സിറിയയിലെ 1500ഓളം പ്രധാന കേന്ദ്രങ്ങളില്‍ റഷ്യന്‍ ആക്രമണം

Posted on: December 6, 2015 12:03 am | Last updated: December 6, 2015 at 12:03 am

syria airstrike file photoമോസ്‌കോ: കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സിറിയയിലെ 1500ഓളം പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി റഷ്യ. ഒരാഴ്ച മുമ്പ് റഷ്യന്‍ യാത്രാ വിമാനം ഇസില്‍ തീവ്രവാദികള്‍ വെടിവെച്ചിട്ടതിന് പിന്നാലെയാണ് റഷ്യ അവിടെ ആക്രമണം തുടങ്ങിയത്. ഇസില്‍ തീവ്രവാദികളുടെതും അല്ലാത്തതുമായ നിരവധി കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചതായി റഷ്യന്‍ പ്രതിരോധ വക്താവ് ഇഗോര്‍ കൊനഷങ്കോവ് അറിയിച്ചു. ഹോംസ് മേഖലയിലെ നൈഫസ്, വന്‍തോതില്‍ യുദ്ധോപകരണങ്ങള്‍ സൂക്ഷിച്ച ഹമ മേഖലയിലെ മൊറേക് എന്നിവ ആക്രണത്തിനിരയായ പ്രദേശങ്ങളില്‍പ്പെടും. ഹസ്മുല്‍ അബ്‌യദ് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന ഭൂഗര്‍ഭ മേഖലകളും നശിപ്പിക്കപ്പെട്ടു. അലപ്പോ, റഖ എന്നിവിടങ്ങളില്‍ വന്‍തോതില്‍ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.
എട്ട് എണ്ണപ്പാടങ്ങളും ഇന്ധന സ്റ്റേഷനുകളും നശിപ്പിച്ചു. അനധികൃത എണ്ണക്കച്ചവടം നടത്തിയിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നും തീവ്രവാദികളുടെ പ്രധാന വരുമാന സ്രോതസ്സുകള്‍ നശിപ്പിക്കപ്പെട്ടതായും പ്രതിരോധ വക്താവ് പറഞ്ഞു. 8500 ടാങ്കറുകളിലായി പ്രതിദിനം രണ്ട് ലക്ഷം ബാരല്‍ ക്രൂഡ് ഓയിലായിരുന്നു കടത്തിയിരുന്നത്. തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ച തന്ത്രപ്രധാന കേന്ദ്രമായ ലഡാക്കിയ മേഖലയിലെ കസബില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇസില്‍ ഇവിടെ നിന്ന് താവളം മാറ്റിയതായി റഷ്യന്‍ സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.
യാത്രാവിമാനം തുര്‍ക്കി വെടിവെച്ചിട്ടതിന് പിന്നാലെ റഷ്യ തുര്‍ക്കിയിലേക്ക് എസ് യു വിമാനങ്ങളയച്ചിരുന്നു. ഇസില്‍ തീവ്രവാദികളെ തുര്‍ക്കി സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തിയിരുന്നു.