പോലീസിന്റെ ക്യാമറക്കണ്ണില്‍ കുടുങ്ങിയത് അര ലക്ഷത്തോളം നിയമലംഘകര്‍

Posted on: December 7, 2015 8:50 pm | Last updated: December 8, 2015 at 8:25 pm

cameraദുബൈ: ട്രാഫിക് സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ ഫലം കാണുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച വെട്രോണിക് ഇനത്തിലെ ക്യാമറകള്‍ കാരണം അപകടനിരക്കും അപകടങ്ങളില്‍ പെട്ടുള്ള മരണ നിരക്കും കുറയാനിടയാക്കിയതായി ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഈ വ്യക്തമാക്കി.
അമിത വേഗതയാണ് റോഡപകടങ്ങളുടെ പ്രധാന കാരണമെന്നതിനാല്‍ ഇത്തരക്കാരെ നിയന്ത്രിക്കുന്നതാണ് ദുബൈ പോലീസിന്റെ ട്രാഫിക് സ്ട്രാറ്റജിയുടെ പ്രധാനം. ഇതിന്റെ ഭാഗമാണ് ഇരുദിശയില്‍ നിന്നുള്ള നിയമ ലംഘകരെ കണ്ടെത്താന്‍ കഴിയുന്ന വെട്രോണിക് ഇനത്തില്‍ പെട്ട ക്യാമറകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ 11 മാസത്തിനിടെ ദുബൈയുടെ വിവിധ ഭാഗങ്ങളിലെ ക്യാമറകളില്‍ കുടുങ്ങിയത് 48,882 നിയമലംഘകര്‍.
അമിത വേഗത്തിനൊപ്പം ചുവപ്പ് സിഗ്‌നല്‍ മറികടക്കല്‍, സുരക്ഷാ ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഷോള്‍ഡര്‍ ലൈനിലൂടെ വാഹനമോടിക്കല്‍ തുടങ്ങിയ വിവിധതരം നിയമലംഘനങ്ങളും വെട്രോണിക് ക്യാമറകള്‍ ഒപ്പിയെടുക്കും. കഴിഞ്ഞ 11 മാസത്തിനിടെ പിടികൂടിയ അര ലക്ഷത്തോളം പേരില്‍ 21,374 പേരും ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്നവരാണെന്ന് അല്‍ മസ്‌റൂഈ അറിയിച്ചു. 20,780 പേര്‍ ചുവപ്പ് സിഗ്‌നല്‍ മറികടന്നതിനും 6,512 പേര്‍ ഭാരവാഹനം നിശ്ചിത ട്രാക്കുകളിലല്ലാതെ ഓടിച്ചതിനുമാണ് പിടിക്കപ്പെട്ടത്.
ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ അവഗണിച്ച് വാഹനമോടിച്ച 3009 പേരും സുരക്ഷാബെല്‍റ്റ് ധരിക്കാത്തതിന് 109 പേരും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 86 പേരും നമ്പര്‍പ്ലേറ്റ് വാഹനത്തിന്റെ നിശ്ചിത സ്ഥാനത്ത് സ്ഥാപിക്കാത്തതിന് 19 പേരും തീരേ നമ്പര്‍ പ്ലേറ്റില്ലാതെ ഓടിച്ചതിന് രണ്ടു പേരും ക്യാമറയില്‍ കുടുങ്ങി.