ബലൂണ്‍ ഫിയസ്റ്റ: ഗതാഗതം തടസ്സപ്പെടാന്‍ ഇടയാക്കി

Posted on: December 7, 2015 9:00 pm | Last updated: December 7, 2015 at 9:00 pm
ദുബൈയില്‍ നടന്ന ഇന്റര്‍നാഷണല്‍ ബലൂണ്‍ ഫിയസ്റ്റയില്‍ നിന്ന്
ദുബൈയില്‍ നടന്ന ഇന്റര്‍നാഷണല്‍ ബലൂണ്‍ ഫിയസ്റ്റയില്‍ നിന്ന്

ദുബൈ: ദുബൈ ഇന്റര്‍നാഷണല്‍ ബലൂണ്‍ ഫിയസ്റ്റയുടെ ഭാഗമായി നൂറു കണക്കിന് ആളുകള്‍ ബലൂണ്‍ പറത്താന്‍ പുറപ്പെട്ടത് നഗരത്തില്‍ ഗതാഗതം തടസ്സപ്പെടാന്‍ ഇടയാക്കി. ശൈഖ് സായിദ് റോഡിലും ഇ 66ലുമാണ് കനത്ത തോതില്‍ ഗതാഗതക്കുരുക്ക് ബലൂണ്‍ പറത്തലുമായി ബന്ധപ്പെട്ട് രൂപപ്പെട്ടത്. ഗ്ലോബല്‍ വില്ലേജ് കേന്ദ്രമാക്കിയായിരുന്നു ബലൂണ്‍ പറത്തല്‍ നടന്നത്. ഇന്നലെ രാവിലെ മുതല്‍ ബലൂണ്‍ പറത്താനായി പുറപ്പെട്ടവരുടെ ആധിക്യമാണ് റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. രാവിലെ 9.15ന് നാദ് അല്‍ ഷിബയില്‍ നിന്ന ്ഹദീഖ സ്ട്രീറ്റിലേക്കുള്ള ഭാഗത്തും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
ശൈഖ് സായിദ് റോഡില്‍ ദുബൈ കനാല്‍ ജോലികള്‍ നടക്കുന്ന ഭാഗത്ത് രാവിലെ കനത്ത ഗതാഗക്കുരുക്കാണ് അനുഭവപ്പെട്ടതെന്ന് ദൃസാക്ഷിയായ എസ് സുധീര്‍ വ്യക്തമാക്കി. നാദ് അല്‍ ഷിബ-മെയ്ദാന്‍ റോഡ് ജംങ്ഷന്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇതുമൂലം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ശൈഖ് സായിദ് റോഡില്‍ എത്താന്‍ അല്‍ മെയ്ദാന്‍ സ്ട്രീറ്റില്‍ നിന്ന് ഒരു മണിക്കൂര്‍ വേണ്ടിവന്നെന്ന് മറ്റൊരു യാത്രക്കാരനായ അന്തോണി പറഞ്ഞു.
ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതിന് മുമ്പ് നാദ് അല്‍ ഷിബയിലെ ഇ 66 ജങ്ഷനില്‍ അപകടം സംഭവിച്ചിരുന്നു. ദുബൈ ദിശയിലായിരുന്നു അപകടം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട ഗാതഗതക്കുരുക്ക് മാറിയ ഉടനെയായിരുന്നു ബലൂണ്‍ പറത്തലുമായി ബന്ധപ്പെട്ട് വീണ്ടും ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഡി 63 ഉമ്മു സുഖീം റോഡില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ഇന്റര്‍സെക്ഷന് ശേഷം ശൈഖ് സായിദ് റോഡിലേക്കും ജുമൈറയിലേക്കും പോകുന്നിടത്തും കനത്ത ഗതാഗതക്കുരുക്കായിരുന്നു.