കേരളത്തില്‍ ഇപ്പോള്‍ രാഷ്ട്രീയമില്ല: എം.മുകുന്ദന്‍

Posted on: November 17, 2015 6:58 pm | Last updated: November 20, 2015 at 2:55 pm
SHARE
ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുന്ന എം മുകുന്ദന്‍
ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുന്ന എം മുകുന്ദന്‍

ദോഹ: കേരളത്തില്‍ ഇന്ന് രാഷ്ട്രീയം ഇല്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിനു വേണ്ടിയുള്ള വഴി മാത്രമായി മാറിയിരിക്കുന്നുവെന്നും എഴുത്തുകാരന്‍ എം മുകുന്ദന്‍. ഇന്ത്യന്‍ മീഡിയ ഫോറം മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായോഗിക രാഷ്ട്രീയമാണ് ഇന്നുള്ളത്. വര്‍ഗീയതയെ തടഞ്ഞു നിര്‍ത്തേണ്ടവര്‍ തിരഞ്ഞെടുപ്പു കാലത്ത് ജാതി, മത സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കുന്നു. ജാതിയടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നു. പണ്ട് രാഷ്ട്രീയം ഉത്തേജിപ്പിക്കുന്ന ഘടകമായിരുന്നു. ഇപ്പോള്‍ ലക്ഷ്യത്തിലെത്താന്‍ എന്തു വഴിയും സ്വീകരിക്കുകയാണ്. രാഷ്ട്രീയം അധികാരത്തിലേക്കുള്ള വഴിയായി മാറി. പണ്ട് അധികാരത്തില്‍നിന്ന് വഴിമാറുകയായിരുന്നു രാഷ്ട്രീയം. രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെടുക എന്നത് മലയാളികള്‍ അനുഭവിക്കുന്ന വലിയ പ്രശ്‌നമാണ്. പ്രബുദ്ധ സമൂഹത്തെ നിലനിര്‍ത്തിയിരുന്നത് രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയം ജീര്‍ണിക്കുമ്പോള്‍ സമൂഹം തന്നെ ജീര്‍ണിക്കുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആളുകളില്ല എന്നതും നമ്മുടെ പ്രതിസന്ധിയാണ്.
കേരളത്തില്‍ പാര്‍ട്ടിക്കു വേണ്ടിയല്ലാതെ നിഷ്പക്ഷരായി ശബ്ദിക്കുന്നവര്‍ ഏറെയുണ്ട്. പക്ഷേ, എന്തു പറഞ്ഞാലും അതു പക്ഷമായും രാഷ്ട്രീയമായും കാണുന്നു. പുരോഗമനം പറയുമ്പോള്‍ ഇടതുപക്ഷക്കാരന്‍ ആകുന്നു. പാര്‍ട്ടികളെ പരിഗണിക്കാതെ പ്രശ്‌നങ്ങളോട് പ്രതികരിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ഞാന്‍ മനുഷ്യപക്ഷത്താണ്. കേരളീയ സമൂഹം പൊതുവേ ഇടതുപക്ഷത്താണ്. അതു വിശാലമായ അര്‍ഥത്തിലാണ്. ഡല്‍ഹിയിലെ ബുദ്ധിജീവികള്‍ വലതുപക്ഷത്തേക്കു മാറുകയാണ്. പുരോഗമന ഇടതുപക്ഷത്തുണ്ടായിരുന്ന ഫ്രാന്‍സിലെ ബുദ്ധി ജീവികള്‍ തീവ്ര വലതുപക്ഷത്തേക്കു മാറിയിരിക്കുന്നു. കുടിയേറ്റക്കാരായ കറുത്തവരെ ഫ്രഞ്ചുകാര്‍ രണ്ടാം പൗരന്‍മാരായി കാണുന്നു. ഈ പ്രതിസന്ധി ലോകത്തെയാകെ പ്രശ്‌നത്തിലാക്കുകയാണ്. യഥാര്‍ഥ ബുദ്ധിജീവികള്‍ ഇടതുപക്ഷത്തായിരിക്കും.
സംസാരിക്കാന്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. മനസ്സു തുറന്ന് സംസാരിക്കാന്‍ പേടിയാണ്. ഭീഷണികളില്‍ നിന്നാണ് ഭയം ഉണ്ടാകുന്നത്. ഫോണില്‍ വിളിച്ചും ഊമക്കത്തയച്ചും ഭീഷണിപ്പെടുത്തുന്നു. മൗനമാണ് ഏറ്റവും സുരക്ഷിതത്വം എന്നു വന്നിരിക്കുന്നു. എന്നാല്‍ മിണ്ടാതിരിക്കാന്‍ എല്ലാവര്‍ക്കും പറ്റില്ല. കല്‍ബര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാത്ത നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. അതേസമയം, ഇപ്പോള്‍ ആഘോഷമാക്കുകയാണ് നാട്ടില്‍. പ്രതിഷേധവും പ്രതിരോധവുമെല്ലാം ആഘോഷമായി മാറുന്നു. ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് ഫാസിസം കവര്‍ന്നെടുക്കുന്നത്. പുരസ്‌കാരങ്ങള്‍ തിരിച്ചു കൊടുത്തു കൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഫാസിസത്തിനെതിരെ ഒരു കൂട്ടായ്മയുണ്ടാക്കി.
എനിക്ക് ബി ജെ പിയല്ല പുരസ്‌കാരം നല്‍കിയത് എന്നതു കൊണ്ടാണ് തിരിച്ചു കൊടുക്കാത്തത്. എഴുത്തുകാരുടെ കൂട്ടായ്മയാണ് സാഹിത്യ അക്കാദമി. പ്രതികരിക്കാനുള്ള ഉത്തരവാദിത്തം എഴുത്തുകാരുടേതു മാത്രമായി മാറുന്നതും നാം കാണുന്നു. ദേശീയ പുരസ്‌കാരം നേടിയ നടീനടന്‍മാരും പത്മ പുരസ്‌കാരം സ്വീകരിച്ച വ്യവസായികളുമുണ്ട്. അവരൊന്നും അതു തിരിച്ചു കൊടുക്കുന്നില്ല. ചോദിച്ചു വാങ്ങിയതെങ്ങനെ തിരിച്ചു കൊടുക്കും എന്ന ചോദ്യം ഇവിടെ ശ്രദ്ധേയമാണ്. സമൂഹത്തിലെ മറ്റു വിഭാഗങ്ങളും പ്രതികരിച്ചു കാണുന്നില്ല. എഴുത്തുകാര്‍ പൊതുവേ ദുര്‍ബലരാണ്. സര്‍ഗാത്മകതയും ഭീരുത്വവും ഒന്നിച്ചു പോകുന്നു. അതു വേര്‍പെടുത്തുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഐ എം എഫ് പ്രസിഡന്റ് പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അശ്‌റഫ് തൂണേരി സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here