കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ മുഖഛായ മാറ്റിമറിച്ച ഡോ.പി. രാജേന്ദ്രനും സഹപ്രവര്‍ത്തകര്‍ക്കും ആദരം

Posted on: November 23, 2015 10:23 am | Last updated: November 23, 2015 at 10:23 am

അമ്പലവയല്‍: മികച്ച പ്രവര്‍ത്തനങ്ങള്‍കൊണ്ട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ മുഖഛായ മാറ്റിമറിച്ച ഡോ.പി. രാജേന്ദ്രനും സഹപ്രവര്‍ത്തകര്‍ക്കും കാര്‍ഷിക സര്‍വകലാശാലയുടെ ആദരം.
ചുരുങ്ങിയ കാലംകൊണ്ട് കേന്ദ്രത്തെ ലോകശ്രദ്ധയിലേക്കുയര്‍ത്തിയതിന് സംസ്ഥാനത്തെ ഏറ്റവും മികച്ച കാര്‍ഷിക ഗവേഷണകേന്ദ്രം എന്ന ബഹുമതിയാണ് അമ്പലവയല്‍ ആര്‍.എ.ആര്‍.എസിനെ തേടിയെത്തിയത്. നവംബര്‍ 28ന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
പൂപ്പൊലി, അഗ്രിഫിയസ്റ്റ പോലുള്ള ജനപ്രിയ മേളകള്‍ സംഘടിപ്പിച്ചതിലൂടെയാണ് കേന്ദ്രം ഈ ബഹുമതിക്കര്‍ഹമായത്. പതിറ്റാണ്ടുകളായി കാര്യമായ പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ കിടന്ന കേന്ദ്രത്തിന്റെ തലവനായി ഡോ.പി. രാജേന്ദ്രന്‍ ചാര്‍ജെടുത്തതോടെയാണ് ശനിദശയൊഴിഞ്ഞത്. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 2014ല്‍ പൂപ്പൊലി എന്ന പേരില്‍ പുഷ്പ, ഫല,സസ്യമേള സംഘടിപ്പിച്ചു. ആദ്യ സീസണില്‍തന്നെ വലിയ ജനപങ്കാളിത്തമാണ് മേളക്ക് ലഭിച്ചത്. ഏഷ്യയിലെ ഏറ്റവുംവലിയ ഡാലിയ ഗാര്‍ഡനും, മൂണ്‍ഗാര്‍ഡനുമെല്ലാം കാഴ്ചയുടെ വിരുന്നൊരുക്കി. കാര്‍ഷിക, കാര്‍ഷികേതര സ്റ്റാളുകള്‍, കൃഷി സെമിനാറുകള്‍ എല്ലാം ചേര്‍ന്നപ്പോള്‍ മേള ജനം ഏറ്റെടുത്തു. 2014ലെ വിജയം ഊര്‍ജമാക്കി 2015ല്‍ പൂപ്പൊലിയോടൊപ്പം ദേശീയ കാര്‍ഷിക മേളയും നടത്തി. ജനവരി 20മുതല്‍ ഫിബ്രവരി രണ്ടു വരെ നടന്ന മേളയില്‍ ഒന്നര ലക്ഷത്തോളം ആളുകളാണ് എത്തിയത്.
2013വരെ തൊഴിലാളി ക്ഷാമംമൂലം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലായിരുന്നു. ഇതിനു പരിഹാരമായി താത്ക്കാലിക തൊഴിലാളികളെ നിയമിച്ചു. കാടുപിടിച്ചുകിടന്ന 200ഏക്കറോളം ഭൂമിയില്‍ കൃഷിയിറക്കി. കുടുംബശ്രീ പോലുള്ള സംഘടനകളെ ഉള്‍പ്പെടുത്തി മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണവും വിപണനവും പരിശീലിപ്പിച്ചു. പോളിഹൗസുകള്‍ കേന്ദ്രീകരിച്ചുള്ള കൃഷി, വിദേശ പഴങ്ങള്‍, പുഷ്പകൃഷിയുടെ സാധ്യതകള്‍ എല്ലാം പ്രയോജനപ്പെടുത്തി.അങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് വലിയ മാറ്റങ്ങളുണ്ടായി. ഇപ്പോള്‍ ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കാനെത്തുന്ന തരത്തില്‍ കേന്ദ്രം മാറിയിരിക്കുന്നു. 2016 ജനവരിയില്‍ നടക്കുന്ന മേള കൂടുതല്‍ ആകര്‍ഷകമാക്കി ചരിത്രം ആവര്‍ത്തിക്കാനുളള തയ്യാറെടുപ്പിലാണ് കേന്ദ്രം ജീവനക്കാര്‍.