നക്ഷത്രവും ചുറ്റിക അരിവാള്‍ നക്ഷത്രവും മാറ്റുരക്കുമ്പോള്‍

Posted on: November 2, 2015 9:16 am | Last updated: November 2, 2015 at 9:16 am
SHARE

തിരൂരങ്ങാടി: നക്ഷത്രവും ചുറ്റിക അരിവാള്‍ നക്ഷത്രവും തമ്മില്‍ മാറ്റുരക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം. തിരൂരങ്ങാടി നഗരസഭയിലെ ചെമ്മാട് ടൗണിന്റെ പ്രധാന ഭാഗം ഉള്‍ക്കൊള്ളുന്ന എട്ടാം ഡിവിഷനിലാണ് വിചിത്രമായ ഈ മത്സരം നടക്കുന്നത്. സി എം പിക്ക് യു ഡി എഫ് അനുവദിച്ച ഈ വാര്‍ഡില്‍ യു ഡി എഫ് സ്വതന്ത്രയായ കല്ലുപറമ്പന്‍ സാബിറ നക്ഷത്രം ചിഹ്നത്തിലും എല്‍ ഡി എഫിലെ സി പി എം സ്ഥാനാര്‍ഥി ജൂലി ചുറ്റിക അരിവാള്‍ നക്ഷത്രത്തിലുമാണ് ജനവിധി തേടുന്നത്.
സി എം പിക്ക് അനുവദിച്ച ഈ ഡിവിഷനില്‍ പാര്‍ട്ടിയുടെ യുവജന വിഭാഗമായ കെ എസ്‌വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അശ്‌റഫ് തച്ചറപ്പടിക്കലിന്റെ ഭാര്യയും മാപ്പിളപ്പാട്ടുകാരന്‍ അന്തരിച്ച എ വി മുഹമ്മദിന്റെ മകളുമായ സുബൈദക്കാണ് സീറ്റ് നല്‍കിയിരുന്നത്. ഇവര്‍ നാമ നിര്‍ദേശ പത്രിക നല്‍കുകയും ഫോട്ടോവെച്ച പോസ്റ്റുകള്‍ അച്ചടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് ഇവിടെ ആളെമാറ്റിയത്. കാലങ്ങളായി മുസ്‌ലിംലീഗ് മാത്രം വിജയിച്ചിട്ടുള്ള ഇവിടെ പെടുന്നനെയാണ് ലീഗ് നേതാവും മുന്‍ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പരേതനായ കല്ലുപറമ്പന്‍ റഹീം ഹാജിയുടെ മരുമകളെ സ്ഥാനാര്‍ഥിയാക്കിയത്.
സി എം പിക്ക് അനുവദിച്ച കോട്ടുവാലക്കാട് 37-ാം ഡിവിഷനിലും ഇതു തന്നെയാണ് അവസ്ഥ. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റുമായ പി കെ അബ്ദുല്‍ അസീസിന്റെ ഭാര്യ ബുശ്‌റയാണ് ഇവിടെ സി എം പി സ്ഥാനാര്‍ഥി. 20 വര്‍ഷമായി എല്‍ ഡി എഫ് വിജയിച്ചിട്ടുള്ള ഈ വാര്‍ഡില്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥിയായി കപ്പും സോസറും ചിഹ്നത്തില്‍ ഗീതാബാബുരാജാണ് ഇവരെ എതിരുടുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി റംല ഗ്യാസ് സിലിന്‍ഡര്‍ ചിഹ്നത്തിലും സ്വതന്ത്രയായ ബിന്ദു ഫുട്‌ബോള്‍ ചിഹ്നത്തിലും ഇവിടെ മത്സരിക്കുന്നുണ്ട്. ഇത് വരേയും പഞ്ചായത്തില്‍ പ്രാതിനിധ്യം ഇല്ലാത്ത സി എം പി ഈ തവണ കന്നി നഗരസഭയില്‍ ഇടം തേടാന്‍ പാടുപെടുകയാണ്. പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണന്‍ കോട്ടുമലയുടെ നഗരസഭയായ ഇവിടെ ഇത് പാര്‍ട്ടിക്ക് അഭിമാന പ്രശ്‌നമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here