായ സകല മൂല്യങ്ങള്‍ക്കും എതിരാണ് ട്രംപിന്റെ വിവാദ പരാമര്‍ശമെന്ന് അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനിയും കുറ്റപ്പെടുത്തി. മതസ്വാതന്ത്ര്യം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ട്രംപിന്റെത് തെറ്റായ ഒരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പരാമര്‍ശം റിപ്പബ്ലിക്കന്‍സിന് യോജിക്കാത്തതാണ്. മാത്രവുമല്ല ഭരണഘടനാവിരുദ്ധവുമാണ്. അമേരിക്കയുടെ നിലപാടുകളോട് യോജിക്കുന്നതല്ല ഇത്തരം പരാമര്‍ശങ്ങളെന്നും ന്യൂ ഹംപ്‌ഷെയര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷ ജെന്നിഫര്‍ ഹോണ്‍ വ്യക്തമാക്കി.
അമേരിക്കയിലെത്തുന്ന സന്ദര്‍ശകരെ സൂക്ഷ്മമായി വിലയിരുത്തണം. പക്ഷേ അത് ഏതെങ്കിലും മതത്തിന്റെ പേരില്‍ തിരഞ്ഞുപിടിച്ച് ചെയ്യുന്നത് അംഗീകരിക്കാനാകില്ല- മറ്റൊരു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബെന്‍ കേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.

in-americaഅമേരിക്കയിലെ മുസ്‌ലിം നേതാക്കളും ട്രംപിന്റെ പരാമര്‍ശങ്ങളെ എതിര്‍ത്തു. ക്രൂദ്ധരായ ഒരു ജനക്കൂട്ടത്തിന്റെ നേതാവിനെ പോലെയാണ് ട്രംപ് പെരുമാറുന്നതെന്നും അമേരിക്ക പോലുള്ള വലിയൊരു രാഷ്ട്രത്തിന്റെ നേതാവിനെ പോലെയല്ല അദ്ദേഹത്തിന്റെ വാക്കുകളെന്നും അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ ഡയറക്ടര്‍ നിഹാദ് അവാദ് പറഞ്ഞു.
ഇത് വെറും വാക്കുകളല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിഭാഗീയതയും വിദ്വേഷവും സൃഷ്ടിക്കാനും മുസ്‌ലിംകള്‍ക്കെതിരെയും പള്ളികള്‍ക്കെതിരെയും സംഘര്‍ഷമുണ്ടാക്കാനും ട്രംപും കേഴ്‌സണും ഇസ്‌ലാമോഫോബിയയെ ഉപയോഗിക്കുകയാണ്. ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ ലക്ഷക്കണക്കിന് അമേരിക്കന്‍ മുസ്‌ലിംകളുടെയും അവരുടെ മക്കളുടെയും ജീവന്‍ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുസ്‌ലിം നേതാക്കളും ട്രംപിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
സിറിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികളെ ഇത്തരം പരാമര്‍ശങ്ങള്‍ ദുരിതത്തിലാക്കുമെന്ന് യു എന്‍ അഭയാര്‍ഥി ഏജന്‍സി യു എന്‍ എച്ച് സി ആര്‍ ചൂണ്ടിക്കാട്ടി. ട്രംപ് ഉള്‍പ്പെടെ നേരത്തെ നിരവധി ഗവര്‍ണര്‍മാരും അഭയാര്‍ഥിവിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി നിരവധി അഭയാര്‍ഥികളെ ഏറ്റെടുക്കുമെന്ന് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.

പ്രതിപക്ഷമായ ഡെമോക്രാറ്റിക് അംഗങ്ങളും ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചു. യുക്തിരഹിതനായ ഫാസിസ്റ്റ് എന്നാണ് മാരിലാന്‍ഡ് മുന്‍ ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഓ മാല്ലി ഇതിനെ വിശേഷിപ്പിച്ചത്. തെറ്റായ മുന്‍ധാരണയുടെ അടിസ്ഥാനത്തിലുള്ളതും വിഭാഗീയത സൃഷ്ടിക്കാന്‍ ലക്ഷ്യം വെച്ചുള്ളതുമാണ് ട്രംപിന്റെ വാക്കുകളെന്ന് ഹിലാരി ക്ലിന്റണ്‍ കുറ്റപ്പെടുത്തി.