Connect with us

National

അജ്മീര്‍ സ്‌ഫോടന കേസ്: സാക്ഷികള്‍ കൂറുമാറുന്നു

Published

|

Last Updated

ജയ്പൂര്‍: ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ അജ്മീര്‍ സ്‌ഫോടനക്കേസില്‍ സാക്ഷികള്‍ നിരന്തരം കൂറുമാറുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 24 സാക്ഷികളാണ് കേസില്‍ മൊഴിമാറ്റിയത്. 2007ലെ അജ്മീര്‍ സ്‌ഫോടനത്തില്‍ വ്യക്തമായി പങ്കുള്ള പ്രതികളുടെ വിചാരണ അട്ടിമറിക്കുന്ന തരത്തില്‍ സാക്ഷികള്‍ കൂറുമാറുന്നതിന്റെ കാരണം ദുരൂഹമാണെന്ന് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യിലെ ഉന്നതര്‍ പറയുന്നു.
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ എവിടെ നിര്‍മിച്ചു, എങ്ങനെ അത് അജ്മീര്‍ ദര്‍ഗയില്‍ എത്തിച്ചു തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ സാക്ഷികള്‍ കൂറു മാറിയതോടെ കേസ് ദുര്‍ബലമായിരിക്കുകയാണ്. തീവ്രവാദവിരുദ്ധ സ്‌ക്വാഡിന് മുമ്പാകെ നല്‍കിയ മൊഴികള്‍ സമ്മര്‍ദത്തിന് അടിമപ്പെട്ട് നല്‍കിയതാണെന്ന നിലപാടാണ് സാക്ഷികള്‍ കോടതിയില്‍ വെച്ചിരിക്കുന്നത്. 15 പ്രതികള്‍ക്കെതിരെ നാല് കുറ്റപത്രങ്ങളാണ് എന്‍ ഐ എ സമര്‍പ്പിച്ചിട്ടുള്ളത്. നാല് പ്രതികള്‍ ഒളിവിലാണ്. മൊത്തം 132 സാക്ഷികളുടെ പേരുകളാണ് ഈ കുറ്റപത്രങ്ങളിലുള്ളത്. ഇതില്‍ 110 പേരെ വിസ്തരിച്ചു കഴിഞ്ഞു.
ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ കേസുകളില്‍ ഇത്തരത്തില്‍ കൂറുമാറ്റം നടക്കുന്നത് ഇതാദ്യമല്ല. 2006 സെപ്തംബറിലും 2008 സെപ്തംബറിലുമായി മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന സ്‌ഫോടനങ്ങളുടെ സ്ഥിതിയും ഇത് തന്നെയാണ്. സംഝോധ എക്‌സ്പ്രസ് കേസിലെ സാക്ഷികളും കൂറുമാറിയിരുന്നു. ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ മക്കാ മസ്ജിദ് കേസും സാക്ഷികള്‍ മൊഴിമാറ്റിയതിനാല്‍ ദുര്‍ബലമായിരിക്കുകയാണ്. അജ്മീര്‍ കേസില്‍ കൂറുമാറിയതില്‍ പ്രധാനി ഝാര്‍ഖണ്ഡ് കൃഷി മന്ത്രി രണ്‍ധീര്‍ സിംഗാണ്. കേസിലെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ദേവേന്ദ്ര ഗുപ്തയുമായി 2006ല്‍ അദ്ദേഹം സംസാരിച്ചത് സംബന്ധിച്ച മൊഴിയില്‍ നിന്നാണ് സിംഗ് പിന്നാക്കം പോയത്. മറ്റൊരു പ്രതിയായ സുനില്‍ ജോഷിയും ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകനുമൊത്ത് തന്റെ കാറില്‍ അജ്മീറിലെ ഗ്രാമത്തില്‍ ചെന്നുവെന്ന് സിംഗ് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ മൊഴികളെല്ലാം എ ടി എസിന്റെ സമ്മര്‍ദത്തിന് വഴങ്ങി നല്‍കിയതാണെന്നാണ് സിംഗ് കോടതിയില്‍ പറഞ്ഞത്. ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച നേതാവ് ബാബു ലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നിന്ന് ഫെബ്രുവരിയില്‍ രാജിവെച്ച രണ്‍ധീര്‍ സിംഗ് പിന്നീട് വന്ന രഘുബര്‍ ദാസ് നയിക്കുന്ന ബി ജെ പി സര്‍ക്കാറില്‍ ചേരുകയായിരുന്നു. ഈ രാഷ്ട്രീയ മാറ്റം തന്നെയാണ് കൂറുമാറ്റത്തിന് കാരണം. സ്‌ഫോടനത്തിന് ഉപയോഗിച്ച സിം കാര്‍ഡ് സംബന്ധിച്ച് മൊഴി നല്‍കിയ നിര്‍ണായക സാക്ഷി ഗോവര്‍ധന്‍ സിംഗും മൊഴി മാറ്റിയിരുന്നു.
ഇനി മൂന്നോ നാലോ സാക്ഷികള്‍ കൂടി കൂറുമാറിയാല്‍ കോടതിയില്‍ കേസ് പൊളിയുമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അശ്വനി ശര്‍മ പറയുന്നു. ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ കേസുകളില്‍ എന്‍ ഡി എ സര്‍ക്കാര്‍ ഇടപെടുകയാണെന്നും പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതികളായ ദേവേന്ദ്ര ഗുപ്തക്കും ലോകേഷ് ശര്‍മക്കും ജാമ്യം അനുവദിച്ച ആന്ധ്രാ ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ ഐ എയെ അനുവദിച്ചിരുന്നില്ല. സംഝോധ കേസില്‍ സ്വാമി അസിമാനന്ദക്ക് പഞ്ചാബ്, ഹരിയാനാ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇത് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഇതുവരെ എന്‍ ഐ എ തയ്യാറായിട്ടില്ല. മലേഗാവ് കേസില്‍ എന്‍ ഐ എ പ്രോസിക്യൂട്ടര്‍ ആയിരുന്ന രോഹിണി സാലിയാന്‍ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാറിന്റെ ഇടപെടല്‍ വ്യക്തമാക്കുന്നതാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, കേസിലെ പ്രതികളോട് മൃദു സമീപനം മതിയെന്ന് ഏജന്‍സിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍.

Latest