ഇസ്‌ലാമിക് റേറ്റിംഗ് ഏജന്‍സി വേണം, ഇച്ഛാശക്തിയും

Posted on: November 6, 2015 5:19 am | Last updated: November 6, 2015 at 12:22 am
SHARE

ഇപ്പോള്‍ ചില ധനകാര്യസ്ഥാപനങ്ങളും ബേങ്കുകളും ഇസ്‌ലാമിക് ബേങ്കിംഗ് തത്ത്വങ്ങള്‍ അടിസ്ഥാനമാക്കി വര്‍ത്തിക്കുന്നുണ്ടെങ്കിലും അവയൊക്കെയും ബേങ്കിംഗേതര ധനകാര്യസ്ഥാപനങ്ങളായാണ് കരുതി പോരുന്നത്. അതുകൊണ്ടു തന്നെ അവക്ക്
1. നിക്ഷേപങ്ങള്‍ ആവശ്യപ്പെടാനോ സ്വീകരിക്കാനോ (സാമ്പ്രദായിക സേവിംഗ്‌സ് ബേങ്ക്/ കറന്റ് അക്കൗണ്ടുകള്‍ പോലെ) സാധ്യമല്ല.
2. നിലവിലുള്ള ബേങ്കിംഗ് സമ്പ്രദായത്തിലെ നടപ്പു രീതികള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതുകൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുതലായ ധന വിനിമയോപകരണങ്ങള്‍ നല്‍കാന്‍ കഴിയില്ല.
3. എന്‍ ബി എഫ് സികള്‍ക്ക് നിക്ഷേപ ഇന്‍ഷ്വറന്‍സും ഋണ ബാധ്യത സംരക്ഷണവും ലഭ്യമാക്കാന്‍ കഴിയില്ല.

