Connect with us

Ongoing News

രഞ്ജി മല്‍സരത്തിനിടെ ഗംഭീറും തിവാരിയും തമ്മിലടിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി-ബംഗാള്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ സിനിമാ സ്റ്റൈല്‍ അടി. ഡല്‍ഹി നായകന്‍ ഗൗതം ഗംഭീറും ബംഗാള്‍ നായകന്‍ മനോജ് തീവാരിയും തമ്മിലാണ് വാക്കേറ്റവും കൈയ്യേറ്റവും നടന്നത്. ഇതിനിടെ അമ്പയറെ പിടിച്ച് തള്ളിയ ഗംഭീര്‍ വെട്ടിലാവുകയും ചെയ്തു. ഐ സി സി നിയമപ്രകാരം ആജീവനാന്ത വിലക്ക് ലഭിച്ചേക്കാവുന്ന വീഴ്ചയാണ് ഗംഭീറിന്റെ ഭാഗത്ത് നിന്നുണ്ടായത്.
അമ്പയര്‍ കെ ശ്രീനാഥിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ മാച്ച് റഫറി വാല്‍മിക് ബുച് കടുത്ത നടപടി സ്വീകരിച്ചേക്കും.
ബംഗാള്‍ മാനേജര്‍ സമീര്‍ ദാസ് ഗുപ്തയും ഡല്‍ഹി മാനേജര്‍ മനോജ് കപൂറും മാച്ച് റഫറിക്ക് മുമ്പാകെ തെളിവെടുപ്പിന് ഹാജരായി. ഇരുതാരങ്ങളെയും മാച്ച് റഫറി ചോദ്യം ചെയ്യും. ഡല്‍ഹി കോച്ച് വിജയ് ദാഹിയ സംഭവത്തെ നിസാരവത്കരിച്ചു. ക്രിക്കറ്റിനോട് ആവേശമുള്ള രണ്ട് ക്യാപ്റ്റന്‍മാര്‍ തമ്മിലുള്ള വഴക്കായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് ദാഹിയ പ്രതികരിച്ചത്.
തന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ യാതൊന്നും ഉണ്ടായിട്ടില്ലെന്നും വീഡിയോ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം, മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറിയ ഗംഭീര്‍ “ഒന്നും സംഭവിച്ചിട്ടില്ല ബോസ്” എന്ന് മാത്രം പറഞ്ഞ് സ്ഥലം കാലിയാക്കി.
ഗ്രൂപ്പ് എ മത്സരത്തിന്റെ മൂന്നാം ദിനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടായി മാറിയ സംഭവം അരങ്ങേറിയത്. ബംഗാളിന്റെ രണ്ടാമിന്നിംഗ്‌സ് 6.1 ഓവറില്‍ എത്തിയപ്പോഴാണ് വിവാദസംഭവത്തിന് തുടക്കം. മനന്‍ ശര്‍മയുടെ പന്തില്‍ ബംഗാള്‍ ഓപണര്‍ പാര്‍ഥസാരഥി ഭട്ടാചാരി ഔട്ടാവുകയും പകരം ക്യാപ്റ്റന്‍ മനോജ് തിവാരി ക്രീസിലെത്തുകയും ചെയ്തു. തൊപ്പിയണിഞ്ഞ് ക്രീസിലെത്തിയ തിവാരി ഗാര്‍ഡ് എടുത്ത ശേഷം സ്‌ട്രൈക്ക് ചെയ്യാനൊരുങ്ങി. എന്നാല്‍, മനന്‍ ശര്‍മ പന്തെറിയാനോടിയെത്തവെ തിവാരി സ്‌ട്രൈക്ക് ചെയ്യുന്നതില്‍ നിന്ന് പെട്ടെന്ന് പിന്‍മാറി. ഡ്രസിംഗ് റൂമിലേക്ക് ആംഗ്യം കാണിച്ച് ഹെല്‍മറ്റ് കൊണ്ടുവരാന്‍ തിവാരി ആവശ്യപ്പെട്ടു.
ആദ്യം തൊപ്പിയണിഞ്ഞെത്തുകയും പിന്നീട് ഹെല്‍മറ്റണിയാന്‍ തീരുമാനിക്കുകയും ചെയ്ത ബംഗാള്‍ ക്യാപ്റ്റന്‍ മന:പൂര്‍വം മത്സരം വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ബൗളര്‍ ആക്രോശിച്ചു.
ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഡല്‍ഹി ക്യാപ്റ്റന്‍ ഗംഭീര്‍ ബംഗാള്‍ താരത്തിന്റെ അടുത്തേക്ക് അസഭ്യം പറഞ്ഞുകൊണ്ട് ഓടിയടുത്തു. “നിന്നെ വൈകീട്ട് ഞാന്‍ ഇടിച്ചു ശരിയാക്കും” എന്ന് ഗംഭീര്‍ ഭീഷണിപ്പെടുത്തി. “എന്തിന് വൈകീട്ടാക്കണം, ഇപ്പോള്‍ തന്നെ നോക്കിക്കോ” എന്ന് തിവാരി വെല്ലുവിളിച്ചു. ഇതോടെ, തിവാരിയെ മുഷ്ടി ചുരുട്ടി അടിക്കാന്‍ ഗംഭീറൊരുങ്ങി.
ബൗളിംഗ് എന്‍ഡിലുണ്ടായിരുന്ന അമ്പയര്‍ കെ ശ്രീനാഥ് ഓടിയെത്തി ഇരുവരേയും പിടിച്ച് മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍, നിലവിട്ട ഗംഭീര്‍ അമ്പയറെ പിടിച്ച് തള്ളിയത് ഡല്‍ഹി ടീമിന് തന്നെ നാണക്കേടായി.
മത്സരത്തില്‍ ബംഗാള്‍ 155 റണ്‍സ് മുന്നിലാണ്. ഒന്നാമിന്നിംഗ്‌സില്‍ 357 റണ്‍സെടുത്ത ബംഗാള്‍ ഡല്‍ഹിയെ 249ന് ആള്‍ ഔട്ടാക്കി ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിയിരുന്നു.
രണ്ടാമിന്നിംഗ്‌സില്‍ 47/3 എന്ന നിലയിലാണ്. മത്സരം ഇന്ന് അവസാനിക്കാനിരിക്കെ ലീഡ് നിലനിര്‍ത്തുന്നത് ബംഗാളിന് ഗുണം ചെയ്യും.
ഇതുകൊണ്ടാണ് ബംഗാള്‍ സമയം കളയുന്നുവെന്ന ആരോപണവുമായി ഡല്‍ഹി ക്യാപ്റ്റന്‍ “അടിച്ചുപൊളിച്ച്” രംഗത്തെത്തിയത്.

Latest