ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യാ പവലിയന്‍ ശ്രദ്ധേയം

Posted on: November 13, 2015 5:47 pm | Last updated: November 16, 2015 at 10:40 pm

indian pavalionദുബൈ: പരമ്പരാഗത അടയാളങ്ങളും സവിശേഷതകളുമായി ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യാ പവലിയന്‍. മൈസൂരു കൊട്ടാരവും സൂര്യക്ഷേത്രവും ഗ്വാളിയോര്‍ കോട്ടയും മറ്റുമാണ് മാതൃകകള്‍. പവലിയനില്‍ മൊത്തം 348 സ്റ്റാളുകളുണ്ട്. ഗ്ലോബല്‍ വില്ലേജിലെ ഏറ്റവും വലിയ പവലിയനാണിത്.
ജൈവവൈവിധ്യത്തെ സൂചിപ്പിക്കുന്ന മയിലും കടുവയും ആനയുമൊക്കെ പവലിയനെ അലങ്കരിക്കുന്നു. പരമ്പരാഗത വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വില്‍പനക്കെത്തിയിട്ടുണ്ട്. മാക് ഇവന്റ്‌സ് ആണ് ഇന്ത്യാ പവലിയന്‍ ഒരുക്കിയത്.ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ച് കൂടുതല്‍ വിശദമാക്കുന്ന ഹെറിറ്റേജ് വില്ലേജ് പവലിയനകത്ത് തുറക്കുമെന്ന് മാക് എം ഡി കെ എസ് ശ്രീകുമാര്‍ വ്യക്തമാക്കി.
ഗ്ലോബല്‍ വില്ലേജിലെ പൊതുസ്റ്റേജില്‍ ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ പ്രകടനങ്ങള്‍ അരങ്ങേറും. പിന്നണി ഗായിക ശ്രേയ ഘോഷാല്‍, ഡ്രംസ് വിദഗ്ധന്‍ ശിവമണി, കേരളത്തില്‍നിന്നുള്ള തൈക്കുടം ബ്രിഡ്ജ്, 15 ഭാഷകളില്‍ പാടാന്‍ കഴിവുള്ള ചാള്‍സ് ആന്റണി, സി വി എന്‍ കളരി സംഘം തുടങ്ങിയവര്‍ വേദിയിലെത്തും. ദിവസവും വൈകിട്ട് ആറുമുതല്‍ 10 വരെ പവലിയനകത്തും കലാപ്രകടനങ്ങളും മത്സര പരിപാടികളും നടക്കും. നൃത്തമത്സരം, ഇന്ത്യന്‍ ബാന്റ് ഫെസ്റ്റ് തുടങ്ങിയവക്ക് പുറമെ, ഗായകരായ നജീം അര്‍ഷാദ്, ബിജു നാരായണന്‍, അതിവേഗം ചിത്രങ്ങള്‍ വരക്കുന്ന വിലാസ് നായക് തുടങ്ങിയവര്‍ പവലിയനില്‍ സാന്നിധ്യമറിയിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വധുക്കളുടെ വേഷവിധാനങ്ങളുമായി ബ്രൈഡല്‍ ഫെസ്റ്റും അരങ്ങേറും.