ഓഫീസര്‍മാരില്ല; ജില്ലയിലെ കൃഷിഭവനുകള്‍ നാഥനില്ലാ കളരി

Posted on: November 30, 2015 10:56 am | Last updated: November 30, 2015 at 10:56 am
SHARE

കോട്ടക്കല്‍: ജില്ലയിലെ കൃഷിഭവനുകളില്‍ നടത്തിപ്പിന് ഉദ്യോഗസ്ഥരില്ലാതെ താളം തെറ്റുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരമേറ്റ് പദ്ധതികള്‍ തുടങ്ങാനിരിക്കെയാണ് ജില്ലയിലെ കൃഷിവിഭാഗം നാഥനില്ലാതെയാവുന്നത്. ജില്ലയില്‍ 26 കൃഷി ഭവനുകളാണ് ഇത്തരത്തില്‍ അനാഥമായി കിടക്കുന്നത്. ഇതിന് പുറമെ ആറ് കൃഷി ഫാമുകളിലും ഓഫീസര്‍മാരില്ല. ഈ വിഭാഗത്തിലേക്ക് 2008ലാണ് പരീക്ഷ നടത്തിയത്. 2012വരെ ഇതടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടന്നു. പിന്നീട് നിയമനങ്ങള്‍ തീരെ നടത്തിയില്ല. ഇതാണ് കൃഷി ഓഫീസര്‍മാരുടെ കുറവിന് കാരണമായത്. ജില്ലയില്‍ എടപ്പറ്റ, കോട്ടക്കല്‍, മൂന്നിയൂര്‍, ആലംങ്കോട്, ഇഴവത്തിരുത്തി, ആതവനാട്, പെരുമണ്ണക്ലാരി, നിറമരുതൂര്‍, പൊന്‍മുണ്ടം, തിരൂരങ്ങാടി, പൂക്കോട്ടൂര്‍, ഒതുക്കുങ്ങല്‍, കുറുവ, പുലാമന്തോള്‍, താഴക്കോട്, അരീക്കോട്, കുഴിമണ്ണ, പാണ്ടിക്കാട്, തൃപ്പങ്ങോട്, മമ്പാട്, പള്ളിക്കല്‍, വാഴയൂര്‍ എന്നിവിടങ്ങളിലാണ് കൃഷി ഓഫീസറില്ലാത്തത്. ഇതില്‍ തന്നെ കുറവ പഞ്ചായത്തിലെ കൃഷി ഓഫീസര്‍ അഞ്ച് വര്‍ഷത്തെ ലീവില്‍ പോയതാണ്. കൃഷിഫാമുകളായ മുണ്ടേരി, ചുങ്കത്തറ, ആനക്കയം, തവനൂര്‍, ചോക്കാട്, പരപ്പനങ്ങാടി എന്നിവിടങ്ങളിലും ഓഫീസര്‍മാരില്ല. എല്ലായിടത്തും പരിസരത്തെ ഓഫീസര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. 2008ല്‍ നടത്തിയ പരീക്ഷയില്‍ 15000ഓളം പേര്‍ പരീക്ഷ എഴുതിയിരുന്നു. ഇതില്‍ നിന്നും 2012വരെ ഏതാനും പേരെ നിയമിക്കുക മാത്രമാണുണ്ടായത്. പിന്നീട് ഇത് സംബന്ധമായ ഒരു നടപടിയും സര്‍ക്കാര്‍ ചെയ്തില്ല. ഒരു മാസം മുമ്പ് താത്കാലിത നിയമനം നടത്തിയത് മാത്രമാണ് എടുത്ത് പറയാവുന്നത്. പുതുതായി ഉദ്യോഗസ്ഥരെ വെക്കുന്നതുമായി ബന്ധപ്പെട്ട് വിജ്ഞാപനവും നടക്കാത്ത അവസ്ഥയില്‍ ഈ മേഖലയുടെ പ്രവര്‍ത്തനം പഞ്ചായത്തുകളില്‍ ഏറെ പരിതാപകരമായിരിക്കും. പരീക്ഷകള്‍ നടത്തി നിയമനം നടത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തിയാല്‍ തന്നെ ഏറ്റവും ചുരുങ്ങിയത് ഈ താളപ്പിഴ തീര്‍ക്കാര്‍ മൂന്ന് വര്‍ഷമെങ്കിലും എടുത്തേക്കും. സംസ്ഥാനത്ത് തന്നെ പുതിയ ഭരണ സമിതികള്‍ അധികാരത്തിലെത്തിയിരിക്കെ കാര്‍ഷിക രംഗത്ത് ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുണ്ട്.
എന്നാലിവ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാവുമ്പോള്‍ അത് പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കും. നിലവില്‍ അധിക ചുമതല ഉള്ളവരാണ് മിക്ക കൃഷി ഓഫീസര്‍മാരും. എന്നിരിക്കെ അതത് പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങളെ തന്നെ പൂര്‍ണമാക്കാനും അവസരം ലഭിക്കാത്ത അവസ്ഥ വരും. അസിസ്റ്റന്റ് ഓഫീസര്‍മാരാണ് ചില കാര്യങ്ങളെങ്കിലും ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്. ഓഫീസ് ജോലികള്‍ മാത്രം ചെയ്ത് തീര്‍ക്കുന്നത് കൊണ്ട് മറ്റുള്ള പണികള്‍ അവശേഷിക്കും. ഫലത്തില്‍ ഇത് ബാക്കി ഭാഗങ്ങളെയും താളം തെറ്റിക്കുന്നതിന് കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here