Connect with us

Gulf

ദേശീയ ദിനം: 44 ഹുബാറ പക്ഷികളെ മോചിപ്പിച്ചു

Published

|

Last Updated

യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഹുബാറ പക്ഷികളെ മോചിപ്പിക്കുന്നു

ദുബൈ: 44ാം ദേശീയ ദിനം പ്രമാണിച്ച് 44 ഹുബാറ ബസ്റ്റാഡ് പക്ഷികളെ മോചിപ്പിച്ചു. വംശനാശം നേരിടുന്ന വിഭാഗത്തില്‍പെട്ട പക്ഷികളാണ് ഹുബാറകള്‍. ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ ഹുബാറ കണ്‍സര്‍വേഷ(ഐ എഫ് എച്ച് സി)ന്റെ നേതൃത്വത്തിലായിരുന്നു പക്ഷികളെ മോചിപ്പിച്ചത്.
എല്ലാ പക്ഷികളുടെയും കാലില്‍ റിംഗുഗള്‍ ഘടിപ്പിച്ച് യു എ ഇ പതാക ടാഗ് രൂപത്തില്‍ കെട്ടിയ ശേഷമാണ് വാനിലേക്ക് പറത്തിയത്. രാജ്യത്തെ മരുപ്രദേശത്താണ് സ്വാഭാവികമായ സാഹചര്യത്തില്‍ ജീവിക്കാനായി പക്ഷികളെ പറത്തിയത്. ഏത് മേഖലയിലായിരുന്നു പക്ഷികളെ മോചിപ്പിച്ചതെന്ന് കൃത്യമായി പറയാന്‍ ഐ എഫ് എച്ച് സി അധികൃതര്‍ വിസമ്മതിച്ചു. വേട്ടക്കാരില്‍ നിന്നു ഹുബാറ ബസ്റ്റാഡ് പക്ഷികള്‍ നേരിടുന്ന ഭീഷണി കണക്കിലെടുത്താണ് ഇവയെ സ്വതന്ത്രമാക്കിയ സ്ഥലം കൃത്യമായി വെളിപ്പെടുത്താത്തത്. രാജ്യത്തിന്റെ സാംസ്‌കാരിക തനിമയുടെ ഭാഗം കൂടിയാണ് ഹുബാറ പക്ഷികള്‍. രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായ ഫാല്‍ക്കണുകളുടെ പ്രധാന ഇരയാണ് ഹുബാറ ബസ്റ്റാഡുകള്‍. അതുകൊണ്ടു തന്നെ ഹുബാറകളുടെ വംശനാശം ഫാല്‍ക്കണുകളുടെ വംശനാശത്തിലേക്ക് നയിക്കുമെന്ന് ഐ എഫ് എച്ച് സി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ബൈദാനി പറഞ്ഞു.
നമ്മുടെ മഹത്തായ ഈടുവെപ്പുകള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് ദേശീയ ദിനം കൊണ്ടാടാനുള്ള ഐ എഫ് എച്ച് സിയുടെ താല്‍പര്യത്തിന്റെ ഭാഗമാണ് പക്ഷികളെ മോചിപ്പിച്ചിരിക്കുന്നത്. യു എ ഇ രാഷ്ട്രപിതാവ് ഹുബാറകളുടെ നിലനില്‍പിനായി നടത്തിയ പ്രയത്‌നം നമുക്കും ശക്തമായി തുടരാം. ഹുബാറകളുടെ വംശനാശവുമായി ബന്ധപ്പെട്ട് സൈ്വഹാന്‍ മേഖലയിലെ മരുഭൂമിയില്‍ രണ്ടു പതിറ്റാണ്ടു മുമ്പാണ് ഇവയുടെ സംരക്ഷണത്തിന് നീക്കം നടത്തിയത്. ഹുബാറകള്‍ നേരിടുന്ന വംശനാശ ഭീഷണിയെക്കുറിച്ചും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആളുകളെ ബോധവത്കരിക്കാനും ഐ എഫ് എച്ച് സിയുടെ കീഴില്‍ ശ്രമിക്കുന്നുണ്ട്. 1996ലാണ് ഹുബാറകളുടെ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ ആവശ്യമായ വളര്‍ച്ച എത്തിയ ശേഷം പറത്തിവിടുന്ന പദ്ധതിക്ക് തുടക്കമിട്ടത്.
സെന്ററിന് കീഴില്‍ ഇതുവരെ 2,54,451 പക്ഷികളെയാണ് വിരിയിച്ച് സ്വതന്ത്രമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest