പടനിലം പാലത്തിലെ അപകടഭീഷണിക്ക് പരിഹാരമായില്ല

Posted on: November 27, 2015 10:18 am | Last updated: November 27, 2015 at 10:18 am

കൊടുവള്ളി: ലോറിയിടിച്ച് തകര്‍ന്ന പടനിലം പാലത്തിന്റെ കൈവരി നന്നാക്കാന്‍ ഒന്നരമാസമായിട്ടും നടപടിയില്ല. ഇടുങ്ങിയ റോഡായയിനാല്‍ ഇവിടെ ഗതാഗതകുരുക്ക് നിത്യ സംഭവമാണ്. ഇതിന് പുറമെയാണ് വന്‍ അപകട ഭീഷണിയുയര്‍ത്തി പാലത്തിന്റെ കൈവരി ലോറിയിടിച്ച് തകര്‍ത്തിരിക്കുന്നത്. താത്കാലികമായി സ്ഥാപിച്ച കമുങ്ങിന്റെ കൈവരി തകര്‍ച്ചാ ഭീക്ഷണിയിലുമാണ്. പാലത്തില്‍ കയറുന്ന ചെറുകിട വാഹനങ്ങള്‍പോലും പരസ്പരം വഴിമാറികൊടുക്കുമ്പോള്‍ അപകടത്തില്‍പ്പെടുമോയെന്ന ആശങ്കയിലാണ്. 2003ല്‍ ജില്ലാ മേജര്‍ റോഡായി പടനിലം -നന്മണ്ട റോഡ് ഉയര്‍ത്തി. ഒരുകോടി 82 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ നവീകരണ പ്രവൃത്തിയിലും പിന്നീട് 2011ല്‍ കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയനുവദിച്ച എട്ട് കോടി 40 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളിലും പാലം പുതുക്കിപ്പണിയാന്‍ യാതൊരു വിധ നടപടിയുമുണ്ടായിട്ടില്ല. അഡ്വ. പി ടി എ റഹീം എം എല്‍ എയുടെ ശ്രമഫലമായി 2010 ലെ ബജറ്റില്‍ സ്ഥലമെടുപ്പിനും പുതിയ പാലത്തിന്റെ പ്രാരംഭ നടപടികള്‍ക്കുമായി മൂന്നരക്കോടി രൂപ നീക്കിവെച്ചതായി അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. ദക്ഷിണേന്ത്യയിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ മടവൂര്‍ സി എം മഖാമിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നായെത്തുന്ന നൂറ് കണക്കിന് വാഹനങ്ങളും നരിക്കുനി റൂട്ടിലോടുന്ന അമ്പതിലേറെ ബസുകളും കടന്നുപോകുന്ന വാഹന തിരക്കേറിയ പാലമാണിത്. മാത്രമല്ല കൊയിലാണ്ടി താമരശ്ശേരി റോഡിനെ ദേശീയപാത 212 കോഴിക്കോട് മൈസൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന ബൈപ്പാസ് റോഡുമാണിത്. ഒപ്പം എന്‍ എച്ച് 212 പടനിലത്തിനും കൊടുവള്ളിക്കുമിടയില്‍ അപകടങ്ങള്‍ സംഭവിച്ചത് ഗതാഗത സ്തംഭനമുണ്ടായാല്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്ന ബൈപ്പാസ് റോഡിലെ പ്രധാനപ്പെട്ട പാലവുമാണിത്. കൈവരി തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ‘ഭിത്തി സ്ഥാപിച്ചാല്‍ അപകട ഭീഷണി താത്കാലികമായി പരിഹരിക്കാനാകും.