ഇസ്‌ലാമിക് ബേങ്കിംഗിനുള്ള
തടസ്സങ്ങളും പരിമിതികളും
നിയമപരമായ തടസ്സങ്ങള്‍
(Regualatory Problems)
1. ഇന്ത്യയിലെ ബേങ്കിംഗ് സമ്പ്രദായം രൂപപ്പെടുത്തിയിരിക്കുന്നത് 1949ലെ ബേങ്കിംഗ് കമ്പനീസ് ആക്ട് 1934 ലെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യാ ആക്ട്, 1881 ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട്, 1961 ലെ കോ- ഓപറേറ്റീവ് സൊസൈറ്റീസ് ആക്ട് എന്നിവ പ്രകാരമാണ്. ഈ നിയമങ്ങളനുസരിച്ച് പലിശരഹിത ബേങ്കിംഗ് സംവിധാനത്തിന് സാധ്യതയില്ല; അത്തരം സംവിധാനത്തിന് ഒരു ഇടവും അനുവദിക്കുന്നില്ല.
2. 1949ലെ ഇന്ത്യന്‍ ബേങ്കിംഗ് കമ്പനീസ് ആക്ടിലെ 5(ബി), 5(സി) വകുപ്പുകള്‍ പ്രകാരം ബേങ്കുകള്‍ ലാഭ- നഷ്ട വിഹിത വ്യവസ്ഥയില്‍ നിക്ഷേപം സ്വീകരിക്കുന്നതും നടത്തുന്നതും നിരോധിക്കപ്പെട്ടിരിക്കുന്നു. ഈ ആക്ടിലെ 8ാം വകുപ്പ് പ്രകാരം ഒരു ബേങ്കിംഗ് സ്ഥാപനവും പ്രത്യക്ഷമായോ പരോക്ഷമായോ സ്ഥാവരജംഗമങ്ങള്‍ വാങ്ങുക, വില്‍ക്കുക, വസ്തുകള്‍ക്ക് പകരം വസ്തുക്കള്‍ കൈമാറ്റം ചെയ്യുക ഇവയൊക്കെയും നിരോധിക്കപ്പെട്ടിരിക്കുന്നു.
3. ആക്ട് 9ാം വകുപ്പ് പ്രകാരം സ്വകാര്യ ആവശ്യത്തിനല്ലാതെ ഒരാള്‍ക്കും സ്ഥാവര സ്വത്ത് ഉപയോഗിക്കുവാന്‍ അനുവദിക്കുന്നില്ല, ഇത് ഇസ്‌ലാമിക് ബേങ്കിംഗിലെ ഇജാറ (പാട്ടവ്യവസ്ഥ) എന്ന രീതിക്ക് വിരുദ്ധമാണ്.
4. ആക്ട് 21ാം വകുപ്പ് പ്രകാരം നിക്ഷേപങ്ങള്‍ക്ക് പലിശ കൊടുക്കല്‍ അനിവാര്യമാണ്. ഇത് ഇസ്‌ലാമിക് ബേങ്കിംഗ് രീതിക്ക് വിരുദ്ധമാണ്.
5. റിസര്‍വ്് ബേങ്ക് ആക്ടിന്റെ(1934) വകുപ്പ് 17 പ്രകാരവും 1949 ലെ ബേങ്കിംഗ് കമ്പനീസ് ആക്ടിന്റെ സെക്ഷന്‍ 24 പ്രകാരം ബേങ്കുകള്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ ഒരു നിശ്ചിത വിഹിതം സര്‍ക്കാറിന്റേയും പൊതുമേഖലയിലേയും കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചിരിക്കണം. ഈ നിക്ഷേപങ്ങള്‍ നിര്‍ബന്ധമായും പലിശ സ്വീകരിക്കേണ്ടവയാണ്. അതായത് ഓരോ ബേങ്കും കരുതല്‍ ധനനിക്ഷേപ അനുപാതവും നിമയാനുസൃതമുള്ള സഞ്ചിത ധനാനുപാതവും നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍ ഇസ്‌ലാമിക് ബേങ്കിംഗില്‍ മൂലധന നിക്ഷേപ സ്വഭാവമുള്ള അക്കൗണ്ടുകള്‍ ഉണ്ടായിരിക്കേണ്ടി വരുന്നതു കൊണ്ട് മേല്‍പറഞ്ഞ സി ആര്‍ ആര്‍; എസ് എല്‍ ആര്‍ മുതലായ അനുപാതങ്ങള്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം നിക്ഷേപങ്ങല്‍ പൂര്‍ണമായും സ്ഥാവരസ്വത്തുക്കളിലോ മൂലധന നിക്ഷേപ സംരംഭങ്ങളിലോ നിക്ഷേപിക്കുകയാണല്ലോ.
(ബി) കടങ്ങളോടും
ഓഹരി ഫണ്ടുകളോടുമുള്ള
വിവേചന പൂര്‍ണമായ സമീപനം
ലാഭനഷ്ടങ്ങളെ സന്തുലിതമായി പങ്കുവെക്കുന്ന വ്യവസ്ഥയില്‍ വര്‍ത്തിക്കുന്ന ഇസ്‌ലാമിക് ബേങ്കിംഗ് സമ്പ്രദായത്തില്‍ ലാഭ നഷ്ടപങ്കാളിത്ത വ്യവസ്ഥയില്‍ നിക്ഷേങ്ങള്‍ ഉപയോഗിക്കുകയാണല്ലോ ചെയ്യുന്നത്. എന്നാല്‍ സാമ്പ്രദായിക രീതി അനുസരിച്ച് ലാഭത്തിന്മേല്‍ ആദായ നികുതി ചുമത്തുകയും മൂലധന വ്യവസ്ഥയിന്മേല്‍ ഈടാക്കപ്പെടുന്ന പലിശയെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കുകയുമാണ് ചെയ്യുന്നത്. ഈ സമ്പ്രദായം ഇസ്‌ലാമിക് ബേങ്കിംഗിന് അനുകൂലമല്ല. ആദായ നികുതി ഈയിടെ 20 ശതമാനത്തില്‍ നിന്നും 30 ശതമാനം ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.
(സി) മുദാരബ സമ്പ്രദായത്തില്‍ വ്യവസായത്തിലെ നഷ്ടം മൂലധന നിക്ഷേപത്തില്‍ നിന്നും കുറക്കുന്നതു മൂലം നിക്ഷേപകന് മുടക്കുമുതല്‍ നഷ്ടം വരുത്തുന്നു. കൂടാതെ ലാഭ വിഹിതം കുറയ്ക്കുന്നതിന് വേണ്ടി സംരംഭകന്‍ തെറ്റായ കണക്കുകള്‍ നല്‍കിയേക്കുമെന്നു കരുതപ്പെടുന്നു. ഇത്തരം കൃത്രിമങ്ങള്‍ തടയാനുള്ള വ്യവസ്ഥാപിത രീതികള്‍ ഇന്ത്യയില്‍ സുലഭമല്ല താനും. ഇസ്‌ലാമിക് ബേങ്കിംഗ് സമ്പ്രദായത്തില്‍ ഇത്തരം കൃത്രിമങ്ങള്‍ കണ്ടുപിടിക്കുന്നതിനും തടയുന്നതിനും ഓരോ ബേങ്കിലും സൂക്ഷ്മ നിരീക്ഷകരുണ്ടായിരിക്കും.

