വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കം തുടങ്ങി

Posted on: November 5, 2015 11:44 am | Last updated: November 5, 2015 at 11:44 am
SHARE

കല്‍പ്പറ്റ: ജില്ലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുക്കങ്ങളാവുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരിക്കും. ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. പോസ്റ്റല്‍ ബാലറ്റുകള്‍ റിട്ടേണിങ് ഓഫീസര്‍മാരാണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയാല്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലും എണ്ണല്‍ തുടങ്ങും. എട്ട് പോളിങ് സ്‌റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന വിധത്തിലാവും സജ്ജീകരിക്കുക. വോട്ടെണ്ണലിന്റെ പുരോഗതി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ, ഫലം അറിയുന്നതിനുള്ള വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.വോട്ടെണ്ണലിന് മുന്നോടിയായി റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും അസി. റിട്ടേണിങ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം ഇന്നലെ സിവില്‍ സ്‌റ്റേഷനില്‍ നടന്നു. ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ. ഉണ്ണികൃഷ്ണന്‍, റവന്യു ഇന്‍സ്‌പെക്ടര്‍ എം.കെ. ഹാരിഷ് എന്നിവര്‍ ക്ലാസെടുത്തു. എ.ഡി.എം പി.വി. ഗംഗാധരന്‍ സംബന്ധിച്ചു. ഇന്ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ, പനമരം, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ കേന്ദ്രങ്ങളില്‍ കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടക്കും.
പനമരം ബ്ലോക്ക് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ് ഇന്ന് രാവിലെ 10 മണിക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.