പാളിച്ചകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി നീങ്ങാന്‍ യു ഡി എഫ് തീരുമാനം

Posted on: November 26, 2015 6:01 am | Last updated: November 26, 2015 at 12:22 am
SHARE

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ യു ഡി എഫില്‍ രൂക്ഷ വിമര്‍ശം. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് കാരണം കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പിസമാണെന്ന് ഘടകകക്ഷികള്‍ ഒറ്റസ്വരത്തില്‍ വിമര്‍ശിച്ചു. കെ എം മാണിക്കെതിരെയുള്ള കോടതി വിധി വായിച്ച് നോക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചതിലെ അതൃപ്തി കേരളാ കോണ്‍ഗ്രസ് പ്രകടിപ്പിച്ചു. മുന്നണിക്കുള്ളില്‍ ഉണ്ടായ മുറിവുകള്‍ എളുപ്പത്തില്‍ ഉണങ്ങില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം എം പി തുറന്നടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നേതൃതലത്തില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും താഴേത്തട്ടില്‍ പലതും നടപ്പായില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ യോഗത്തില്‍ സമ്മതിച്ചു. ഇതേത്തുടര്‍ന്ന് മുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തണം. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ പാളിച്ചകളും തെറ്റുകളും പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യു ഡി എഫ് ഏകോപന സമിതി യോഗം തീരുമാനിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര വിജയം കൈവഴിക്കാന്‍ കഴിഞ്ഞില്ലെങ്കിലും യു ഡി എഫിന്റെ അടിത്തറ ഭദ്രമാണ്. അതുകൊണ്ടുതന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭീതിക്ക് അടിസ്ഥാനമില്ലെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. അടുത്ത മാസം 15ന് ചേരുന്ന യു ഡി എഫ് യോഗം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തയ്യാറാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here