പ്രധാനമന്ത്രിക്കെതിരെ ആക്രമണം നടത്താന്‍ ലഷ്‌കര്‍-ഇ-ത്വയ്ബ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്

Posted on: December 6, 2015 11:54 am | Last updated: December 7, 2015 at 12:17 pm
SHARE

PM-Modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം നടത്താന്‍ പാക് ഭീകര സംഘടന ലഷ്‌കര്‍-ഇ-ത്വയ്ബ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ മോദി പങ്കെടുക്കുന്ന ചടങ്ങുകളെ ഭീകരര്‍ ഉന്നംവയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. മറ്റു പ്രമുഖ നേതാക്കള്‍ക്കെതിരെ വധശ്രമമുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ആക്രമണങ്ങള്‍ നടത്തുന്നതിനായി ലഷ്‌കര്‍ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായി ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 26/ 11 പോലുള്ള ആക്രമണത്തിനാണ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബാബരി മസ്ജിദ് തര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഇന്ന് ഡല്‍ഹിയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം റിപ്പബ്ലിക് ദിനത്തിന് മുമ്പായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടതായി കഴിഞ്ഞ ദിവസം പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐ സഹായത്തോടെ ലശ്കറെ ത്വയ്യിബയാണ് ആക്രമണ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നായിരുന്നു പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍). കഴിഞ്ഞ ദിവസം പോലീസ് ഇതു സംബന്ധിച്ച് കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ലശ്കറിന്റെ ആക്രമണ പദ്ധതിയെ കുറിച്ച് വിവരങ്ങളുള്ളത്. നേരത്തേ ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്ന ദുജാന, ഉക്കാഷ എന്നീ തീവ്രവാദി നേതാക്കളെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും ഡല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ സെല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here