കൊടുവള്ളി മുനിസിപ്പാലിറ്റി: കോണ്‍ഗ്രസ് ഇടത് സഹകരണം തേടിയേക്കും

Posted on: November 11, 2015 10:02 am | Last updated: November 11, 2015 at 10:02 am
SHARE

കൊടുവള്ളി: കൊടുവള്ളി മുനിസിപ്പാലിറ്റി യു ഡി എഫില്‍ തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ തുടങ്ങിയ അപസ്വരങ്ങള്‍ വഴിത്തിരിവിലേക്ക്. വേണ്ടി വന്നാല്‍ മുന്നണി ബന്ധം പുനപ്പരിശോധിക്കുമെന്നുവരെ കോണ്‍ഗ്രസ് ഭീഷണി മുഴക്കിക്കഴിഞ്ഞു. ലീഗ് നിലപാട് മാറ്റുന്നില്ലെങ്കില്‍ ഇടതുപക്ഷത്തിന്റെ സഹകരണം തേടാനുള്ള ആലോചന വരെ കോണ്‍ഗ്രസില്‍ തുടങ്ങിയതായാണ് വിവരം. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഭരണം കൈവന്നതോടെ ആളിക്കത്താന്‍ തുടങ്ങിയത്. ഡിവിഷന്‍ 28ല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി എം ഗോപാലനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലീഗ് ഉള്‍പ്പെടെ യു ഡി എഫ് സംവിധാനം സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച കെ ശിവദാസനെയാണ് പിന്തുണച്ചിരുന്നത്. ശിവദാസനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകവരെ ചെയ്തിരുന്നു. എന്നാല്‍ ശിവദാസന്‍ ജയിച്ചതോടെ ഇയാളെ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാനാക്കാന്‍ യു ഡി എഫ് നീക്കം തുടങ്ങിയതാണ് കോണ്‍ഗ്രസിനെ കടുത്ത തീരുമാനങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. വൈസ് ചെയര്‍മാന്‍ പദവിയില്‍ കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ചവര്‍ വേണമെന്ന് കോണ്‍ഗ്രസ് യു ഡി എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇങ്ങനെ ജയിച്ച എം കെ സുശിനിയും ബിന്ദു അനില്‍കുമാറും പരിചയസമ്പന്നരല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന് പുറമെ വൈസ് ചെയര്‍മാന്‍ സ്ഥാനവും ലീഗ് തന്നെ ഏറ്റെടുക്കുമെന്നും കേട്ടിരുന്നു.
പാര്‍ട്ടി സ്ഥാനാര്‍ഥികളായ സി എം ഗോപാലനെയും റസീനയെയും തോല്‍പ്പിച്ചത് ലീഗാണെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസ് അതിന്റെ പേരില്‍ യു ഡി എഫുമായി ഉടക്കി നില്‍ക്കുന്നത് കാരണം മുനിസിപ്പാലിറ്റിയില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും യു ഡി എഫിന് കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ കഴിയാത്ത അവസ്ഥയാണ്. യു ഡി എഫിന് 18 സീറ്റും എല്‍ ഡി എഫിന് 16 സീറ്റുമാണ് ലഭിച്ചത്. യു ഡി എഫില്‍ ലീഗിന് 14, കോണ്‍ഗ്രസിന് മൂന്ന്, ജനതാദള്‍ യുവിന് ഒന്ന് എന്നിങ്ങനെയാണ് സീറ്റുകള്‍. ഇവര്‍ക്ക് പുറമെ രണ്ട് സ്വതന്ത്രന്മാരുമുണ്ട്. ഇരു മുന്നണികളും തമ്മിലുള്ള ഈ നേര്‍ത്ത വ്യത്യാസത്തെ ലീഗിനെതിരെയുള്ള ആയുധമാക്കാനാണ് കോണ്‍ഗ്രസിലെ ആലോചന. കോണ്‍ഗ്രസ് അംഗങ്ങളില്‍ രണ്ട് പേരാണ് കൈപ്പത്തി ചിഹ്നത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികളായി മത്സരിച്ച് ജയിച്ചത്. ഇവരിലൊരാളെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയാക്കി എല്‍ ഡി എഫിന്റെ പിന്തുണയോടെ ജയിച്ചുകയറാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഈ ഭീഷണി ഇന്നലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി എം ഗോപാലന്‍ പ്രസ്താവനാ രൂപത്തില്‍ പുറത്തുവിട്ടുകഴിഞ്ഞു. പ്രഥമ കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്‌സണ്‍ ഉണ്ടാകുമെന്നും ഇത് നിഷേധിക്കുന്ന പക്ഷം മുന്നണി സംവിധാനം പുനപ്പരിശോധിക്കേണ്ടിവരുമെന്നുമാണ് പ്രസ്താവന. ഇക്കാര്യത്തില്‍ എല്‍ ഡി എഫുമായി കോണ്‍ഗ്രസ് ആശയവിനിമയം നടത്തിക്കഴിഞ്ഞതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here