Connect with us

Gulf

പരിസ്ഥിതി സൗഹൃദ ഊര്‍ജ വഴികളിലേക്ക് അതിവേഗം

Published

|

Last Updated

പരിസ്ഥിതി സൗഹൃദ ഊര്‍ജവഴികളെക്കുറിച്ച്, മേഖലയില്‍ ഏറ്റവും ചിന്തിക്കുന്നത് യു എ ഇ. രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ ഭാവി ഓര്‍ത്താണിത്. എണ്ണ, കല്‍ക്കരി, ആണവ സ്രോതസുകളില്‍ നിന്നുള്ള ഊര്‍ജം പരിസ്ഥിതി മലിനീകരണത്തിനും പിന്നാലെ കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു. ഹരിത ഗൃഹ വാതകം (കാര്‍ബണ്‍) അന്തരീക്ഷത്തില്‍ നിറയുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന് അടിസ്ഥാനം. ഇത്തരം വാതകം ഭൂമിയെ സംരക്ഷിക്കുന്ന “ഓസോണ്‍” പാളിയില്‍ സുഷിരം വീഴ്ത്തുന്നതിനാല്‍ കാലാവസ്ഥ മാറും. പാരീസില്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ ഏറെ വ്യാകുലപ്പെട്ടത് അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചാണ്. സമീപഭാവിയില്‍ അനേകം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍, പരിസ്ഥിതി സൗഹൃദ ഊര്‍ജവഴികള്‍ അനിവാര്യം.
അബുദാബിയില്‍ മസ്ദര്‍ സിറ്റിയില്‍ മധ്യപൗരസ്ത്യ ദേശത്തിലെ വലിയ “ഫോച്ചോ വോള്‍ട്ടെയ്ക് പ്ലാന്റ്” (സൗരോര്‍ജ ആഗിരണ പാടങ്ങള്‍) സ്ഥാപിച്ചുകൊണ്ടാണ് യു എ ഇ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായത്. 17,500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ പദ്ധതിക്കുണ്ട്. 15,000 ടണ്‍ ഹരിത ഗൃഹ വാതക പുറന്തള്ളല്‍ ഇതോടെ ഇല്ലാതാകും. പാരമ്പര്യേതര ഊര്‍ജ ഗവേഷണത്തിന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ഇവിടെ സ്ഥാപിച്ചു. ഇവിടെ നിന്ന് ബിരുദം നേടുന്ന വിദ്യാര്‍ഥികള്‍ ഭാവിയിലെ ശാസ്ത്രജ്ഞരാണ്.
ദുബൈ ഒട്ടും പുറകിലല്ല. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക് ദുബൈയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നു. ലോകത്തിലെ വലിയ “സിംഗിള്‍ സൈറ്റ് സോളാര്‍ പ്രൊജക്ട്” ആണിത്. 2030ഓടെ 5,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. 5,000 കോടി ദിര്‍ഹമാണ് ഇവിടെ ദുബൈ ഭരണകൂടം ചെലവ് ചെയ്യുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്വപ്‌ന പദ്ധതിയാണിത്.
2012ല്‍ നിര്‍മാണം തുടങ്ങി ഒരു വര്‍ഷത്തിനകം 13 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. മൊത്തം 45 ലക്ഷം ചതുരശ്ര മീറ്ററിലാണ് പദ്ധതി. അബുദാബി, ദുബൈ നഗരങ്ങള്‍ പിന്നെയും വളര്‍ന്നുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് പദ്ധതികള്‍ ഇനിയും വരാനുണ്ട്. സാമ്പത്തിക മേഖലയില്‍ വൈവിധ്യതയുള്ളതിനാല്‍ എണ്ണ സ്രോതസ് വറ്റിയാലും യു എ ഇ നഗരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയും. ജി സി സി റെയില്‍ യാഥാര്‍ഥ്യമാകുന്നതോടെ യു എ ഇയിലേക്ക് ആളുകളുടെ കുത്തൊഴുക്കുണ്ടാകും. അതുകൊണ്ട് വൈദ്യുതി, ജല ഉപഭോഗം വന്‍തോതിലാകും. അത് പരിസ്ഥിതി സൗഹൃദ പദ്ധതികളില്‍ നിന്നായിരിക്കുകയും വേണം. ആ വെല്ലുവിളിയാണ് ഭരണാധികാരികള്‍ ഏറ്റെടുത്തിരിക്കുന്നത്.