ഇരകളുടെ പുനരധിവാസ സൗകര്യം പരിഷ്‌കരിക്കണമെന്ന് അതോറിറ്റി

Posted on: November 7, 2015 6:00 am | Last updated: November 6, 2015 at 11:38 pm
SHARE

HumanTraffickingPictureന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന മനുഷ്യക്കടത്തിന് ഇരകളാകുന്ന സ്ത്രീകളുടേയും കുട്ടികളുടേയും പുനരധിവാസ സൗകര്യങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ദേശീയ നിയമ സേവന അതോറിറ്റി. ഇവരുടെ മോചനത്തിനും, പുനരധിവാസത്തിനും നിലവിലുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നും ഇവ പരിഷ്‌കരിക്കണമെന്നുമാണ് ദേശീയ നിയമ സേവന അതോറിറ്റിയുടെ ശിപാര്‍ശ. ഇതുസംബന്ധിച്ച് അതേറിറ്റി സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുന്നയിച്ചിരിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നിയമസേവന അതോറിറ്റി പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. അസാന്മാര്‍ഗിക മനുഷ്യക്കടത്ത് നിരോധിക്കുന്ന നിയമപ്രകാരമുള്ള അഭയകേന്ദ്രങ്ങളില്‍ ഇരകളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് സൗകര്യങ്ങള്‍ ഒരുക്കണം. പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അഭയകേന്ദ്രങ്ങളില്‍നിന്നു പുറത്താകുന്ന കുട്ടികളെ പുനരധിവസിപ്പിക്കാന്‍ പ്രായോഗികമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇരകള്‍ ശിക്ഷിക്കപ്പെടുന്ന രീതിയിലുള്ള രക്ഷപ്പെടുത്തല്‍ നടപടികള്‍ കണ്ടുവരുന്നുണ്ട്. ഇത് തടയണം. തട്ടിയെടുക്കപ്പെട്ടവരായാലും സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടവരായാലും സമൂഹവുമായി ഒത്തിണങ്ങി ജീവിക്കാന്‍ തക്ക രീതിയിലുള്ള പുനരധിവാസം സാധ്യമാക്കണം. ഇരകളെയും സാക്ഷികളെയും സംരക്ഷിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. അതിനാല്‍, അവര്‍ വീണ്ടും മനുഷ്യക്കടത്തുകാരുടെ സമ്മര്‍ദത്തിനു വഴങ്ങാനും ചതിക്കുഴിയിലേക്ക് മടങ്ങാനും സാഹചര്യമുണ്ടാകുന്നു. ഇത് പരിഹരിക്കാന്‍ വ്യവസ്ഥാപിതമായ പദ്ധതി നടപ്പാക്കണം. മോചന നടപടികളില്‍ മനുഷ്യക്കടത്തിന് ഇരയാകുന്നവരെയും സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരെയും വേര്‍തിരിച്ചു കാണണം.
മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും സര്‍ക്കാരിന്റെ ക്ഷേമപരിപാടികള്‍ ലഭ്യമാക്കാനും നടപടികള്‍ വേണം. മനുഷ്യക്കടത്ത് കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രോസിക്യൂട്ടര്‍മാര്‍ക്കും ജഡ്ജിമാര്‍ക്കും പ്രത്യേകമായി ബോധവത്കരണം നല്‍കണം. തെളിവില്ലാത്തതിനാലും സാക്ഷികള്‍ കൂറുമാറുന്നതിനാലും മനുഷ്യക്കടത്തു കേസുകള്‍ തീര്‍പ്പാക്കാതെ നീണ്ടുപോകുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അത് ഒഴിവാക്കാന്‍ മനുഷ്യക്കടത്തുകാര്‍ക്ക് സമ്പര്‍ക്കത്തിന് അവസരമുണ്ടാകാത്ത രീതിയില്‍, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി നല്‍കാന്‍ സൗകര്യമൊരുക്കണം . ഇതുമായി ബന്ധപ്പെട്ട് കേസുകളില്‍ മൊഴിയെടുക്കുന്നത് ഇരകള്‍ നേരിട്ട ആഘാതത്തില്‍ നിന്ന് മുക്തമായ ശേഷം മാത്രമാണെന്ന് ഉറപ്പുവരുത്തണം. സമഗ്രമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ വസ്തുതകള്‍ വെച്ച് ഇതുള്‍പ്പെടെ പ്രധാനമായും പത്തോളം നിര്‍ദേശങ്ങളാണ് അതോറിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here