യു പിയില്‍ ബി ജെ പിക്ക് തിരിച്ചടി

Posted on: November 2, 2015 4:03 pm | Last updated: November 3, 2015 at 9:54 am
SHARE

up election

ലക്‌നോ: ഉത്തര്‍പ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ തിരിച്ചടി. സംസ്ഥാനത്തെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിക്ക് കാര്യമായി മുന്നേറാന്‍ സാധിക്കാത്ത തിരഞ്ഞെടുപ്പില്‍ ബി എസ് പി നില മെച്ചപ്പെടുത്തി. കോണ്‍ഗ്രസിനും കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ ഉള്‍പ്പെടെ ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിട്ടു. വരാണസിയില്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആകെയുള്ള 48ല്‍ നാല്‍പ്പത് സീറ്റുകളിലും ബി ജെ പി പരാജയപ്പെട്ടു. ഇവിടെ 25 സീറ്റും ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി നേടി. ആദര്‍ശ് ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മോദി ദത്തെടുത്ത വരാണസിയിലെ ജയപൂര്‍ ഗ്രാമത്തിലും ബി ജെ പി പരാജയപ്പെട്ടു. ഇവിടെ ബി എസ് പി സ്ഥാനാര്‍ഥിക്കാണ് വിജയം.
വരാണസിയില്‍ കോണ്‍ഗ്രസ് രണ്ടും ബി എസ് പി മൂന്നും സീറ്റ് നേടി. ബി ജെ പി സഖ്യകക്ഷിയായ അപ്‌നാദള്‍ നാല് സീറ്റ് നേടിയപ്പോള്‍ ആറ് സീറ്റ് സ്വതന്ത്രര്‍ സ്വന്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി മൂന്ന് സീറ്റാണ് ഇവിടെ നിന്ന് നേടിയത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിജയിച്ച ലക്‌നോ മണ്ഡലത്തിലെ 28 സീറ്റുകളില്‍ നാലെണ്ണം മാത്രം നേടാനേ ബി ജെ പിക്ക് സാധിച്ചുള്ളൂ. കേന്ദ്ര മന്ത്രി കല്‍രാജ് മിശ്രയുടെ മണ്ഡലമായ ദിയോറയിലെ 56 സീറ്റുകളില്‍ 49ഉം ബി ജെ പിക്ക് നഷ്ടമായി. ഉത്തര്‍പ്രദേശില്‍ 2017ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഗ്രാമപ്രദേശങ്ങളില്‍ ശക്തിതെളിയിക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ക്കാണ് തിരിച്ചടിയേറ്റത്.
മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ കാര്യമായി മുന്നേറ്റമുണ്ടാക്കാനായില്ല. എസ് പിയുടെ മുതിര്‍ന്ന നേതാക്കളുടെയും മന്ത്രിമാരുടെയും ബന്ധുക്കള്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങി. മന്ത്രി അവധേഷ് പ്രസാദിന്റെ ഭാര്യയും മകനും ഫൈസാബാദില്‍ തോറ്റു. മന്ത്രി മനോജ് പാണ്ഡെയുടെ സഹോദരന്‍ റായ്ബറേലിയിലും രാംപാല്‍ രാജ്‌വന്‍ഷിയുടെ രണ്ട് മക്കളും മന്ത്രി റിയാസ് അഹ്മദിന്റെ രണ്ട് സഹോദരങ്ങളും പരാജയപ്പെട്ടു. എസ് പി നേതാവ് മുലായം സിംഗ് യാദവിന്റെ മണ്ഡലമായ അസംഗഢില്‍ എസ് പി സ്ഥാനാര്‍ഥി പരാജയപ്പെട്ടു. മുലായം ദത്തെടുത്ത തമൗസി ഗ്രാമത്തിലും എസ് പി തോല്‍വി ഏറ്റുവാങ്ങി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ 34 സീറ്റുകളില്‍ ആറെണ്ണവും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ 36 സീറ്റുകളില്‍ എട്ടും സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായുള്ളൂ. അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമിന്‍ അക്കൗണ്ട് തുറന്നു. അസംഗഢിലെ മക്‌സുദിയ വാര്‍ഡിലാണ് വിജയം കണ്ടത്. ശഹരാന്‍പൂരില്‍ 49 സീറ്റുകളില്‍ 25ഉം ബി എസ് പി നേടി. ഹത്രാസിലെ 25 സീറ്റില്‍ പതിമൂന്നും ഫൈസാബാദിലെ 41 സീറ്റുകളില്‍ പതിനഞ്ചിടത്തും ബി എസ് പി വിജയിച്ചു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ മത്സരമായാണ് രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പിനെ കണ്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഉത്തര്‍പ്രദേശില്‍ ആകെയുള്ള എണ്‍പത് സീറ്റുകളില്‍ 71ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് രണ്ടും എസ് പി അഞ്ചും സീറ്റ് നേടിയപ്പോള്‍ ബി എസ് പിക്ക് ഒരിടത്തും ജയിക്കാനായിരുന്നില്ല. രണ്ടിടത്ത് ബി ജെ പി ഘടകകക്ഷിയായ അപ്‌നാദള്‍ ആണ് വിജയിച്ചത്.
അഴിമതി നിറഞ്ഞ, കാര്യപ്രാപ്തിയില്ലാത്ത എസ് പി സര്‍ക്കാറിനെ ജനങ്ങള്‍ നടത്തിയ വിധിയെഴുത്താണിതെന്ന് ബി ജെ പി വക്താവ് വിജയ് ബഹാദുര്‍ പഥക് പറഞ്ഞു. 25 മുതല്‍ മുപ്പത് വരെ ശതമാനം സീറ്റുകള്‍ ബി ജെ പി നേടിയതായി സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ലക്ഷ്മീകാന്ത് ബാജ്പയി അവകാശപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയെന്നത് എസ് പി വക്താവ് നിഷേധിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കും മൂന്നര വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ജനവിധിയെന്ന് എസ് പി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. ബി ജെ പിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായും ചൗധരി അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്തുകളിലേക്കുള്ള 3,112 സീറ്റുകളിലും 77,576 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. നാല് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടത്തിയത്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒമ്പത് വരെ യു പിയില്‍ ഗ്രാമ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ പന്ത്രണ്ടിനാണ് ഫലം വരിക.

LEAVE A REPLY

Please enter your comment!
Please enter your name here