ഓപറേഷന്‍ അനന്തമായി നീളുന്നു; താലൂക്ക് സമിതി ബഹിഷ്‌കരിച്ചു

Posted on: December 6, 2015 7:06 am | Last updated: December 6, 2015 at 7:06 am

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തില്‍ തുടങ്ങിയ ഓപറേഷന്‍ അനന്ത അനിശ്ചിതത്വത്തിലായത് പ്രതിഷേധത്തിന് ഇടയാക്കി. താലൂക്ക് വികസന സമിതിയില്‍ രാഷ്ട്രീയ പ്രതിനിധികള്‍ പ്രതിഷേധക സൂചകമായി ഇറങ്ങിപ്പോയി. നഗരത്തിലെ അനധികൃത കൈയേറ്റ ങ്ങള്‍ ഒഴിപ്പിക്കാന്‍ ഒക്‌ടോബറില്‍ ആരംഭിച്ച ഓപ്പറേഷന്‍ അനന്തയാണ് എങ്ങുമെത്താതെ നീളുന്നത്.
സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കി സ്വമേധയാ ഒഴിയാനുളള സമയക്രമവും പൂര്‍ത്തിയായതിനു ശേഷം അധികൃതരുടെ ഭാഗത്തുനിന്നും കൈയ്യേറ്റങ്ങളൊഴിപ്പിക്കാന്‍ തുടര്‍ നടപടികളില്ലാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. കൈയേറ്റം ഒഴിയാന്‍ നോട്ടീസ് ലഭിച്ച ചില കെട്ടിടയുടമകള്‍ റീസര്‍വ്വെക്ക് അപേക്ഷ നല്‍കുകയും ജില്ലാ സര്‍വ്വെ ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് റീസര്‍വ്വെ നടപടികള്‍ ഇനിയും പൂര്‍ത്തിയാകാത്തതുമാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നീളാന്‍ കാരണമായി പറയുന്നത്.
ചില കെട്ടിടയുടമകളെല്ലാം കയ്യേറ്റങ്ങള്‍ സ്വമേധയാ പൊളിച്ചുനീക്കിയിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം കെട്ടിടയുടമകളും നോട്ടീസ് കൈപറ്റിയിട്ടും കയ്യേറ്റമൊഴിയാതെ തുടരുകയാണ്. കര്‍ശന നടപടികളുണ്ടാവുമെന്ന് പത്രമാധ്യമങ്ങളിലൂടെയുളള അറിയിപ്പ് അല്ലാതെ അധികൃതരുടെ ഭാഗത്തുനിന്നും കര്‍ശനമായ നടപടികളില്ലാത്തത് ഓപ്പറേഷന്‍ അനന്തയെ നിശ്ചലമാക്കിയിരിക്കുകയാണ്.
ശനിയാഴ്ച നടന്ന താലൂക്ക് വികസന സമിതിയില്‍ രൂക്ഷമായ തര്‍ക്കമുണ്ടാവുകയും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഓപ്പറേഷന്‍ അനന്തയെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഇറങ്ങിപോവുകയും ചെയ്തു. ഓപ്പറേഷന്‍ അനന്ത കാര്യക്ഷമമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.