ജില്ലയിലേക്ക് വന്‍ തോതില്‍ മയക്ക്മരുന്ന് എത്തുന്നു: അസി. കമ്മീഷണര്‍

Posted on: December 3, 2015 11:06 am | Last updated: December 3, 2015 at 11:06 am

കോഴിക്കോട്: ജില്ലയിലേക്ക് വന്‍ തോതില്‍ മയക്ക് മരുന്നുകള്‍ എത്തുന്നതായി നോര്‍ത്ത് അസിസ്റ്റന്‍ കമ്മീഷണര്‍ ജോസി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിറ്റി പോലീസ് പരിധിയില്‍ പ്രത്യേക ആന്റി നാര്‍കോട്ടിക്‌സ് ഗ്രൂപ്പ് രൂപവത്കരിച്ച ശേഷം ഒരു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്യുന്ന അഞ്ചാമത്തെ ലഹരിവസ്തു- മയക്കുമരുന്ന് കേസാണ് ഇന്നലെ അറസ്റ്റിലായ ഒഡീഷ സ്വദേശിയുടേത്. ഫറോക്ക് പോലീസ് അഞ്ചര കിലോഗ്രാം കഞ്ചാവും, കസബ പോലീസ് രണ്ട് കിലോഗ്രാം കഞ്ചാവും, മെഡിക്കല്‍ കോളജ് പോലീസ് രണ്ട് കേസുകളിലായി നാല് കിലോ കഞ്ചാവും 700 മയക്കുഗുളികകളും, എലത്തൂര്‍ പോലീസ് 150 ഗ്രാം ഹാഷിഷുമാണ് കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയത്. ജില്ലയിലേക്ക് വന്‍തോതില്‍ മയക്കുമരുന്നും ലഹരിവസ്തുക്കളും വിപണനത്തിനായി എത്തുന്നതായാണ് കേസുകള്‍ കാണിക്കുന്നത്. ഇത്തരം മയക്ക് മരുന്ന് മാഫിയകള്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കും.
മയക്കുമരുന്ന്, ലഹരിവസ്തു വില്‍പനയെക്കുറിച്ച് വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് 9497963600 (ഷാഡോ പോലീസ്), 9497980717 (മെഡിക്കല്‍ കോളജ് എസ് ഐ) 9497980710 ( കസബ എസ് ഐ) എന്നിവരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറണമെന്നും ജോസി ചെറിയാന്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാം
മയക്ക്മരുന്ന്, ലഹരിവസ്തു വില്‍പനയെക്കുറിച്ച് വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് 9497963600 (ഷാഡോ പോലീസ്), 9497980717 (മെഡിക്കല്‍ കോളജ് എസ് ഐ) 9497980710 ( കസബ എസ് ഐ) എന്നിവരുമായി ബന്ധപ്പെടാം.