പാര്‍ലിമെന്റ് പിന്തുണച്ചു; ബ്രിട്ടന്‍ സിറിയയില്‍ വ്യോമാക്രമണം തുടങ്ങി

Posted on: December 4, 2015 5:10 am | Last updated: December 4, 2015 at 1:12 am
britain-syria
സിറിയന്‍ യുദ്ധത്തിന് പിന്തുണ നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ബ്രിട്ടീഷ് പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യുന്നു

ലണ്ടന്‍: പാര്‍ലിമെന്റിന്റെ അനുമതി ലഭിച്ചതോടെ ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ സിറിയയിലെ ഇസില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം തുടങ്ങി. ആക്രമണം നടത്തിയെന്നും ഇതിന് ശേഷം ബ്രിട്ടന്റെ യുദ്ധവിമാനങ്ങള്‍ വ്യോമ കേന്ദ്രത്തില്‍ തിരിച്ചെത്തിയതായും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. ഇസില്‍ നിയന്ത്രണം പിടിച്ചെടുത്ത എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നും സിറിയയില്‍ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന മറ്റു രാജ്യങ്ങളുമായി കൂടിയാലോചന നടത്തിയാണ് ആക്രമണമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ സിറിയയിലെ ഉമര്‍ എണ്ണപ്പാടങ്ങളെ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടന്നത്. ആറ് കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയതായും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ സിറിയയിലെ വ്യോമാക്രമണത്തെ പിന്തുണച്ച് ഭൂരിഭാഗവും വോട്ട് ചെയ്യുകയായിരുന്നു. 397 പേര്‍ ഈ നീക്കത്തെ പിന്തുണച്ചപ്പോള്‍ 223 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ലേബര്‍ പാര്‍ട്ടി എം പിമാരുടെയും പിന്തുണ ഡേവിഡ് കാമറൂണിന് ലഭിച്ചു. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍, സിറിയയിലെ ബ്രിട്ടന്റെ ഇടപെടലുകളെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണ്. ഇറാഖിലും അഫ്ഗാനിലും ലിബിയയിലും നേരത്തെ ബ്രിട്ടന്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ ഫലമെന്താണെന്ന് മനസ്സിലാക്കി മാത്രമേ സിറിയയില്‍ ഇടപെടാവൂ എന്നും ഇതിന്റെ അനന്തര ഫലം ബ്രിട്ടന്‍ അനുഭവിക്കുമെന്നും നേരത്തെ ജെറമി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ, രാജ്യത്തെങ്ങും ആയിരങ്ങള്‍ പങ്കെടുത്ത സിറിയന്‍ യുദ്ധവിരുദ്ധ റാലിയും അരങ്ങേറി. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചാണ് ഇപ്പോള്‍ ഡേവിഡ് കാമറൂണ്‍ സിറിയയില്‍ വ്യോമാക്രമണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ബ്രിട്ടന് പുറമെ അമേരിക്കയും ഫ്രാന്‍സും നിലവില്‍ സിറിയയില്‍ ഇസില്‍വിരുദ്ധ യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അസദിന്റെ ആവശ്യപ്രകാരം റഷ്യയും യുദ്ധത്തില്‍ പങ്കാളികളാണ്. റഷ്യയുടെ ഇടപെടലിനെ വിമര്‍ശിച്ച് നേരത്തെ അമേരിക്ക രംഗത്തെത്തിയിരുന്നു.