ഖത്വര്‍ മനുഷ്യാവകാശ കമ്മിറ്റിക്ക് ഐ സി സിയുടെ എ സ്റ്റാറ്റസ്

Posted on: December 7, 2015 10:24 pm | Last updated: December 7, 2015 at 10:24 pm

national humon rights committieദോഹ: ഖത്വറര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി (ക്യു എന്‍ എച്ച് ആര്‍ സി)ക്ക് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി (ഐ സി സി)യുടെ എ സ്റ്റാറ്റസ്. ഇത് രണ്ടാം തവണയാണ് ഖത്വര്‍ മനുഷ്യാവകാശ കമ്മിറ്റിക്ക് ഈ അംഗീകാരം ലഭിക്കുന്നത്. നിഷ്പക്ഷത, സ്വാതന്ത്ര്യം, വിശ്വാസ്യത തുടങ്ങിയ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് അവക്കധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ദേശീയ സ്ഥാപനങ്ങള്‍ക്കാണ് ഈ അംഗീകാരം ലഭിക്കുകയെന്ന് ദേശീയ മനുഷ്യാവകാശ കമ്മിറ്റി ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമീഖ് അല്‍ മര്‍റി പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരമൊരു പദവി ലഭിക്കുന്ന ഗള്‍ഫ് മേഖലയിലെയും അറബ് ലോകത്തെയും അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിറ്റി. കഠിനപ്രയത്‌നത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്നും ഇത് വെറുതെ ലഭിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി കടമ്പകളും വ്യവസ്ഥകളും നടപടിക്രമങ്ങളും പ്രായോഗിക പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമേ ഇത്തരമൊരു അംഗീകാരം ഐ സി സി നല്‍കുകയുള്ളൂ. മനുഷ്യാവകാശ സംരക്ഷണത്തിന് ഖത്വറില്‍ അനുകൂലവും സ്വതന്ത്രവുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ സംരക്ഷണത്തില്‍ ഭരണകൂടം ബദ്ധശ്രദ്ധരാണ്. പാരീസ് വ്യവസ്ഥകളിലെ ഇരുപതോളം മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് ഐ സി സി പരിശോധിക്കും. അംഗത്വം, സ്വാതന്ത്ര്യം, പ്രത്യേക അവകാശം, അടിസ്ഥാന സൗകര്യ വികസനം, സ്റ്റാഫ് പാറ്റേണ്‍, ബജറ്റ് തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഐ സി സി നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. 2010ലെ പതിനേഴാം നമ്പര്‍ നിയമമനുസരിച്ചാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും ഉടമ്പടികളും പാലിക്കാന്‍ ഭരണകൂടത്തെ ദേശീയ മനുഷ്യാവകാശ കമ്മിറ്റി പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം വിലയിരുത്തിയാണ് ഇപ്പോഴത്തെ അംഗീകാരമെന്നും അല്‍ മര്‍റി അറിയിച്ചു.