(ഡി) വായ്പാ യോഗ്യത
സമ്പ്രദായിക ബേങ്കുകളില്‍ ഇടപാടുകാരുടെ വായ്പ നല്‍കപ്പെടുവാനുള്ള യോഗ്യത ഉറപ്പു വരുത്തുന്നതിന് വിവിധ സംഘങ്ങളെ നിയോഗിക്കുന്നുണ്ട്. ഇസ്‌ലാമിക സാമ്പത്തിക സംരംഭങ്ങളില്‍ അത്തരം ഏജന്‍സികളെ ഇന്ത്യയില്‍ നിയോഗിച്ചുകാണാറില്ല.

(ഇ) സുതാര്യത
മറ്റേതൊരു സംവിധാനത്തിലുമെന്ന പോലെ ഇസ്‌ലാമിക് ബേങ്കിംഗിലും ബന്ധപ്പെട്ട വാണിജ്യ വ്യവസായ സംരംഭങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതകള്‍ ആധികാരികതയും അനിവാര്യമാണ്. വ്യവസ്ഥാപിത കണക്ക് സൂക്ഷിപ്പ് രീതി, രേഖകളുടെയും പ്രമാണങ്ങളുടെയും സൂക്ഷിച്ച് ബന്ധപ്പെട്ട മേഖലകളില്‍ പരിശീലനം സിദ്ധിച്ച ജോലിക്കാര്‍, സാമ്പത്തിക വൈദഗ്ധ്യം ശാസ്ത്രീയവും അനുക്രമവുമായ വരവ് ചെലവ് കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടുകളും ലാഭവിതരണത്തിലെ സുതാര്യതയും സത്യസന്ധതയും നിലവിലെ നിയമ വാഴ്ചയോടും സമ്പ്രദായങ്ങളോടുമുള്ള വിധേയത്വം ഇസ്‌ലാമിക ശരീഅത്തിനോടുള്ള കൂറും വിധേയത്വവും എല്ലാം നിക്ഷേപകര്‍ക്ക് ഈ സമ്പ്രദായത്തില്‍ വിശ്വാസവും അഭിനിവേശവും ഉണ്ടാക്കാന്‍ അനിവാര്യമാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ പറയപ്പെട്ട കാര്യങ്ങളിലൊന്നും തന്നെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണ സംവിധാനങ്ങളൊന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല.

