വനം വകുപ്പ് ഓഫീസുകള്‍ക്ക് സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം

Posted on: December 3, 2015 11:17 am | Last updated: December 3, 2015 at 11:17 am

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ പൊലീസ്–മാവോയിസ്റ്റ് ഏറ്റുമുട്ടലുണ്ടായതിന്റെ പശ്ചാത്തലത്തിമണ്ണാര്‍ക്കാട് മേഖലയിലെ വനം വകുപ്പിന്റെ ഓഫിസുകള്‍ക്കു സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി.
മാവോയിസ്റ്റുകളുമായി സായുധ ഏറ്റുമുട്ടലിനു പൊലീസ് തയാറായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത ഇന്റലിജന്‍സ് വിഭാഗം തള്ളുന്നില്ല.
വനം വകുപ്പിന്റെ സൈലന്റ്‌വാലിയിലുള്ള ഔട്ട്‌പോസ്റ്റ്, പൊതോപ്പാടത്തിനു മുകളില്‍ വനത്തിനുള്ളിലെ നീലിക്കല്‍ ക്യാംപ് ഷെഡ്, പൊതോപ്പാടം ഔട്ട് പോസ്റ്റ്, അമ്പലപ്പാറ ഫോറസ്റ്റ് സ്‌റ്റേഷന്‍, ഉപ്പുകുളം ഫോറസ്റ്റ് സ്‌റ്റേഷന്‍, പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍, മണ്ണാര്‍ക്കാട് ഡി എഫ് ഒ ഓഫിസ്, സൈലന്റ്‌വാലി ഡിവിഷന്‍ ഓഫിസ്, മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസ്, ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷന്‍, തത്തേങ്ങലം ഫോറസ്റ്റ് സ്‌റ്റേഷന്‍ തുടങ്ങിയ ഓഫിസുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണു റിപ്പോര്‍ട്ട് നല്‍കിയത്.
മണ്ണാര്‍ക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് സ്‌റ്റേഷനും സൈലന്റ്‌വാലി ഡിവിഷനല്‍ ഫോറസ്റ്റ് സ്‌റ്റേഷനും മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയോടു ചേര്‍ന്നുള്ള ഒറ്റ കോംപൗണ്ടിലാണു പ്രവര്‍ത്തിക്കുന്നത്. മറ്റു സ്‌റ്റേഷനുകളൊക്കെ വനത്തിലോ വനത്തോടു ചേര്‍ന്നോ ആണുള്ളത്.
ഒറ്റപ്പെട്ടു കിടക്കുന്ന ഓഫിസുകള്‍ക്കുമേല്‍ ആക്രമണം ഉണ്ടായേക്കാമെന്നാണു രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനു നല്‍കിയ വിവരം. മണ്ണാര്‍ക്കാട് ടൗണിലെ വനം വകുപ്പിന്റെ പ്രധാന ഓഫിസുകള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. മാവോയിസ്റ്റ് പോലുള്ള സായുധരായ സംഘത്തെ നേരിടാനുള്ള സായുധ പരിശീലനം വനം വകുപ്പിനില്ല. മാവോയിസ്റ്റ് സംഘം ഉള്‍വനത്തില്‍ നിന്നിറങ്ങി ജനവാസ കേന്ദ്രത്തോടു ചേര്‍ന്നുള്ള ഒളിത്താവളങ്ങള്‍ തിരഞ്ഞെടുത്തതിനനു പിന്നില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ലക്ഷ്യം വച്ചുള്ള നീക്കമുണ്ടെന്നു പൊലീസ് സംശയിക്കുന്നു.