വെള്ളാപ്പള്ളിക്കെതിരെ കൊല്ലത്ത് പടയൊരുക്കം

Posted on: December 2, 2015 5:30 am | Last updated: December 2, 2015 at 12:31 am

vellappaകൊല്ലം: വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രക്ക് എസ് എന്‍ ഡി പി ആസ്ഥാനം സ്ഥിതിചെയ്യുന്ന കൊല്ലത്ത് നാളെ സ്വീകരണം നല്‍കാനിരിക്കെ പ്രതിഷേധവുമായി എസ് എന്‍ ഡി പി യോഗത്തിന്റെ മുന്‍നേതാക്കള്‍. എസ് എസ് എന്‍ ഡി പി യോഗം മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ ഗോപിനാഥന്‍, കൊല്ലം യൂനിയന്‍ മുന്‍ പ്രസിഡന്റ് ബി പുരുഷോത്തമന്‍, എസ് എന്‍ ട്രസ്റ്റ് മുന്‍ ട്രഷറര്‍ ഡി പ്രഭ, മുന്‍ നേതാക്കളായ പ്രൊഫ. ജി മോഹന്‍ദാസ്, പ്രൊഫ. ജെ ചിത്രാംഗദന്‍, കടകംപള്ളി മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
എസ് എന്‍ ഡി പി ഏകോപന സമിതി, ശ്രീനാരായണ ധര്‍മവേദി തുടങ്ങി സംഘടനകളുടെ പിന്തുണയോടെയാണ് വെള്ളാപ്പള്ളിക്കെതിരായ പടയൊരുക്കം നടത്തുന്നത്. നായര്‍- ഈഴവ ഐക്യം നടപ്പിലാക്കാനാകാത്ത വെള്ളാപ്പള്ളിക്ക് എങ്ങനെയാണ് ഹിന്ദുഐക്യം സാധ്യമാകുകയെന്നും ഒരു മതതീവ്രവാദിയുടെ സ്ഥാനമാണ് ഇപ്പോള്‍ വെള്ളാപ്പള്ളിക്ക് ഉള്ളതെന്നും നേതാക്കള്‍ പറയുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കീഴില്‍ നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒട്ടുമിക്കതും ആര്‍ ശങ്കര്‍ സ്ഥാപിച്ചതാണ്. മറ്റു ജാതി, മത സംഘടനകള്‍ക്കെതിരായ ഒരുനീക്കവും ഇതിന് വേണ്ടിവന്നിട്ടില്ല. സമുദായത്തിന്റെ സംഘടിത ശക്തി ഒന്നുകൊണ്ട് മാത്രമാണ് ആര്‍ ശങ്കര്‍ ഇവയെല്ലാം നേടിയെടുത്തത്- മുന്‍ നേതാക്കള്‍ ഓര്‍മിപ്പിക്കുന്നു.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന സന്ദേശം നല്‍കിയ ശ്രീനാരായണ ഗുരു മുന്‍കൈയെടുത്ത് സ്ഥാപിച്ച പ്രസ്ഥാനമാണ് എസ് എന്‍ ഡി പി യോഗം. എന്നാല്‍ പല കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയനായ വെള്ളാപ്പള്ളിക്കെതിരെ ഇപ്പോള്‍ മതവിദ്വേഷം വളര്‍ത്തുന്നതിന്റെ പേരില്‍ കേസെടുത്തിരിക്കുന്നു. നിലനില്‍പ്പില്ലാതെ വരുന്ന അവസരത്തില്‍ സ്വയം സംരക്ഷണത്തിന് വേണ്ടിയുള്ള നീക്കങ്ങളായിട്ടേ വെള്ളാപ്പള്ളിയുടെ പുതിയ നീക്കങ്ങളെ കാണാനാകൂ. ഇന്നത്തെ സാഹചര്യത്തില്‍ എസ് എന്‍ ഡി പി യോഗത്തിന്റെയും എസ് എന്‍ ട്രസ്റ്റിന്റെയും നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി തുടരുന്നത് ഈഴവ സമുദായത്തിനും പൊതുസമൂഹത്തിനും അപമാനകരമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളാപ്പള്ളിയെ പുറത്താക്കുന്നതിനുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ നേതാക്കള്‍, ഇതിന്റെ ആദ്യപടിയായി ഇന്ന് രാവിലെ 10ന് കൊല്ലം ഹെഡ് പോസ്റ്റോഫീസിന് സമീപം കൂട്ടധര്‍ണ നടത്തുമെന്നും അറിയിച്ചു. ഗുരുധര്‍മ പ്രചാരസഭ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ധര്‍ണ ഉദ്ഘാടനം ചെയ്യും.