പരിഹാര മാര്‍ഗങ്ങള്‍
ലോകത്ത് 48ഓളം രാജ്യങ്ങളില്‍ ഏകദേശം പൂര്‍ണമായ രീതിയിലും 30 ഓളം രാജ്യങ്ങളില്‍ ഭാഗികമായും ഇസ്‌ലാമിക് ബേങ്കിംഗ് നടപ്പിലായി കഴിഞ്ഞപ്പോള്‍ ഇതില്‍ ഉള്‍പ്പെടുന്ന ജര്‍മനി, ഇംഗ്ലണ്ട്, ലക്‌സംബര്‍ഗ്, ആസ്ട്രിയ തുടങ്ങിയ 20 ഓളം പ്രദേശങ്ങള്‍ അമുസ്‌ലിം രാജ്യങ്ങളാണെന്ന് മനസ്സിലാക്കാം. ഇവിടെ എല്ലാം മുമ്പ് സൂചിപ്പിച്ചതു പോലെ നിയമ പരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും ഇസ്‌ലാമിക് ബേങ്കിംഗ് നടപ്പിലാക്കാന്‍ ആവശ്യമായ നിയമ നിര്‍മാണങ്ങളും നിയമ മാറ്റങ്ങളും രൂപപ്പെടുത്തി പ്രശ്‌നപരിഹാരം നടത്തുകയാണുണ്ടായത്. ഇതേ മാര്‍ഗം അവംലംബിച്ചാല്‍ ഇന്ത്യയില്‍ ഇസ്‌ലാമിക് ബേങ്കിംഗിനുള്ള മുഖ്യ പ്രതിബന്ധമായ നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ.
ഇസ്‌ലാമിക് ബേങ്കിംഗ് നടപ്പില്‍ വരുത്തുന്ന കാര്യത്തില്‍ മേല്‍ പറഞ്ഞ തടസ്സങ്ങളൊക്കെയും ഇന്ത്യയിലും വിദേശത്തുമുള്ള ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രക്കാരുടെ ഉത്കണ്ഠക്ക് വിഷയമായിരുന്നു. ഇച്ഛാശക്തിയുള്ളിടത്തേ മാര്‍ഗങ്ങള്‍ തുറന്നു കിട്ടുകയുള്ളൂ. എന്നിരുന്നാലും ഇസ്‌ലാമിക് ബേങ്കിംഗ് എന്ന ആശയം അധികാരി വര്‍ഗത്തിന് മുമ്പില്‍ കാര്യക്ഷമമായി എങ്ങനെ അവതരിപ്പിക്കണമെന്നതാണ് നിര്‍ണായകമായ പ്രശ്‌നം. ഒരു ജനാധിപത്യരാജ്യമെന്ന നിലയില്‍ ഇത് ഇവിടെ നടപ്പാക്കുന്നപക്ഷം താമസം വിനാ അതിനു പൊതുവായ സ്വീകാര്യത ലോകം മുഴുവന്‍ ലഭിച്ചേക്കാം, ഇന്ന് അത് മുസ്‌ലിംകള്‍ക്ക് മാത്രം ആവശ്യമുള്ള ഒരു സംഗതി എന്നാണ് കരുതപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ജനസാമാന്യത്തിന് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെ സവിസ്തരം പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. ഏറ്റവും പ്രയോഗക്ഷമവും സുഭദ്രവും സാമൂഹിക നീതിക്ക് ഏറ്റവും ഉതകുന്നതുമായ ഒരു സനാതന വ്യവസ്ഥിതി ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രമാണെന്ന് തെളിയിക്കാന്‍, ഇത് പ്രയോഗവത്കരിച്ച് വിജയിച്ച രാജ്യങ്ങളുടെ ഉദാഹരണങ്ങള്‍ സവിസ്തരം നിരത്തണം. അങ്ങനെ മാത്രമേ ഇസ്‌ലാമിക് ബേങ്കിംഗിന്റെ വിപുലമായ സാധ്യത ഇന്ത്യക്ക് ഉപയുക്തമാക്കാന്‍ കഴിയുകയുള്ളൂ. ഇന്ത്യയുടെ സുദൃഢമായ ജനാധിപത്യഭൂമികയില്‍ നിന്നുകൊണ്ട് ആഗോളവത്കരണത്തിനും ഉദാരവത്കരണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പുതിയ നയപരിപാടികളുടെ തണലില്‍ ഇസ്‌ലാമിക് ബേങ്കിംഗിന് അനുകൂലമായ പരിതസ്ഥിതിയും ജീവനും ഊന്നലും ലഭിക്കുന്നുണ്ട്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക ബേങ്കുകളുടെ സഹകരണത്തോടെയോ അല്ലാതെയോ അത് നിലവില്‍ വരുത്തുവാനുള്ള ശ്രമം ആരംഭിക്കേണ്ടിയിരിക്കുന്നു.
ഈ സംരംഭത്തെ തികച്ചും ഇസ്‌ലാമികമായി വിലയിരുത്തുവാനും പ്രയോഗക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുവാനുമുള്ള ഒരു ഇസ്‌ലാമിക് റേറ്റിംഗ് ഏജന്‍സി രൂപവത്കരിക്കുകയെന്നത് സത്വര ശ്രദ്ധ പതിയേണ്ട മറ്റൊരു സംഗതിയാണ്. ഈ വ്യവസ്ഥിതിക്കെതിരെയുള്ള നിക്ഷിപ്ത താത്പര്യക്കാരെ ഒഴിവാക്കാന്‍ ഇത് മാത്രമാണ് മാര്‍ഗം. അപകീര്‍ത്തിപ്പെടുത്താനും നിലവില്‍ വരുത്താതിരിക്കാനും അനവരതം ശ്രമിച്ച് അതിന്റെ ലക്ഷ്യവും നന്മകളും സമൂഹത്തിനന്യമാക്കി ഇല്ലായ്മ ചെയ്യാന്‍ മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നത്. അതേസമയം തന്നെ ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും പ്രായോഗിക മാതൃകകളെക്കുറിച്ചുമുള്ള ആഴത്തിലുള്ള പഠനവും ഗവേഷണവും ഗവേഷണങ്ങളും അടിയന്തിര പ്രാധാന്യത്തോടെ കൈക്കൊള്ളേണ്ടിയിരിക്കുന്നു. ഈ രംഗത്ത് ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്ന കപടന്മാരേയും കള്ളനാണയങ്ങളേയും തുറന്ന് കാണിക്കാന്‍ സാധിക്കണം. പഠനവും ഗവേഷണവും പ്രയോഗവുമാണതിന്റെ വഴി.

 

LEAVE A REPLY

Please enter your comment!
Please enter your name here