Connect with us

Kasargod

കാഞ്ഞങ്ങാട്ടെ സബ് ഡിപ്പോയോട് അവഗണന; കെ എസ് ആര്‍ ടി സി ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നു

Published

|

Last Updated

കാഞ്ഞങ്ങാട്: കെ എസ് ആര്‍ ടി സിയുടെ കാഞ്ഞങ്ങാട് സബ് ഡിപ്പോയോട് ബന്ധപ്പെട്ട അധികാരികള്‍ക്ക് കടുത്ത അവഗണന. ആവശ്യത്തിന് ബസുകളും ജീവനക്കാരുമില്ലാത്ത ഈ ഡിപ്പോയുടെ അവസ്ഥ അങ്ങേയറ്റം ദയനീയമാണ്. ഇതുമൂലം രാത്രികാലയാത്ര അങ്ങേയറ്റം ക്ലേശകരമാകവുകയാണ്.
2013 മാര്‍ച്ച് 24നാണ് കെ എസ് ആര്‍ ടി സിയുടെ കാഞ്ഞങ്ങാട് ഡിപ്പോ ആരംഭിച്ചത്. ഇവിടെ ഡിപ്പോ നിലവില്‍ വന്നപ്പോള്‍ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാനാകുമെന്ന് കരുതിയിരുന്നു.എന്നാല്‍ ഡിപ്പോ കൊണ്ട് വലിയ പ്രയോജനമില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍. പതിനഞ്ചിലധികം ഷെഡ്യൂളുകളാണ് ദിവസേന ഇവിടെ നിന്ന് റദ്ദ് ചെയ്യുന്നത്. പാണത്തൂര്‍, ചിറ്റാരിക്കാല്‍, എളേരി തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ ലക്ഷ്യമിട്ട് 50 ഷെഡ്യൂളുകളാണ് ഡിപ്പോയുടെ തുടക്കത്തില്‍ തന്നെ നിശ്ചയിച്ചിരുന്നതെങ്കിലും അന്നുമുതല്‍തന്നെ പത്ത് ഷെഡ്യൂളുകള്‍ ദിവസേന റദ്ദ് ചെയ്യേണ്ട അവസ്ഥ സംജാതമാവുകയായിരുന്നു.
സബ് ഡിപ്പോ തുടങ്ങി രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിലവില്‍ 60 ഷെഡ്യൂളുകളാണുള്ളത്. ഈ ഷെഡ്യൂളുകള്‍ കൃത്യമായി സര്‍വ്വീസ് നടത്താന്‍ 66 ബസുകളും 165 ഓളം ജീവനക്കാരുമാണ് വേണ്ടത്. എന്നാലിപ്പോള്‍ 52 ബസുകള്‍ മാത്രമാണ് കാഞ്ഞങ്ങാട് സബ് ഡിപ്പോയിലുള്ളത്. മണ്ഡലകാലമായതിനാല്‍ രണ്ടുബസുകള്‍ പമ്പാ സര്‍വീസിന് കൊണ്ടുപോയിട്ടുണ്ട്. സ്‌പെയര്‍ പാര്‍ട്‌സുകളുടെ കുറവുകാരണം ആറോളം ബസുകള്‍ കട്ടപ്പുറത്തുമാണ്.
കാസര്‍കോട്ടേക്കും കാഞ്ഞങ്ങാടിന്റെ മലയോരമേഖലകളിലേക്കും രാത്രികാലങ്ങളില്‍ ഇവിടെ നിന്നും കെ എസ് ആര്‍ ടി സി ബസുകള്‍ കുറവാണ്. രാത്രി ഒമ്പത് മണിക്കുശേഷം കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനിലെത്തുന്ന പല യാത്രക്കാര്‍ക്കും ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ അമിതനിരക്ക് നല്‍കി ടാക്‌സികളെയും മറ്റും ആശ്രയിക്കേണ്ടിവരുന്നു. ചന്ദ്രഗിരി റൂട്ടിലേക്ക് പോലും രാത്രി എട്ട് മണി കഴിഞ്ഞാല്‍ കെ എസ് ആര്‍ ടി സി ബസില്ല. ഇതുവഴി സര്‍വീസ് നടത്തേണ്ട ബസുകള്‍ മംഗളൂരു റൂട്ടിലാണ് സര്‍വ്വീസ് നടത്തുന്നത്. കൊന്നക്കാട്, മടിക്കൈ, എളേരി തുടങ്ങിയ ഭാഗങ്ങളിലേക്ക് കൂടുതല്‍ സര്‍വീസെന്ന വാഗ്ദാനം ഇനിയും നടപ്പിലായിട്ടില്ല.

Latest